അന്റാര്‍ട്ടിക്കയില്‍ ഇതാദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു; ബാധിച്ചത് ബ്രൗണ്‍ സ്‌കുവ പക്ഷികളെ

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

ജന്തുജന്യരോഗങ്ങളൊന്നും അധികം ബാധിക്കാത്ത അന്റാര്‍ട്ടിക്കയില്‍ ഇതാദ്യമായി പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു. ബേഡ് ഐലന്‍ഡിലെ ബ്രൗണ്‍ സ്‌കുവ പക്ഷികളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. പക്ഷിപ്പനി വ്യാപകമായ തെക്കന്‍ അമേരിക്കയില്‍ ദേശാടനത്തിന് പോയപ്പോഴാകാം പക്ഷികള്‍ക്ക് രോഗം പടര്‍ന്നതെന്നാണ് കരുതുന്നത്. ചിലിയിലും പെറുവിലും മാത്രം പക്ഷിപ്പനി ബാധിതരായി അഞ്ചുലക്ഷത്തോളം കടല്‍പ്പക്ഷികളാണ് ചത്തൊടുങ്ങിയത്. ബേഡ് ഐലന്‍ഡില്‍ വന്‍തോതില്‍ ബ്രൗണ്‍ സ്‌കുവ പക്ഷികള്‍ ചത്തൊടുങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പക്ഷികളുടെ സ്രവങ്ങൾ യു.കെയില്‍ ലാബുകളിലേക്ക് അയ്ക്കുകയായിരുന്നു ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ഗവേഷകര്‍. 

ബ്രൗണ്‍ സ്‌കുവ | Photo: Wiki/By Liam Quinn from Canada - Brown Skua landing near a penguin colonyUploaded by Snowmanradio, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=15465669

മഞ്ഞുപ്രദേശത്തും പക്ഷിപ്പനി എത്തപ്പെട്ടതോടെ പെന്‍ഗ്വിനുകളുടെയും സീലുകളുടെയും നിലനില്‍പ്പിനെ തുടര്‍ന്നുള്ള ആശങ്കയിലാണ് ഗവേഷകര്‍. ബേഡ് ഐലന്‍ഡില്‍ മാത്രം പ്രത്യുത്പാദനം നടത്തുന്ന പെന്‍ഗ്വിനുകളുടെ 50,000 ജോഡികളാണുള്ളത്. ഫര്‍ സീലുകളും അത്ര തന്നെയുണ്ട്. 

ഇതുവരെ പക്ഷിപ്പനി പോലുള്ള രോഗാവസ്ഥയെ അഭിമുഖീകരിക്കാത്ത ജീവജാലങ്ങളെ ഇത് എത്തരത്തിലാകും ബാധിക്കുകയെന്നതും ആശങ്ക ഉയർത്തുന്നുണ്ട്. സയന്റിഫിക് കമ്മിറ്റി ഓണ്‍ അന്റാര്‍ട്ടിക് റിസര്‍ച്ച് (scar) നടത്തിയ പഠനങ്ങളനുസരിച്ച് പക്ഷിപ്പനി ആദ്യം ബാധിക്കുന്നത് ഫര്‍ സീലുകള്‍, സ്‌കുവ, കടല്‍ക്കാക്കകള്‍ തുടങ്ങിയവയെയാകും. പെന്‍ഗ്വിനുകള്‍ ബാധിക്കപ്പെടുന്നവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

പ്രത്യുത്പാദനം വിജയകരമല്ലാത്തത് പോലുള്ള സാഹചര്യങ്ങളിലേക്ക് പക്ഷിപ്പനി ജീവജാലങ്ങളെ കൊണ്ടെത്തിക്കുമെന്ന് അന്റാര്‍ട്ടിക് വൈല്‍ഡ്‌ലൈഫ് ഹെല്‍ത്ത് നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നു. ഉയര്‍ന്ന വ്യാപനശേഷിയുള്ള പക്ഷിപ്പനിയുടെ പുതിയ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് 2021-ലാണ്. യു.കെയിലായിരുന്നു ഇത്. അതേസമയം ഇവിടുത്തെ ചില കടല്‍പ്പക്ഷികള്‍ പക്ഷിപ്പനിയ്ക്ക് എതിരേ പ്രതിരോധ ശേഷി നേടിയെന്നുള്ള ആശ്വാസകരമായ പഠനറിപ്പോർട്ടുകളും പുറത്തു വന്നിരുന്നു

പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ(പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5എന്‍1. ഇത് ഒരു തരം ഇന്‍ഫ്ളുവന്‍സ വൈറസാണ്. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴിയും വേഗം പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് രോഗം പകരും.

Content Highlights: bird flu reaches Antarctic for the first time