ആഴക്കടൽ ഖനനം സമുദ്രസമ്പത്തിന് ഭീഷണി; കടൽജീവികളുടെ എണ്ണത്തിലും വൈവിധ്യത്തിലും വൻ നഷ്ടമുണ്ടാക്കുമെന്ന് പഠനം

ലണ്ടൻ: ആഴക്കടൽ ധാതുഖനനം അടിത്തട്ടിലുള്ള ജീവജാലങ്ങൾക്ക് കാര്യമായ ആഘാതമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ആഴക്കടൽ ഖനനം നടത്തുന്ന വാഹനത്തിന്റെ സഞ്ചാരപാതയിലെ ജീവികളുടെ എണ്ണം വാഹനസ്പർശമേൽക്കാത്ത പ്രദേശങ്ങളിലേതിനെക്കാൾ 37 ശതമാനം കുറഞ്ഞെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, യുകെ നാഷണൽ ഓഷനാഗ്രഫി സെന്റർ, ഗോഥൻബർഗ് സർവകലാശാല എന്നിവചേർന്ന് പസഫിക് സമുദ്രത്തിലാണ് പഠനം നടത്തിയത്. ആഴക്കടൽ ഖനനത്തിന്റെ ആഘാതംസംബന്ധിച്ച് ഇത്രവലിയ പഠനം നടക്കുന്നത് ആദ്യമാണ്.
പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ വിദൂരപ്രദേശത്ത് നാലായിരത്തിലേറെ ജീവികളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 90 ശതമാനം പുതിയ ജീവിവർഗങ്ങളാണ്.
കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനുള്ള കാർബൺരഹിത സാങ്കേതികവിദ്യകൾക്ക് അവശ്യംവേണ്ട നിർണായക ധാതുക്കളുടെ വൻശേഖരം പലസമുദ്രങ്ങളുടെയും അടിത്തട്ടിലുണ്ട്. എന്നാൽ, ഒരു രാജ്യത്തിന്റെയുമല്ലാത്ത സമുദ്രത്തിലെ (അന്താരാഷ്ട്ര സമുദ്രം) ഖനനത്തിന് നിലവിൽ അനുമതിയില്ല. പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയശേഷമേ ഇവിടെ ഖനനമുണ്ടാകൂ. ഈ പശ്ചാത്തലത്തിൽ, കാനഡയിലെ ആഴക്കടൽ ഖനന കമ്പനിയായ ‘ദ് മെറ്റൽസ് കമ്പനി’യുടെ ആവശ്യപ്രകാരമാണ് ശാസ്ത്രജ്ഞർ പാരിസ്ഥിതികാഘാതത്തെക്കുറിച്ചു പഠിച്ചത്.
ഇതിനായി പസഫിക് സമുദ്രത്തിലെ ക്ലാരിയൻ-ക്ലിപ്പർടൺ മേഖലയിൽ സമുദ്രാടിത്തട്ടിൽ 80 കിലോമീറ്റർഭാഗത്ത് പരീക്ഷണഖനനം നടത്തി. ഖനനം നടന്ന് രണ്ടുമാസത്തിനുശേഷം ശാസ്ത്രജ്ഞർ ഇവിടത്തെ ജീവസാന്നിധ്യം പരിശോധിച്ചു. രണ്ടുവർഷംമുൻപ് ഇവിടെയുണ്ടായിരുന്ന ജൈവവൈവിധ്യവുമായി അതിനെ താരതമ്യംചെയ്തു. അപ്പോഴാണ് ഖനനയന്ത്രം കടന്നുപോയ പാതയിലെ ജീവികളുടെ എണ്ണത്തിൽ 37 ശതമാനം കുറവുണ്ടായെന്നു കണ്ടെത്തിയത്. ജീവികളുടെ വൈവിധ്യത്തിൽ 32 ശതമാനം കുറവും സംഭവിച്ചു. 0.33 മില്ലിമീറ്ററിനും രണ്ടു സെന്റീമീറ്ററിനും ഇടയിൽ വലുപ്പമുള്ള ജീവികളായ വിരകൾ, കടൽച്ചിലന്തികൾ, ഒച്ചുകൾ, കക്കകൾ എന്നിവയുടെ സാന്നിധ്യത്തിലെ വ്യത്യാസമാണ് പ്രത്യേകമായി ശ്രദ്ധിച്ചത്.
