ബെയോബാബ് വൃക്ഷം മഡഗാസ്‌കറിന്റേതുതന്നെ; തെളിവുകളുമായി ശാസ്ത്രജ്ഞര്‍

'കാടിന്റെ അമ്മ' എന്നറിയപ്പെടുന്ന ശ്രേഷ്ഠവൃക്ഷമാണ് ബെയോബാബ് (Baobab). 1000 വര്‍ഷത്തിനും മുകളില്‍ ആയുസുള്ള ബെയോബാബ് മഡഗാസ്‌കറിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയുടെ വടക്കു-പടിഞ്ഞാറന്‍ മേഖലകളിലുമുള്ള വരണ്ട പ്രദേശങ്ങളിലുമാണ് പ്രധാനമായും കാണപ്പെടുന്നത്. ബെയോബാബിന്റെ ജന്മദേശമേത് എന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. തടിക്കുള്ളില്‍ 3,800 ലിറ്ററോളം വെള്ളം സംഭരിക്കാനുള്ള കഴിവടക്കമുള്ള ജനിതകമായ പ്രത്യേകതകള്‍ കൊണ്ടുതന്നെ ബെയോബാബ് ജന്മംകൊണ്ടത് ആഫ്രിക്കയിലാവാം എന്ന നിഗമനത്തിലായിരുന്നു വലിയൊരു വിഭാഗം ഗവേഷകരും എത്തിയിരുന്നത്. എന്നാല്‍ ഇതിനെ എതിര്‍ത്തവര്‍ക്ക് സന്തോഷം നല്‍കുന്ന കണ്ടെത്തലാണ് കഴിഞ്ഞ മാസം പുറത്തുവന്ന നേച്ചര്‍ ജേണലില്‍ ഉള്ളത്.
ബെയോബിന്റെ യഥാര്‍ത്ഥ ജന്മദേശം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.. അത് ആഫ്രിക്കയല്ല, മഡഗാസ്‌കറാണ്. അന്താരാഷ്ട്രതലത്തിലെ വിദഗ്ധരുടെ ഒരു സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. എട്ട് വ്യത്യസ്തമായ ബെയോബാബ് വൃക്ഷ ഇനങ്ങളുടെ ജീനോമുകള്‍ ക്രമീകരിച്ച്, അവ തമ്മിലുള്ള ബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ പുതിയ പഠനം നടത്തിയത്. മഡഗാസ്‌കറില്‍ ഈ വൃക്ഷയിനം വേരറ്റുപോകുന്നതിന്റെ വക്കില്‍നില്‍ക്കുമ്പോഴാണ് പുതിയ കണ്ടെത്തല്‍ എന്നത് വേദനാജനകമാണെന്ന് ഗവേഷകര്‍ പറയുന്നു. നിലവില്‍ ആറോളം ബെയോബാബ് വൃക്ഷ ഇനങ്ങളാണ് മഡഗാസ്‌കര്‍ ദ്വീപിലുള്ളത്. കൃത്യമായ ഇടപെടലുകള്‍ നടത്താത്ത പക്ഷം ഇവയില്‍ ഒരിനം 2080-ഓടെ എന്നെന്നേക്കുമായി ഇല്ലാതാകും എന്നാണ് ഗവേഷകര്‍ പറയുന്നത്.
കാലക്രമത്തില്‍ നശിച്ച ബെയോബാബ് വൃക്ഷങ്ങളുടെ ഫോസിലുകള്‍ ലഭ്യമല്ലാത്തത് പഠനത്തെ ഏറെ ദുഷ്‌കരമാക്കിയതായി പഠനസംഘത്തിലുണ്ടായിരുന്ന ഗവേഷകന്‍ ഡോ. വാന്‍ ജുന്‍-നാന്‍ പറയുന്നു. ചൈനയിലെ ഹുബേയ് പ്രവിശ്യയിലുള്ള വുഹാന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷകനാണ് ഡോ. വാന്‍. ബെയോബാബ് വൃക്ഷങ്ങളുടെ ജനിതക ഘടനയെ സംബന്ധിച്ച പഠനങ്ങളും വിരളമായിരുന്നു. എന്നാല്‍, വ്യത്യസ്ത ഇനം ബെയോബാബ് വൃക്ഷങ്ങളുടെ ജീനോമുകള്‍ ക്രമീകരിച്ച് നടത്തിയ പഠനം അവയുടെ പരിണാമ സിദ്ധാന്തത്തെ സംബന്ധിച്ച് വിലപ്പെട്ട അറിവുകള്‍ നല്‍കിയതായി ഡോ. വാന്‍ അവകാശപ്പെടുന്നു.
Read More : 3800 ലിറ്റര്‍ ജലം സംഭരിക്കും,മനുഷ്യരാശിക്കും മുന്‍പ് നിലവില്‍ വന്ന ജീവന്റെ വൃക്ഷം | Magics of nature
ഗവേഷകരുടെ അഭിപ്രായത്തില്‍, ഭൂമിയില്‍ ബെയോബാബ് വൃക്ഷത്തിന്റെ ഉദ്ഭവം രണ്ടു കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങുന്നു. പിന്നെയും വര്‍ഷങ്ങളെടുത്തു അവ പല ഇനങ്ങളായി വേര്‍തിരിയാന്‍. 1.2 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവയില്‍ രണ്ടിനങ്ങള്‍ ആഫ്രിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കും എത്തപ്പെട്ടത്. സൂപ്പര്‍ ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഗോണ്ട്‌വാനയുടെ പിളര്‍പ്പായിരുന്നു അതിനാധാരം. ഗോണ്ട്‌വാനയുടെ പിളര്‍പ്പ് ഉണ്ടാക്കിയ അവശിഷ്ടങ്ങളിലൂടെയാണ് ബെയോബാബ് വൃക്ഷത്തിന്റെ വിത്തുകള്‍ ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലും എത്തപ്പെട്ടത്.
എട്ട് ബെയോബാബ് വൃക്ഷ ഇനങ്ങളിലും പരസ്പരം ജീനുകള്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതായി നേരത്തെയും പഠനങ്ങള്‍ വന്നിട്ടുണ്ട്. ബെയോബാബ് ഇനത്തില്‍പെട്ട വൃക്ഷങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ ജനിതക പ്രത്യേകതകള്‍ ഏറ്റവും കുറഞ്ഞ അളവിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നാണ് ഈ പഠനം തെളിയിക്കുന്നത്. ഈ പ്രത്യേകതകളെ അടിസ്ഥാനമാക്കി നാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന ബെയോബാബ് വൃക്ഷ ഇനങ്ങളെ രക്ഷിക്കാനുള്ള വഴികള്‍ തേടുകയാണ് ഗവേഷകര്‍ ഇപ്പോള്‍.
Content Highlights: baobab tree originated in madagascar says study published in nature journal