തിമിംഗിലങ്ങളുടെ 200 വർഷത്തെ ആയുസ്സിന്റെ രഹസ്യംകണ്ടെത്തി ഗവേഷകർ; മനുഷ്യായുസ്സും നീട്ടാനാകുമെന്ന് പഠനം

ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന സസ്തനികളാണ് ബോഹെഡ് (Bowhead) തിമിംഗിലങ്ങൾ. ഇവയ്ക്ക് 200 വർഷംവരെ ആയുസ്സുണ്ട്. ശരീരത്തിലുള്ള പ്രത്യേക പ്രോട്ടീനുകളാണ് ഇവയുടെ ദീർഘായുസ്സിന്റെ രഹസ്യം. എന്നാൽ, ഇതേ പ്രോട്ടീനുകൾ ഉപയോഗിച്ച് മനുഷ്യായുസ്സ് ദീർഘിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. 'നേച്ചർ' ജേണലിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലോകത്ത് ഏറ്റവും ആയുസുള്ള സസ്തനിയായ ഈ തിമിംഗലങ്ങൾക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള അസാധാരണമായ ശേഷിയുണ്ട്. ഇവയുടെ ഈ ദീർഘായുസ്സിന് പിന്നിലെ രഹസ്യം കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ശാസ്ത്രലോകം ഇപ്പോൾ പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്ററിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ 'CIRBP' എന്ന പ്രോട്ടീനാണ് ഈ ദീർഘായുസ്സിനു പിന്നിലെ പ്രധാന ഘടകമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രോട്ടീൻ മനുഷ്യരിലുള്ളതിനേക്കാൾ നൂറുമടങ്ങ് അധികമാണ് ബോഹെഡ് തിമിംഗലങ്ങളിൽ ഉള്ളത്. ഡിഎൻഎയിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കുന്നതിലും ജനിതകപരമായ കേടുപാടുകൾ നികത്തുന്നതിലും ഈ പ്രോട്ടീൻ നിർണായക പങ്ക് വഹിക്കുന്നു.
ആർട്ടിക് സമുദ്രത്തിലെ കടുത്ത തണുപ്പിലാണ് ഈ തിമിംഗിലങ്ങൾ ജീവിക്കുന്നത്. ഇത്തരം കുറഞ്ഞ താപനില ശരീരത്തിൽ CIRBP പ്രോട്ടീന്റെ ഉൽപ്പാദനം വർധിപ്പിക്കാൻ സഹായിക്കുന്നുവെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിൽ ഈ പ്രോട്ടീന്റെ അളവ് വർധിപ്പിക്കുന്നതിനായി ജീവിതശൈലി മാറ്റങ്ങൾ സഹായിക്കുമോ എന്ന് ശാസ്ത്രജ്ഞർ ആലോചിക്കുന്നുണ്ടെങ്കിലും ഇതിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
മനുഷ്യർക്ക് 200 വർഷത്തെ ആയുസ്സ് എന്നത് നിലവിൽ ഒരു വിദൂര സ്വപ്നമാണെങ്കിലും വാർധക്യത്തെ തടയുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ കണ്ടെത്തൽ പുതിയ വഴികൾ തുറക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
Content Highlights: Bowhead whales possess unique DNA repair mechanisms allowing long life., The CIRBP protein is identified as the key factor in genetic restoration., Laboratory tests show CIRBP improves DNA repair in human cells and fruit flies., Arctic temperatures naturally boost CIRBP production in these mammals., Findings offer potential pathways for anti-aging and healthspan improvement.