ഓസ്‌ട്രേലിയയിലെ സ്‌കൂളിലെ പാറക്കല്ലില്‍ ദിനോസര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തി; 20 കോടി വര്‍ഷത്തെ പഴക്കം

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡിലെ ഒരു സ്‌കൂളിലെ ഫോസിലൈസ് പാറക്കല്ലില്‍ ദിനോസറുകളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. സ്‌കൂളിന് മുന്നില്‍ സ്ഥാപിച്ച പ്രത്യേക പാറക്കല്ലിനു മുകളിലാണ് 66-ഓളം ദിനോസര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുള്ളത്. ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാലയിലെ പാലിയന്റോളജിസ്റ്റ് ആന്റണി റോമിലിയോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാല്‍പ്പാടുകള്‍ 20 കോടി വര്‍ഷം പഴക്കമുള്ളതാണെന്ന് ഗവേഷകര്‍ അറിയിച്ചു. പാറയിലെ ഏകദേശം ഒരു ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുള്ളത്.
ചെറിയ ശരീരമുള്ള, രണ്ട് കാലുകളുള്ള, സസ്യഭുക്കായ ദിനോസറുകളുടെ കാല്‍പ്പാടുകളാണ് ഇതെന്ന് റോമിലിയോ പറഞ്ഞു. അനോമോപസ് സ്‌കാംബസ് എന്ന ദിനോസര്‍ വര്‍ഗത്തിന്റേതാകാം കാല്‍പ്പാടുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ടെത്തിയ കാല്‍പ്പാടുകളിലെ ഏറ്റവും വലുത് 30 ഇഞ്ച് നീളമുള്ളതാണ്. പാറയില്‍ വൃത്താകൃതിയിലുള്ള നൂറോളം പാടുകളും കണ്ടെത്തിയിരുന്നു. ഇത് വേഗത്തില്‍ ഒഴുകുന്ന നദിയുടെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. വെള്ളത്തില്‍ നിന്നുള്ള ജീവികളെ ഭക്ഷിച്ച് ജീവിച്ചിരുന്നവരാണ് ഇവയെന്നാണ് ഇതിലൂടെ ലഭിക്കുന്ന സൂചനയെന്നും അദ്ദേഹം വിശദീകരിച്ചു.
സ്‌കൂളില്‍ ഇപ്പോള്‍ കണ്ടെത്തിയ ഫോസിലൈസ് ചെയ്ത പാറക്കല്ല് യഥാര്‍ഥത്തില്‍ 2002-ല്‍ കാലൈഡ് ഖനിയില്‍ നിന്ന് കണ്ടെത്തിയതാണ്. അക്കാലത്ത് സ്‌കൂളില്‍ ജോലിചെയ്തിരുന്ന ഒരു അധ്യാപികയുടെ ജിയോളജിസ്റ്റായ ഭര്‍ത്താവാണ് ഇത് സ്‌കൂളിന് സമ്മാനിച്ചത്. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം ആന്റണി റോമിലിയോ കണ്ടെത്തുന്നതുവരെ അതിന്റെ പ്രാധാന്യം ആരും ശ്രദ്ധിച്ചിരുന്നില്ല.
Content Highlights: 66 dinosaur footprints, 200 million years old, discovered on a fossilized rock at a Queensland schoo