പൊട്ടിയ ആമത്തോട് സൂപ്പർ ഗ്ലൂ വെച്ച് ഒട്ടിച്ചു; ഡോക്ടർമാരുടെ അറ്റകൈ പ്രയോഗത്തിൽ ജീവൻ വീണ്ടെടുത്ത് ആമ

ആമയുടെ പൊട്ടിത്തകര്‍ന്ന തോട് ശസ്ത്രക്രിയയ്ക്കു ശേഷം സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ച് ഡോക്ടര്‍മാര്‍. ഉത്തര്‍പ്രദേശില ബറേലിയിലുള്ള ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഐ.വി.ആര്‍.ഐ.) ഡോക്ടര്‍മാരാണ് ആമയുടെ തോട് കൂട്ടിയോജിപ്പിക്കാന്‍ 'വെറൈറ്റി' മാര്‍ഗം സ്വീകരിച്ചത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍.) റെഡ് ലിസ്റ്റില്‍ പെടുന്ന ഇന്ത്യന്‍ ഫ്‌ലാപ്‌ഷെല്‍ ആമയാണ് അപകടത്തില്‍ പെട്ടത്. സംരക്ഷിതജീവി ആയതിനാല്‍ ജീവന്‍ രക്ഷിക്കുക പ്രധാനമാണ്. അതുകൊണ്ടാണ് ഇത്തരം ഒരു മാര്‍ഗം സ്വീകരിച്ചതെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഡോ. അഭിജീത് പാവ്‌ഡെ, ഡോ. കമലേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐ.വി.ആര്‍.ഐയിലെ പ്രഗല്‍ഭരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കാര്‍ കയറിയിറങ്ങി തോട് തകര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു ആമ. രക്തം വാര്‍ന്നുപൊയ്‌ക്കൊണ്ടിരുന്നതിനാല്‍ സമയം കളയാനും ആകുമായിരുന്നില്ല. എത്രയും പെട്ടെന്ന് തോട് കൂട്ടിച്ചേര്‍ക്കുക എന്നതായിരുന്നു രക്തസ്രാവം തടഞ്ഞ് ആമയുടെ ജീവന്‍ രക്ഷിക്കാനുള്ള ഒരേ ഒരു മാര്‍ഗം.
ഇതോടെയാണ് പൊട്ടിയ തോട് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ച് ക്ലിപ്പുകള്‍ ഉപയോഗിച്ച് ചേര്‍ത്തുവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓര്‍ത്തോപീഡിക് സര്‍ജന്മാര്‍ ഉപയോഗിക്കുന്ന അതീവ ഒട്ടല്‍ ശേഷിയുള്ള ബാന്‍ഡേജാണ് ഉപയോഗിക്കാറ്. ആശുപത്രിയില്‍ ഇതില്ലാതെ വന്നതോടെയാണ് ഡോക്ടര്‍മാര്‍ ആമയുടെ ജീവന്‍ രക്ഷിക്കാനായി അറ്റകൈപ്രയോഗം നടത്തിയത്.
'തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് ഗുരുതരമായി പരിക്കേറ്റ ആമയെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ ഏഴ് മുട്ടകള്‍ ഉള്ളിലുണ്ടെന്നും മനസിലായി. എത്രയും വേഗം ശസ്ത്രക്രിയ നടത്തുക എന്നതായിരുന്നു ജീവന്‍ രക്ഷിക്കാനുള്ള ഒരേ ഒരു മാര്‍ഗം. ആമയ്ക്ക് കൃത്യമായ അളവില്‍ അനസ്‌തേഷ്യ നല്‍കിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്,' - ശസ്ത്രക്രിയാ സംഘത്തില്‍ ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം ആമയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇപ്പോള്‍ ആമ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ മൃഗസംരക്ഷണ പ്രവര്‍ത്തകനായ വോകേന്ദ്ര ശര്‍മയാണ് ആമയെ ആശുപത്രിയില്‍ എത്തിച്ചത്. ആമയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ ആമ പൂര്‍ണ ആരോഗ്യം തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: doctors used superglue surgery for saving injured turtles life in up indian flapshell turtle