ഇന്ത്യന്‍ ഉഭയജീവികളില്‍ 139 ഇനങ്ങള്‍ ഉന്‍മൂലന ഭീഷണിയിലെന്ന് പഠനം

ബിജൂസ് മരത്തവള (Beddomixalus bijui): കടുത്ത വംശനാശ ഭീഷണി നേരിടുന്ന തവളയിനങ്ങളിലൊന്ന്. പശ്ചിമഘട്ടത്തിലെ ചുരുക്കം ചില കേന്ദ്രങ്ങളില്‍ മാത്രമാണിതുള്ളത്. ചിത്രം കടപ്പാട്: എസ് ഡി ബിജു.
ബിജൂസ് മരത്തവള (Beddomixalus bijui): കടുത്ത വംശനാശ ഭീഷണി നേരിടുന്ന തവളയിനങ്ങളിലൊന്ന്. പശ്ചിമഘട്ടത്തിലെ ചുരുക്കം ചില കേന്ദ്രങ്ങളില്‍ മാത്രമാണിതുള്ളത്. ചിത്രം കടപ്പാട്: എസ് ഡി ബിജു.

ഭൂമുഖത്തെ ഉഭയജീവികളില്‍ 41 ശതമാനവും കടുത്ത വംശനാശനഭീഷണിയില്‍ ആണെന്നും, അതിന് മുഖ്യകാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും 'നേച്ചറി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു

 കോഴിക്കോട്: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇതുവരെ തിരിച്ചറിഞ്ഞ 453 ഉഭയജീവിയിനങ്ങളില്‍ 139 എണ്ണം ഉന്‍മൂലന ഭീഷണിയിലെന്ന് പുതിയ പഠനം. ലോകത്താകെയുള്ള ഉഭയജീവികളുടെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലെ അവസ്ഥ വിലയിരുത്തി ഐ.യു.സി.എന്‍. തയ്യാറാക്കിയ വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോര്‍ട്ട് ബുധനാഴ്ചയിറിങ്ങിയ 'നേച്ചര്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.

ഭൂമുഖത്തെ ഉഭയജീവികളില്‍ 41 ശതമാനവും വംശനാശനഭീഷണി നേരിടുകയാണെന്നും, അതിന് മുഖ്യകാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ആയിരത്തിലേറെ വിദഗ്ധര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോര്‍ട്ട്. 

റിപ്പോര്‍ട്ടിന്റെ നൂറിലേറെ രചയിതാക്കളില്‍ മലയാളികളായ ഉഭയജീവി ഗവേഷകര്‍ സത്യഭാമ ദാസ് ബിജു (എസ് ഡി ബിജു), സന്ദീപ് ദാസ് എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ, സൊണാലി ഗാര്‍ഗ്, എസ്.ആര്‍. ഗണേഷ് ഉള്‍പ്പടെ വേറെയും ഇന്ത്യന്‍ഗവേഷകര്‍ റിപ്പോര്‍ട്ടിന്റെ രചയിതാക്കളിലുണ്ട്. 

തവളകള്‍, സാലമാന്‍ഡറുകള്‍, സീസിലിയനുകള്‍ എന്നിവയാണ് ഉഭയജീവികളില്‍ ഉള്‍പ്പെടുന്നത്. ലോകത്താകെ 8000 ലേറെ ഉഭയജീവി സ്പീഷീസുകളുടെ 2004-2022 കാലയളവിലെ സ്ഥിതിയാണ് പരിഗണിച്ചത്. അഞ്ചില്‍ രണ്ട് ഉഭയജീവികള്‍ കടുത്ത ഭീഷണിയിലാണെന്ന് വിശകലനത്തില്‍ വ്യക്തമായി. ഉഭയജീവികള്‍ നേരിടുന്ന ഉന്‍മൂലന ഭീഷണിക്ക് കാലാവസ്ഥാ വ്യതിയാനം പോലെ ആവാസവ്യവസ്ഥകളുടെ നാശവും മുഖ്യകാരണമാണ്. 

ജീവിവര്‍ഗങ്ങളില്‍ നിലനില്‍പ്പിന് ഏറ്റവുമധികം ഭീഷണി നേരിടുന്നവ ഉഭയജീവികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭീഷണി നേരിടുന്ന ഉഭയജീവിയിനങ്ങള്‍ 41 ശതമാനമാണെങ്കില്‍, സസ്തനികളില്‍ ഇത് 26.5 ശതമാനവും, ഉരഗജീവികളില്‍ ഇത് 21.4 ശതമാനവും, പക്ഷികളില്‍ 12.9 ശതമാനവുമാണ്. 

