ചൂടാകുന്ന സമുദ്രം, ഇടിയുന്ന പർവ്വതങ്ങൾ.. ആശങ്കയോടെ ലോകം

#കെ. ഉണ്ണികൃഷ്ണൻ
ഡോ.തമ്പാൻ മേലത്ത് അന്റാർട്ടിക് ട്രീറ്റി അന്താരാഷ്ട്ര സമ്മേളനത്തിൽ
ഡോ.തമ്പാൻ മേലത്ത് അന്റാർട്ടിക് ട്രീറ്റി അന്താരാഷ്ട്ര സമ്മേളനത്തിൽ

കൊച്ചി: ‘‘അങ്ങകലെയുള്ള അന്റാർട്ടിക്കയിലെ പ്രകൃതിയുടെ താളപ്പിഴകൾ എല്ലാ മനുഷ്യരെയും ബാധിക്കും. ഇങ്ങു കേരളത്തിലും പ്രതിഫലിക്കും. അവിടുത്തെ മഞ്ഞുരുകിയാൽ കടൽനിരപ്പുയരും. കേരളം ഉൾപ്പടെയുള്ള ഭൂപ്രദേശങ്ങളെയാകും അത് ബാധിക്കുക. മില്ലിമീറ്റർ കണക്കിലാണ് കടൽ നിരപ്പു കൂടുന്നതെങ്കിലും കടൽക്ഷോഭവും ചേർന്നാൽ പ്രശ്നമാകും. ചൂടാകുന്ന ഇന്ത്യൻ മഹാസമുദ്രവും ഉറപ്പില്ലാതെ ഉടയുന്ന  പർവതനിരകളും എല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ കാഴ്ചകളാണ്. ’’ ഇന്ത്യയുടെ അന്റാർട്ടിക് പര്യവേക്ഷണങ്ങളുടെ കേന്ദ്രമായ ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ (എൻ.സി.പി.ഒ.ആർ) ഡയറക്ടർ ഡോ.തമ്പാൻ മേലത്ത് പറയുന്നു.

കൊച്ചിയിലെ   അന്റാർട്ടിക് ട്രീറ്റി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത് എൻ.സി.പി.ഒ.ആറും കേന്ദ്ര സർക്കാരും അന്റാർട്ടിക്ക് ട്രീറ്റി സെക്രട്ടറിയേറ്റും ചേർന്നാണ്. ഒരു കർഷക കുടുംബത്തിലായിരുന്നു ഡോ. തമ്പാന്റെ ജനനം. സാധാരണ ഗവൺമെൻറ് സ്കൂളിൽ വിദ്യാഭ്യാസം. കാസർകോഡ് കാറഡുക്കയിൽ അടുക്കത്ത് കുഞ്ഞിരാമൻ നായരുടെയും മേലത്ത് അമ്മാളു അമ്മയുടെയും ഇളയ മകന് കടലിനോടായിരുന്നു കമ്പം. സമുദ്രത്തെ കുറിച്ച് പഠിക്കാനുള്ള താല്പര്യവുമായി കൊച്ചി സർവ്വകലാശാലയിൽ വന്ന തമ്പാൻ ഒന്നാം റാങ്കോടെ  ബിരുദാനന്തരബിരുദം പാസായി. തുടർന്ന് മറൈൻ സയൻസിൽ ഗോവ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്, ജർമനിയിലെ ബ്രീമെൻ സർവ്വകലാശാലയിൽ പഠനം.  അന്റാർട്ടിക് വിഷയങ്ങൾ,ഹിമാനികൾ, എന്നിവ ആഴത്തിൽ പഠിച്ചിട്ടുണ്ട്. ദേശീയവും അന്തർദേശീയവുമായ നിരവധി സുപ്രധാനകമ്മിറ്റികളിൽ അംഗമാണ്. കൊച്ചിയിലെ സമ്മേളനത്തിനെ ഇന്ത്യയുടെ പ്രതിനിധിയായി ബുധനാഴ്ച അഭിസംബോധന ചെയ്തത് ഡോ. തമ്പാൻ മേലത്താണ്.

തിരക്കു മാറിയ ഇടവേളയിൽ ഡോ.തമ്പാൻ മേലത്ത് ‘മാതൃഭൂമി’ യോട് സംസാരിക്കുന്നു.

