ആംബർഗ്രീസിന് സമാനമായ വസ്തു കണ്ടെത്തി; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധനയ്ക്കയച്ചു

മര്യനാട് ഭാഗത്ത് കണ്ടെത്തിയ തിമിംഗില ചര്‍ദിക്ക് സമാനമായ വസ്തു
മര്യനാട് ഭാഗത്ത് കണ്ടെത്തിയ തിമിംഗില ചര്‍ദിക്ക് സമാനമായ വസ്തു

കഠിനംകുളം : ആംബർഗ്രീസിന് (തിമിംഗിലത്തിന്റെ ഛർദി) സമാനമായ വസ്തു കടലിൽ ഒഴുകിനടക്കുന്ന നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തി. വിപണിയിൽ ആംബർഗ്രീസിന് കോടികളാണ് വില. ചൊവ്വാഴ്ച രാവിലെയോടെയാണ് മര്യനാട് കടലിന്റെ ഭാഗത്ത് ദ്രാവകംപോലുള്ള വസ്തു മത്സ്യത്തൊഴിലാളികൾ കണ്ടത്.

തൊഴിലാളികൾ ചേർന്ന് കരയ്ക്ക് എത്തിക്കുകയും കഠിനംകുളം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

കോസ്റ്റൽ പോലീസും പാലോട്ടു നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തി. 16.7 കിലോ തൂക്കമുണ്ട്. ആംബർഗ്രീസിന് വിപണിയിൽ ഒരു കിലോയ്ക്ക് 1.8 കോടിയോളം രൂപ വിലയുണ്ട്.

സ്‌പേം തിമിംഗിലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആംബർഗ്രീസ് ഉപയോഗിക്കുക.

കണ്ടത്തിയത് തിമിംഗിലത്തിന്റെ ഛർദി തന്നെയാണോ എന്നറിയാൻ ലാബിൽ പരിശോധനയ്ക്ക് അയക്കും. എന്നിട്ട് മാത്രമേ മൂല്യം കണക്കാക്കാൻ കഴിയൂവെന്ന് ഫോറസ്റ്റ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാർ, ഉദ്യോഗസ്ഥരായ രാകേഷ്, വിനീത എന്നിവർ നേതൃത്വം നൽകി.

Content Highlights: ambergris found in coastal area forest department to make sure