ആരവല്ലി: രാജസ്ഥാനിൽ സംരക്ഷണ നിയമങ്ങളിൽ കൂടുതൽ ഇളവ് നൽകിയിരുന്നതായി രേഖകൾ പുറത്ത്

#സ്വന്തം ലേഖകൻ
ആരവല്ലിക്കുന്നുകൾ | Photo:ANI
ആരവല്ലിക്കുന്നുകൾ | Photo:ANI

ന്യൂഡൽഹി: ആരവല്ലി വനമേഖലയിൽ ‘കുറഞ്ഞ തോതി’ലുള്ള നിർമാണപ്രവൃത്തികൾക്കായി കഴിഞ്ഞ ഏപ്രിലിൽ രാജസ്ഥാൻ സർക്കാർ നിയന്ത്രണച്ചട്ടങ്ങളിൽ ഇളവുവരുത്തിയതായി രേഖകൾ. ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ഹരിയാണ സംസ്ഥാനങ്ങളിലെ 37 ജില്ലകളിലൂടെ കടന്നുപോകുന്ന ആരവല്ലിമേഖലയിൽ 15 ജില്ലകളും കൂടുതൽ പ്രദേശങ്ങളും രാജസ്ഥാനിലാണ്.

2024-ലെ മോഡൽ റെഗുലേഷൻസ് ഫോർ കൺസർവേഷൻ ഓഫ് ഹിൽസ് ഇൻ അർബൻ ഏരിയാസ് (നിയമം)പ്രകാരമാണ് രാജസ്ഥാനിലെ ബിജെപി സർക്കാർ നിർമാണപ്രവൃത്തികൾക്കുള്ള അനുമതി നൽകിയത്. 2018-ലെ ആരവല്ലി സംരക്ഷണ മാനദണ്ഡങ്ങൾ മാറ്റിയാണ് പുതിയ ഇളവുകളനുവദിച്ചത്.

ആരവല്ലിക്കുന്നുകളെ മൂന്നായി തരംതിരിച്ചു

രാജസ്ഥാൻ സർക്കാരിന്റെ പുതിയ ചട്ടങ്ങൾപ്രകാരം ആരവല്ലിക്കുന്നുകളെ മൂന്നായി തരംതിരിക്കും. എട്ട് ഡിഗ്രിവരെ ചരിവുള്ള കുന്നുകൾ എ വിഭാഗത്തിലും എട്ട് ഡിഗ്രിക്കും 15 ഡിഗ്രിക്കുമിടയിൽ ചരിവുള്ള കുന്നുകൾ ബി വിഭാഗത്തിലും 15 ഡിഗ്രിക്ക് മുകളിൽ ചരിവുള്ളവ സി വിഭാഗത്തിലുമാണ്. എ വിഭാഗത്തിൽ നഗരാസൂത്രണ ചട്ടക്കൂടനുസരിച്ചുള്ള നിർമാണപ്രവൃത്തികളാകാം. ബി വിഭാഗത്തിൽ ഫാംഹൗസുകൾ, റിസോർട്ടുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, വെൽനെസ്, യോഗ സെന്ററുകൾ, സൗരോർജ പ്ലാന്റുകൾ എന്നിവ അനുവദിക്കും. സി വിഭാഗത്തിൽപ്പെടുന്നവയെ വികസനനിരോധിത മേഖലയായി കണക്കാക്കും.

മൂന്ന് ഡിഗ്രി ചരിവുള്ള പ്രദേശങ്ങളെ ആരവല്ലി മലനിരകളായി കണക്കാക്കണമെന്ന ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ മാനദണ്ഡത്തിന് വിരുദ്ധമാണിത്. സർക്കാരിന്റെ റിയൽ എസ്റ്റേറ്റ് വികസനം ആരവല്ലി ആവാസവ്യവസ്ഥയ്ക്ക് കൂടുതൽ ഹാനി വരുത്തിവെക്കുമെന്ന് കോൺഗ്രസ് ജനറൽസെക്രട്ടറിയും മുൻ പരിസ്ഥിതി മന്ത്രിയുമായ ജയറാം രമേഷ്‌ ആരോപിച്ചു.

ആശങ്കയറിയിച്ച് സിവിൽ സർവീസ് മുൻ ഉദ്യോഗസ്ഥർ

രാജ്യത്തിന്റെ പാരിസ്ഥിതികസംരക്ഷണവുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ ചില ഉത്തരവുകൾ അങ്ങേയറ്റം ആശങ്കയുണർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ കോൺസ്റ്റിറ്റ്യൂഷണൽ കോണ്ടക്ട് ഗ്രൂപ്പ് സുപ്രീംകോടതിക്ക് തുറന്ന കത്തയച്ചു. പ്രകൃതി ശ്രീവാസ്തവ, വാപ്പാല ബാലചന്ദ്രൻ തുടങ്ങി വിരമിച്ച 79 ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരാണ് തുറന്ന കത്തിൽ ഒപ്പുവെച്ചത്. സമ്പന്ന, അധികാരി വർഗങ്ങളുടെ കടന്നാക്രമണത്തിനു മുന്നിൽ ജനങ്ങളുടെ അതിജീവനത്തിനുള്ള അവകാശവും പ്രകൃതിസംരക്ഷണവും ഞെരിക്കപ്പെടുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

Content Highlights: Rajasthan eased Aravalli construction rules, classifying hills by slope. Concerns rise over environmental impact and real estate development.