12 നാൾ പിന്നിട്ട് യുപിയിലെ ‘ചിതാ പ്രക്ഷോഭം’; ആത്മഹത്യാ മുനമ്പിൽ ആദിവാസികൾ

ഛത്തർപുർ: മധ്യപ്രദേശിലെ ക്വെൻ നദിയെ ഉത്തർപ്രദേശിലെ ബെത്വാ തടവുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്കെതിരേ ഗോണ്ട്, കോൾ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ നടത്തുന്ന ‘ചിതാ പ്രക്ഷോഭം’ 12 ദിവസം പിന്നിട്ടു. ‘ജയ് കിസാൻ സംഘടനയുടെ നേതൃത്വത്തിൽ മധ്യപ്രദേശിലെ ഛത്തർപുരിലാണ് സമരം. നഷ്ടപരിഹാരം നൽകാതെ കുടിയൊഴിപ്പിച്ചെന്ന് ആരോപിച്ചാണ് ബരാണ നദിയിലെ പാലത്തിനുകീഴിൽ ഇവർ പ്രതിഷേധിക്കുന്നത്.
പദ്ധതി 22 ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കുമെന്നും ഇത് ആയിരക്കണക്കിന് ആളുകളെ ബാധിക്കുമെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. പുനരധിവാസ ഗ്രാൻ്റ് 12.5 ലക്ഷം രൂപയിൽനിന്ന് 25 ലക്ഷം രൂപയായി വർധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, സാമ്പത്തിക നഷ്ടപരിഹാരത്തിന് മാത്രമുള്ള പോരാട്ടമല്ലെന്നും തങ്ങളുടെ ഭൂമി സംരക്ഷിക്കാനുള്ളതാണെന്നും സമരക്കാർ പറയുന്നു.
2023-മുതൽ പദ്ധതിക്കെതിരേ ആദിവാസികളുടെ പ്രതിഷേധം ഉണ്ടായിരുന്നു. എന്നാൽ, 2026-ഏപ്രിലിൽ ഗോത്രവർഗ സ്ത്രീകൾ പ്രതീകാത്മക ചിതകളിൽ കിടന്ന് നടത്തിയ 'ചിതാ ആന്തോളൻ' ആണ് സമരത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തത്. ജൽ സത്യഗ്രഹം, ചിതാ ആന്തോളൻ, നിരാഹാര സമരം, മിട്ടി സത്യഗ്രഹം, പ്രതീകാത്മകമായി തൂക്കുകയർ കഴുത്തിലിട്ടുള്ള പ്രതിഷേധം എന്നിങ്ങനെ വിവിധ രൂപങ്ങളിലാണ് സമരം.
നേരത്തെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഛത്തർപുർ ജില്ലയിൽ പ്രതിഷേധം വീണ്ടും ശക്തമായത്. ജൂലൈ എട്ടിന് നടന്ന ചർച്ചയിൽ സർക്കാർ അധിക പുനരധിവാസ പാക്കേജ് അംഗീകരിച്ചുകൊണ്ട് പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇത് തങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നില്ലെന്നും എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നുമാണ് സമരക്കാരുടെ നിലപാട്.
മുൻപ് ബെത്വാ കനാലിനടുത്തും അണക്കെട്ടിനടുത്തും പ്രതിഷേധിച്ചപ്പോൾ പലതും വാഗ്ദാനംചെയ്ത അധികാരികൾ അവയൊന്നും പാലിച്ചില്ലെന്ന് പ്രക്ഷോഭകർ പറയുന്നു. ഇത്തവണയും അവഗണനയാണെങ്കിൽ ബരാണയിലെ പാലത്തിൽ തൂങ്ങിമരിക്കും എന്നാണ് ഭീഷണി. സാമൂഹ്യപ്രവർത്തകനായ അമിത് ഭട്‌നാഗറാണ് സമരത്തിന് നേതൃത്വം നൽകുന്നത്. നിരാഹാരസമരത്തിലാണ് ഭട്നാഗർ.
Content Highlights: Tribal communities in Chattarpur are protesting displacement caused by the Ken-Betwa river linking project., The 2026 'Chita Andolan' highlights demands for increasing rehabilitation grants from 12.5 lakh to 25 lakh rupees., Protesters claim previous government promises regarding displacement compensation were never fulfilled., The movement involves diverse forms of peaceful resistance including symbolic funeral pyres and hunger strikes.