2027ഓടെ ആർട്ടിക്കിലെ മഞ്ഞുമലകള്‍ ഉരുകിയേക്കും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ധ്രുവപ്രദേശം എന്ന കേള്‍ക്കുമ്പോള്‍ തന്നെ നോക്കെത്താദൂരത്തോളം മഞ്ഞു മൂടി കിടക്കുന്ന തണുത്തുറഞ്ഞ വെളുത്ത പ്രദേശത്തിന്റെ ചിത്രമാകും മനസ്സിലേക്കെത്തുക. എന്നാല്‍ കാലാവസ്ഥാ വ്യതിയാനമെന്ന വില്ലന്‍ ആ കാഴ്ചയെ അധികം വൈകാതെ തന്നെ തുടച്ചുനീക്കിയേക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഭൂമിയുടെ രണ്ട് ധ്രുവപ്രദേശങ്ങളില്‍ ഒന്നിലെ മഞ്ഞ് 2027-ഓടെ പൂര്‍മായും ഇല്ലാതായേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതെ ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഏറ്റവും മോശം പരിണിതഫലം അനുഭവിക്കാനൊരുങ്ങുകയാണ് ആര്‍ട്ടിക്കെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2027-ഓടെ എല്ലാ ഐസും ഉരുകി ആര്‍ട്ടിക് അതിന്റെ ചരിത്രത്തിലെ ആദ്യ വേനല്‍ക്കാലത്തെ നേരിടേണ്ടിവരുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. ധ്രുവക്കരടികളും റെയിന്‍ഡിയറുകളുമെല്ലാം യഥേഷ്ടം വിഹരിച്ച ആര്‍ട്ടിക്കില്‍ പേരിനുപോലും മഞ്ഞില്ലാതാകുന്ന കാലം അധികം വിദൂരമല്ലെന്നും ഗവേഷകര്‍ പറയുന്നു.
കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞരായ അലക്സാന്ദ്ര ജാന്‍, ഗോഥെന്‍ബര്‍ഗ് സര്‍വകലാശാലയിലെ സെലിന്‍ ഹ്യൂസ് എന്നിവരുള്‍പ്പെട്ട അന്താരാഷ്ട്ര ഗവേഷണ സംഘമാണ് ഈ പഠനം നടത്തിയത്. വിപുലമായ കമ്പ്യൂട്ടര്‍ മോഡലുകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇവര്‍ ആര്‍ട്ടിക്കിലെ ഐസ് പൂര്‍ണമായും ഉരുകുന്ന സമയം കണ്ടെത്തിയത്.
ഇവരുടെ കണ്ടെത്തലുകള്‍ നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം മൂലം ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞ് ഒരു ദശാബ്ദത്തില്‍ 12 ശതമാനം എന്ന തോതില്‍ കുറയുന്നതായി ഇവരുടെ ഗവേഷണം സൂചിപ്പിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം ഏറെ നാളായി ആര്‍ട്ടിക് ശോഷിച്ചു വരികയാണ്. കടുത്ത ചൂടില്‍ ഉരുകിയൊലിച്ച് പോകുന്ന മഞ്ഞുപാളിയുടെ വലിയൊരു ഭാഗം ശൈത്യകാലത്ത് തിരികെ രൂപപ്പെടുന്നില്ല.
ഈ വര്‍ഷം, നാഷണല്‍ സ്‌നോ ആന്‍ഡ് ഐസ് ഡാറ്റാ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ആര്‍ട്ടിക് സമുദ്രത്തിലെ ഐസിന്റെ ഏറ്റവും കുറഞ്ഞ വിസ്തീര്‍ണ്ണം 4.28 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. 1978 മുതലാണ് ആര്‍ട്ടിക്കിലെ മഞ്ഞിന്റെ അളവിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്. ഈ കണക്കെടുപ്പ് ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞനിലയാണിത്. ഇതെല്ലാം ആര്‍ട്ടിക്കിലെ വരാനിരിക്കുന്ന മോശം കാലത്തിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നവയാണ്.
Content Highlights: A new study warns that Arctic sea ice could completely disappear by 2027 due to climate change