രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ച കഴുകൻമാരെ തുറന്നുവിട്ട് ദക്ഷിണാഫ്രിക്ക

മാഗലീസ്ബര്‍ഗ് (ദക്ഷിണാഫ്രിക്ക): വിവിധ പ്രതികൂല സാഹചര്യങ്ങളില്‍നിന്ന് രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ച അഞ്ച് കഴുകന്മാരെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ തുറന്നുവിട്ടു. വടക്കന്‍ ദക്ഷിണാഫ്രിക്കയിലെ മാഗലീസ്ബര്‍ഗ് പര്‍വതനിരകളിലാണ് കഴുകന്മാരെ തുറന്നുവിട്ടത്.
വന്യജീവി കടത്തിനിടെ പിടികൂടിയതും സ്വാഭാവിക ആവാസവ്യവസ്ഥയില്‍ പരിക്കേറ്റ നിലയിൽ കണ്ടെത്തിയതുമായ കഴുകന്മാര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കേപ് വള്‍ച്ചറുകളെന്നറിയപ്പെടുന്ന രണ്ട് കഴുകന്മാരെ വന്യജീവി കടത്തിനിടെയാണ് രക്ഷപ്പെടുത്തിയത്.
മറ്റ് രണ്ട് കഴുകന്മാരെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിലൊന്ന് വെള്ളത്തില്‍ വീണ് തൂവലുകള്‍ നനഞ്ഞ് പറക്കാന്‍ പറ്റാത്ത നിലയിലായിരുന്നു. കഴുകന്മാരുടെ വലിയൊരു ആവാസവ്യവസ്ഥ നിലനില്‍ക്കുന്നതിനാലാണ് മാഗലീസ്ബര്‍ഗ് പര്‍വതനിരകളെ കഴുകന്മാരെ സ്വതന്ത്ര്യരാക്കുന്നതിനായി തിരഞ്ഞെടുത്തത്.
വന്യജീവി സംരക്ഷണ സംഘടനയായ വള്‍പ്രോയും ഹ്യൂമെയ്ന്‍ വേള്‍ഡ് ഫോര്‍ ആനിമല്‍സ് ഓര്‍ഗനൈസേഷനും നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് കഴുകന്മാരെ തുറന്നുവിട്ടത്.
ചത്തുപോയ വന്യജീവികളുടെ ജഡമാണ് വനപ്രദേശങ്ങളില്‍ കഴുകന്മാരുടെ പ്രധാന ആഹാരം. ബാക്കിയാവുന്ന മാംസം ഭക്ഷിക്കുന്നതിലൂടെ പരിസരം ശുചീകരിക്കപ്പെടുന്നു. മറ്റ് വന്യജീവികള്‍ക്കായി വേട്ടക്കാര്‍ കാട്ടിൽ വെക്കുന്ന വിഷാംശമുള്ള ജഡങ്ങള്‍ ഭക്ഷിക്കുന്നത് കഴുകന്മാര്‍ നേരിടുന്ന വെല്ലുവിളികളിലൊന്നാണ്.
ആഫ്രിക്കയില്‍ കാണപ്പെടുന്ന മറ്റ് ആറ് കഴുകന്മാരുടെ ഇനങ്ങളെ വംശനാശഭീഷണി നേരിടുന്നതോ ഗുരുതരവംശനാശഭീഷണി നേരിടുന്നതോ ആയ ജീവജാലങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേപ് വള്‍ച്ചറുകളെ 2021-ല്‍ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയില്‍നിന്ന് നീക്കിയെങ്കിലും വംശനാശത്തിന് വിധേയമാകാന്‍ സാധ്യതയുള്ള ജീവിവർഗമാണിവ.
Content Highlights: conservationists release rehabilitated vultures back into the wild in south africa