ഇന്ത്യയില്‍ 139 ഇനം ഉഭയജീവികള്‍ നാശത്തിന്റെ വക്കലാണെന്ന് പറയുമ്പോള്‍ തന്നെ, 87 സ്പീഷീസുകളെ സംബന്ധിച്ച വിവരങ്ങള്‍ അപൂര്‍ണമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇന്ത്യന്‍ ഉഭയജീവികളെ കുറിച്ച് ഇനിയും പഠിക്കേണ്ടതുണ്ടൈന്നാണ് ഇത് വ്യക്തമാക്കുന്നത്. 

'ഒരു ആഗോള ജൈവവൈവിധ്യ ഹോട്ട്സ്പോട്ടാണ് ഇന്ത്യ. ഉഭയജീവികളുടെ വൈവിധ്യം കൂടുതലാണ്. മാത്രമല്ല, ഇവിടുത്തെ ഉഭയജീവികളില്‍ 70 ശതമാനവും ഇവിടെ മാത്രം ഉള്ളവയാണ്, ലോകത്ത് മറ്റൊരിടത്തും കാണാനാവില്ല. ഇതില്‍ ഒരിനം അന്യംനിന്നാല്‍, അത് ഇന്ത്യയില്‍ നിന്ന് മാത്രമല്ല, ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാകും'-റിപ്പോര്‍ട്ടിന്റെ രചയിതാക്കളില്‍ പെട്ട ഡോ. ബിജു പറയുന്നു. 

ഉഭയജീവി പഠനവും, സംരക്ഷണവും ശക്തിപ്പെടുത്തേണ്ടതിന്റെ അടിയന്തരപ്രാധാന്യമാണിത് വ്യക്തമാക്കുന്നത്, ഡോ. ബിജു പറഞ്ഞു. 

'ഈ പഠനമൊരു മുന്നറിയിപ്പാണ്. ഇന്ത്യയില്‍ ഉഭയജീവികള്‍ വേണ്ടവിധം സംരക്ഷിക്കപ്പെടുന്നില്ല എന്ന മുന്നറിയിപ്പ്'-ഡോ.സൊണാലി ഗാര്‍ഗ് പറഞ്ഞു. 'ഇന്ത്യയില്‍ മാത്രമല്ല  ലോകത്തെവിടെയും, ഉഭയജീവികള്‍ക്ക് ഭീഷണിയാകുന്നത് ആവാസവ്യവസ്ഥകളുടെ നാശമാണ്. ഉഭയജീവികളെ ഉന്‍മൂലനത്തിലേക്ക് തള്ളിവിടുന്നതില്‍ കാലാവസ്ഥാ വ്യതിയാനത്തിനുള്ള പങ്ക് അടുത്തകാലം വരെ വേണ്ടത്ര പ്രാധാന്യം നേടിയിരുന്നില്ല. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വ്യത്യസ്ത ഘടകങ്ങള്‍, ഉഭയജീവികളെ എങ്ങനെയൊക്കെ ബാധിക്കുന്ന എന്നകാര്യം കൂടുതല്‍ പഠിക്കേണ്ടതുണ്ട്'. 

'ഇന്ത്യയില്‍ കടുവകളെയും ആനകളെയും സംരക്ഷിക്കാന്‍ ദേശീയതലത്തില്‍ പദ്ധതിയുണ്ട്. എന്നാല്‍, ഏറ്റവുമധികം ഉന്‍മൂലന ഭീഷണി നേരിടുന്ന ഉഭയജീവികളുടെ സംരക്ഷണത്തിന് ഒരു പ്ലാനുമില്ല. ചെറുതോ വലുതോ ആകട്ടെ, ഓരോ ജീവിവര്‍ഗ്ഗത്തിനും നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നതില്‍ അവയുടേതായ റോളുണ്ട്. ഭൂമിയുടെ നിലനില്‍പ്പിനും, അതുവഴി മനുഷ്യവര്‍ഗത്തിന്റെ അതിജീവനത്തിനും എല്ലാ ജീവിവര്‍ഗത്തെയും സംരക്ഷിക്കേണ്ടതുണ്ട്' -ഡോ.ബിജു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Content Highlights: Amphibians, Habitat Loss