ഖനനത്തിന്റെ ഭാഗമായി സമുദ്രാടിത്തട്ടിലെ എക്കൽപ്പാളി അഞ്ചുസെന്റീമീറ്റർ കനത്തിൽ യന്ത്രമുപയോഗിച്ചു നീക്കി. ഈ എക്കൽപ്പാളിയിലാണ് ഭൂരിഭാഗം ചെറുജീവികളും വസിക്കുന്നത്. ഇതു മാറ്റുന്നതോടെ ആ ജീവികളെക്കൂടിയാണ് മാറ്റുന്നതെന്ന് ഗവേഷണത്തിന്റെ ഭാഗമായിരുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഈവ സ്റ്റ്യുവർട്ട് പറഞ്ഞു. യന്ത്രം ഇവയെ കൊന്നില്ലെങ്കിലും ഖനനത്തിന്റെ ഫലമായുണ്ടാകുന്ന മലിനീകരണം സാവധാനം ഇവയെ ഇല്ലാതാക്കുമെന്ന് നാഷണൽ ഓഷനാഗ്രഫി സെന്ററിലെ ഡോ. ഗ്വാഡലൂപ് ബ്രിബിയേസ്ക പറഞ്ഞു.
വലിയ പ്രദേശത്ത് ഖനനം നടക്കുമ്പോൾ ആഘാതവും വലുതായിരിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. നിക്കൽ, കൊബാൾട്ട്, ചെമ്പിനാൽ സമൃദ്ധമായ പോളിമെറ്റാലിക് നോഡ്യൂൾസ് എന്നിവയുടെ 2100 കോടി ടണ്ണിലേറെ നിക്ഷേപമുള്ളയിടമാണ് ക്ലാരിയൻ-ക്ലിപ്പർടൺ മേഖല.
ആഴക്കടൽ ഖനനം എന്തിന്?
കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനുള്ള മാർഗങ്ങളായ സോളാർ പാനലുകൾ കാറ്റാടിയന്ത്രങ്ങൾ, വൈദ്യുതവാഹനങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിന് ലിഥിയം, നിക്കൽ, കൊബാൾട്ട് തുടങ്ങിയ നിർണായക ധാതുക്കൾ വേണം. ഇവയുടെ ആവശ്യം 2040-ഓടെ ഇരട്ടിയെങ്കിലുമാകും എന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ (ഐഎസ്എ) പ്രവചനം
സമുദ്രാന്തർഭാഗത്തെ ധാതുസാന്നിധ്യം കണ്ടെത്താൻ 31 ലൈസൻസുകൾ നൽകിയിട്ടുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനത്തിന് ഐഎസ്എ അനുമതി നൽകിയിട്ടില്ല.
സമുദ്രാന്തർഖനനത്തിൻ്റെ പാരിസ്ഥിതികാഘാതമെന്തെന്ന് പൂർണമായി മനസ്സിലാക്കുംവരെ അതു നിരോധിക്കണമെന്ന് ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെ 37 രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പടക്കോപ്പുകളുടെ നിർമാണത്തിനാവശ്യമായ അപൂർവമുലകങ്ങളുടെയും നിർണായകധാതുക്കളുടെയും ഖനനം വേഗത്തിലാക്കാനുള്ള നടപടികളിയാണ് യുഎസ്. ചൈനയും ഇതേ വഴിയിലാണ്.
Content Highlights: New research reveals deep sea mining significantly impacts benthic organisms. A 37% drop in species count observed along mining vehicle paths in the Pacific.