ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ഓഫീസുകളിൽ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, നിർമാണത്തൊഴിലാളികൾക്ക് ധനസഹായം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായതിനെത്തുടർന്ന് തലസ്ഥാന നഗരിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് സർക്കാരിന്റെ നടപടി. ഇതിന്റെ ഭാഗമായി, ഡൽഹിയിലെ ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാർക്ക് മാത്രമാണ് ഹാജരാകാൻ അനുമതി നൽകിയിരിക്കുന്നത്. ബാക്കിയുള്ള ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (വർക്ക് ഫ്രം ഹോം) മാനദണ്ഡങ്ങൾ തൊഴിൽ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കി.

ഡിസംബർ 18 മുതൽ ഈ ഹാജർ നിയന്ത്രണം പ്രാബല്യത്തിൽ വരും. ജയിലുകൾ, ആരോഗ്യ സേവനങ്ങൾ, പൊതുഗതാഗതം, വൈദ്യുതി തുടങ്ങിയ അവശ്യ സർവീസുകൾക്ക് ഈ നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് ലഭിക്കും.

ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ജോലി നഷ്ടപ്പെട്ട നിർമ്മാണ തൊഴിലാളികൾക്ക് 10,000 രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. ഗ്രാപ് സ്റ്റേജ് 3 പ്രകാരം 16 ദിവസമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചത്. ഈ കാലയളവിലെ നഷ്ടപരിഹാരമാണ് രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ലഭിക്കുക. ഗ്രാപ് സ്റ്റേജ് 4 മായി ബന്ധപ്പെട്ട നഷ്ടപരിഹാരം നിയന്ത്രണങ്ങൾ നീക്കിയ ശേഷം കണക്കാക്കും. കൂടുതൽ തൊഴിലാളികൾക്ക് ആശ്വാസം ലഭിക്കുന്നതിനായി രജിസ്ട്രേഷൻ പോർട്ടൽ തുറന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

അതിനിടെ ബുധനാഴ്ച രാവിലെ ഡൽഹിയിലെ വായു ഗുണനിലവാര സൂചികയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും, 328 എന്ന നിലയിൽ സൂചികയുടെ 'അതിരൂക്ഷം' വിഭാഗത്തിലാണ് ഇപ്പോഴുമുള്ളത്. നഗരത്തിന്റെ പല ഭാഗങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടിട്ടുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞിട്ടുണ്ട്.

Content Highlights: Delhi imposes strict COVID-like measures due to severe air pollution. 50% office attendance, work from home mandated. Construction worker compensation announced.