ഇണയൊഴിഞ്ഞ കുളത്തിൽ ഇരുപത് വർഷമായി ഏകനായ് ക്ഷമെങ്ക്

വര്‍ഷങ്ങളോളം കടല്‍ കാണാതെ ലോലിത എന്ന കൊലയാളി തിമിംഗിലം (ഓര്‍ക്ക) യാത്രയായത് ഈയടുത്താണ്. ഇത്രയും കാലം ഏകാന്തതയോട് പടവെട്ടിയാണ് ലോലിത ജീവിച്ചിരുന്നത്. ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് അര്‍ജന്റീനയിലെ മുണ്ടോ മറിനോ അക്വേറിയത്തിലെ ക്ഷമെങ്ക് എന്ന ഓര്‍ക്കയാണ്. ലോകത്തിലെ ഏറ്റവും ഏകാകിയായ ഓര്‍ക്കയെന്ന വിശേഷണം ഇപ്പോള്‍ ക്ഷമെങ്കിന് സ്വന്തമാണ്.
1992 മുതല്‍ പാര്‍ക്കിലെ അംഗമാണ് ക്ഷമെങ്കെന്ന ഓര്‍ക്ക. 35 വയസ്സ് പ്രായമുള്ള ക്ഷമെങ്കിന്റെ പങ്കാളി 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചത്തിരുന്നു. പ്രസവസംബന്ധമായ പ്രശ്‌നങ്ങളായിരുന്നു മരണകാരണം. ഇതോടെ ഒറ്റപ്പെടലിന്റെ വേദനയിലേക്ക് മെല്ലെ നീന്തി അടുക്കുകയായിരുന്നു ക്ഷമെങ്ക്. തനിക്ക് കഷ്ടിച്ച് ഒന്ന് അനങ്ങാന്‍ മാത്രം സാധിക്കുന്ന ചെറിയ നീന്തൽക്കുളത്തിൽ നിലവില്‍ ക്ഷമെങ്കിന്റെ ജീവിതം.
നിരവധി സംഘടനകളും മൃഗസംരക്ഷണ പ്രവര്‍ത്തകരും നിരന്തരം ക്ഷമെങ്കിന്റെ മോചനത്തിനായുള്ള ശ്രമങ്ങളില്‍ പങ്കാളികളായിരുന്നു. ആനിമല്‍ ആക്ടിവിസ്റ്റായ ഫില്‍ ഡിമേഴ്‌സ് പാര്‍ക്കിലെത്തി ക്ഷമെങ്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് കൂടുതല്‍ ആളുകളിലേക്ക് ക്ഷമെങ്ക് അനുഭവിക്കുന്ന ദുരിതങ്ങളെത്തിയത്.
#freekshamenk എന്ന ഹാഷ്ടാഗ് ഉപയോഗിച്ച നിരവധിയാളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ക്ഷമെങ്കിന്റെ മോചനത്തിനായി എത്തിയത്. നിലവില്‍ മറ്റ് രണ്ട് ഡോള്‍ഫിനുകള്‍ക്ക് സമീപമാണ് ക്ഷമെങ്കുളളത്. മറ്റിടങ്ങളിലെ ഓര്‍ക്കകള്‍ക്കായി ക്ഷമെങ്ക് എന്ന ആണ്‍ ഓര്‍ക്കയുടെ ബീജം ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മിലാഗ്രോ എന്ന ഓര്‍ക്കയാണ് മുണ്ടോ മറിനോ അക്വേറിയത്തില്‍ ആദ്യമെത്തുന്നത്.
സമൂഹജീവികളായതിനാല്‍ തന്നെ മറ്റ് കൂട്ടരുടെ സാന്നിധ്യമില്ലെങ്കില്‍ ഓര്‍ക്കകള്‍ ഏകാന്തത അനുഭവിക്കാന്‍ സാധ്യതയുണ്ട്. ഐ.യു.സി.എന്‍. പട്ടികപ്രകാരം നിലവില്‍ ലീസ്റ്റ് കണ്‍സേണ്‍ വിഭാഗത്തിലാണ് ഓര്‍ക്കകള്‍ ഉള്‍പ്പെടുന്നത്. ആണ്‍ തിമിംഗിലങ്ങള്‍ക്ക് 10 മീറ്ററോളം നീളവും 9,800 കിലോഗ്രാം ഭാരവുമുണ്ടാകും. പെണ്‍ തിമിംഗിലങ്ങള്‍ക്ക് 8.5 മീറ്റര്‍ നീളവും ആണുങ്ങളെക്കാള്‍ ഭാരക്കുറവുമുണ്ടാകും.
ഗ്രീന്‍ലന്‍ഡ് പോലെയുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഓര്‍ക്കകളെ വേട്ടയാടുന്നുണ്ട്. വലിയ തിമിംഗിലങ്ങളെ ഇരയാക്കുന്നത് കൊണ്ടാണ് കില്ലര്‍ വെയിലുകളെന്ന പേര് വന്നത്. ലോകത്താകമാനം 50,000 കൊലയാളി തിമിംഗിലങ്ങള്‍ ശേഷിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മത്സ്യബന്ധനത്തിനിടെ വല കുടുങ്ങുന്നത്, ഭക്ഷ്യദൗര്‍ലഭ്യം, സമുദ്ര മലിനീകരണം, കപ്പലുകളുടെ സാന്നിധ്യം തുടങ്ങിയവയാണ് ഓര്‍ക്കകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍.
Content Highlights: ‘World’s loneliest orca’ seen swimming alone in tiny pool