വവ്വാലുകളുടെ 'തടവില്‍' ഒരു കുടുംബം; കാരണം ആവാസകേന്ദ്രങ്ങള്‍ നശിപ്പിച്ചതോ?

രണ്ടുമാസം മുന്‍പ് വരെ കൃഷി ചെയ്ത് സ്വസ്ഥമായി കഴിയുകയായിരുന്ന ഈ കുടുംബം, ഇപ്പോള്‍ വവ്വാലുകളുടെ 'തടവിലാണ്'. തൃശ്ശൂര്‍ ചെറുതുരുത്തി ദേശമംഗലം പള്ളം ആനങ്ങാട്ടുവളപ്പില്‍ ജാനകി (70)യുടേയും ഭര്‍ത്താവ് നാരായണന്‍കുട്ടിയുടേയും ഒന്നരയേക്കര്‍ പുരയിടത്തിലേക്ക് കുറച്ച് വവ്വാലുകളെത്തി. പതിയെപ്പതിയെ എണ്ണം കൂടി.
ദേശമംഗലം ഗ്രാമപ്പഞ്ചായത്തില്‍ എട്ടാംവാര്‍ഡിലെ ഈ പറമ്പില്‍ എപ്പോഴും ഇവയുടെ ഒച്ചയാണ്. വീടിനു മുന്നിലെ പൂവം എന്ന മരത്തിലാണ് ആദ്യമായി വവ്വാലുകള്‍ ചേക്കേറിയത്. ഇപ്പോള്‍ ഈ മരം നിറഞ്ഞ് റബ്ബര്‍ മരങ്ങളിലും മറ്റും വവ്വാലുകളായി.
Read More: എല്ലാ വവ്വാലുകളിലും നിപ വൈറസുകള്‍ ഉണ്ടാകണമെന്നില്ല, ശത്രുസംഹാരം ചെയ്യലല്ല പരിഹാരം......
'വവ്വാലുകളെ പേടിച്ച് പറമ്പില്‍ പണിയെടുക്കാന്‍ ആളു വരാതെയായി. തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരു ദിവസം പണിക്കെത്തി. പിന്നീട് അവരും നിര്‍ത്തി. പറമ്പിലെ റബ്ബറില്‍നിന്നും മറ്റുമുള്ള വരുമാനമാണ് ജീവിതമാര്‍ഗം. അതുപോലും മുടങ്ങുന്ന സ്ഥിതിയാണ് - ജാനകിയുടെ ഭര്‍ത്താവ് നാരായണന്‍കുട്ടി പറയുന്നു.
ദേശമംഗലം പഞ്ചായത്തിലും വനംവകുപ്പിലും പരാതി നല്‍കി. അവര്‍ വന്നു പരിശോധന നടത്തിയെങ്കിലും പരിഹാരമൊന്നും നിര്‍ദേശിക്കാനായില്ല. വവ്വാലുകളുടെ കാഷ്ഠം നിറഞ്ഞു പ്രദേശത്താകെ ദുര്‍ഗന്ധമാണ്. കൂടാതെ കുടിവെള്ള സ്രോതസ്സുകളും മലിനമാകുന്നു. നിപ പോലുള്ള പകര്‍ച്ചവ്യാധികള്‍ വവ്വാലുകളില്‍നിന്ന് പകരുമെന്നതിനാല്‍ പ്രദേശത്തെ 15 കുടുംബങ്ങള്‍ ഭീതിയിലാണ്.
മരങ്ങള്‍ വെട്ടിമാറ്റുകയെന്നത് പ്രായോഗികവുമല്ല. അതുകൊണ്ടുതന്നെ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ജാനകിയും നാരായണന്‍കുട്ടിയും.
വനഗവേഷണ കേന്ദ്രം ഗവേഷക വിദ്യാര്‍ഥികള്‍ സന്ദര്‍ശിക്കും - ഡോ. പേരോത്ത് ബാലകൃഷ്ണന്‍
പള്ളത്ത് വവ്വാലുകള്‍ കൂട്ടത്തോടെ എത്തിയ വീട്ടുപറമ്പ് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഗവേഷക വിദ്യാര്‍ഥികള്‍ സന്ദര്‍ശിക്കും. ആവാസസ്ഥലത്തെ മരങ്ങള്‍ വെട്ടിക്കളയുകയോ അവിടെനിന്ന് തുരത്തുകയോ ചെയ്തതുകൊണ്ടാകും വവ്വാലുകള്‍ കൂട്ടത്തോടെ പുതിയ സ്ഥലത്ത് എത്തിയത്. പെട്ടെന്ന് പരിഹാരം നിര്‍ദേശിക്കാനാവില്ല. നിപ പേടിയില്‍ വവ്വാലുകളുടെ ആവാസകേന്ദ്രങ്ങള്‍ കൂട്ടത്തോടെ നശിപ്പിക്കുന്നത് വ്യാപകമാകുന്നുണ്ട് - ഡോ. പേരോത്ത് ബാലകൃഷ്ണന്‍, വകുപ്പ് മേധാവി, വൈല്‍ഡ് ലൈഫ് ബയോളജി, കെ.എഫ്.ആര്‍.ഐ.