അന്റാര്‍ട്ടിക്കയിലെ 40 ശതമാനം ഭീമന്‍ മഞ്ഞുതിട്ടകളും ഉരുകി; നഷ്ടമായത് 7.5 ട്രില്ല്യണ്‍ ടണ്‍ മഞ്ഞ്

അന്റാര്‍ട്ടിക്കയിലെ 40 ശതമാനത്തിലധികം വരുന്ന ഭീമന്‍മഞ്ഞുതിട്ടകളും ( ice shelves) 1997നു ശേഷം ഗണ്യമായി ചുരുങ്ങിയതായി കണ്ടെത്തല്‍. ഇതിൽ പകുതിയും വീണ്ടെടുക്കാൻ കഴിയാത്ത വണ്ണം നശിച്ചു പോയിട്ടുണ്ട്. ഉപഗ്രഹങ്ങളുടെ സഹായത്താൽ ശേഖരിച്ച കണ്ടെത്തലുകളടങ്ങിയ പഠന റിപ്പോർട്ട് സയന്റിഫിക് അഡ്വാന്‍സസ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മാറ്റങ്ങളാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.
യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. 1997-ന് ശേഷം 7.5 ട്രില്ല്യണ്‍ ടണ്‍ ( 7.5tn tonne) വരുന്ന മഞ്ഞാണ് അന്റാര്‍ട്ടിക്കയ്ക്ക് നഷ്ടമായത്. പടിഞ്ഞാറന്‍ മേഖലയിലെ ചൂടുള്ള വെള്ളം മഞ്ഞുരുകലിന് കാരണമായി. എന്നാല്‍ കിഴക്കന്‍ പ്രദേശത്ത് മഞ്ഞിന്റെ തോതില്‍ കാര്യമായ മാറ്റങ്ങളുണ്ടായില്ല.
ഒരുലക്ഷത്തിലധികം ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഭീമന്‍മഞ്ഞുപാളികളുടെ ആരോഗ്യനില ഗവേഷകര്‍ മനസിലാക്കിയത്. അന്റാര്‍ട്ടിക്കയിലെ കനത്ത മഞ്ഞുരുകല്‍ ലോകമെമ്പാടുമുള്ള മറ്റ് പ്രദേശങ്ങളെ നേരിട്ടല്ലാതെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
Content Highlights: Antarctica has lost 7.5tn tonnes of ice since 1997, Study finds