പേമാരികൾക്ക് പിന്നിൽ

ഇവിടെ കാണുന്ന കാലാവസ്ഥ മാറ്റങ്ങൾക്ക് കാരണം ഇവിടം ആവണമെന്നില്ല. ആർട്ടിക്, അന്റാർട്ടിക് മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമെല്ലാം മേഘവിസ്ഫോടനങ്ങളും അതിതീവ്ര മഴയും ഉൾപ്പെടെയുള്ളവയ്ക്ക് വഴി വെക്കാറുണ്ട്. കാലാവസ്ഥ മാറ്റത്തിനൊപ്പം ഒരു ചെറിയ കാരണം മതി ഇതെല്ലാം സംഭവിക്കാൻ. ഇവിടുത്തെ കാലാവസ്ഥ കൊണ്ട് അവിടെ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നുണ്ട്. 20 വർഷത്തിനിടെ നടന്ന ചില പഠനങ്ങളിൽ കാണുന്നത് ഇന്ത്യയുടെ മധ്യമേഖലയിലെ മഴ മൂലം ആർട്ടിക്കിലെ മഞ്ഞുരുകി എന്നാണ്. ഉത്തരാഖണ്ഡിൽ 2013ലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ആർട്ടിക്കിലെ മഞ്ഞുരുക്കമാണെന്നും  പഠനങ്ങളുണ്ട്.

ആശങ്കകളുടെ കാലം

ആർട്ടിക് കടലിൽ ഭൂഗോള ഊഷ്മാവിനെക്കാൾ ഏഴു മടങ്ങാണ് ചൂട് . അവിടെ  ഐസുകട്ടകൾ ഉരുകുന്നത് അന്തരീക്ഷത്തിലെ മാത്രമല്ല, താഴെ നിന്നുമുള്ള ചൂടുകൊണ്ട് കൂടിയാണ്. ആർട്ടിക്കിൽ ( ഉത്തരധ്രുവം) കടലിനു മേലുള്ള മഞ്ഞപാളികളാണ് ഉരുകുന്നത്. എന്നാൽ അൻ്റാർട്ടിക്കിൽ (ദക്ഷിണ ധ്രുവം) ഭൂമിക്കുമേൽ ഭീമാകാരമായ ഹിമശേഖരമാണ് ഉരുകുന്നത്. ഇന്ത്യയുടെ നാലു മടങ്ങു വലിപ്പമുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. അവിടെ മഞ്ഞിന്റെ കനം നാലു കിലോമീറ്റർ വരെയാണ്. നാല് കിലോമീറ്റർ കനത്തിൽ ഉയരത്തിൽ മഞ്ഞുകൊണ്ട് പുതച്ച്..  ധ്രുവങ്ങളിലെ മഞ്ഞരുക്കം ലോകത്ത് എല്ലായിടത്തും ഉള്ള മനുഷ്യരുടെ ജീവിതത്തെയും ഭക്ഷണത്തെയും എല്ലാം ബാധിക്കും. കാരണം ഇന്ന് നാം കഴിക്കുന്നത് ഇവിടെയുണ്ടാക്കിയതു മാത്രമല്ല. ലോകം ഇന്ന് അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നു.ആഗോളതാപനം വിദഗ്ധരുടെ  മാത്രം വിഷയമായിരുന്നു പണ്ട്. ഇന്നതല്ല ലോകമെങ്ങും ചൂടുള്ള ചർച്ചാവിഷയമാണ്. 2018ലെ പ്രളയത്തിനുശേഷം മലയാളികളും ഇതിനെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നു. മൺസൂൺ രീതിയുടെ മാറ്റങ്ങളും കടൽ കയറ്റവും കടലിറക്കവും കള്ളക്കടലും ഒക്കെ ചുറ്റും കാണുന്നു.

ധ്രുവത്തിലെ ജീവിതം

ആർട്ടിക്, അൻ്റാർട്ടിക്  ഗവേഷണങ്ങളുടെ മേഖലയിലേക്ക് ഗോവയിൽ വച്ചാണ് ഞാൻ വഴിതിരിഞ്ഞത്. ശാസ്ത്രജ്ഞനാണെങ്കിലും ലാബിലെ പഠനങ്ങളെക്കാൾ പുറമേയുള്ള പഠനങ്ങൾക്കായിരുന്നു എനിക്ക്  താല്പര്യം. ഇന്ത്യ അന്റാർട്ടിക് പര്യവേക്ഷണങ്ങളിൽ പുതിയ ചുവടുവെക്കുന്ന കാലമായിരുന്നു അത്. പല പഠനങ്ങൾക്കുമായി അന്റാർട്ടിക്കയിൽ ഇന്ത്യ ഐസ് ഡ്രില്ലിങ്ങ്  നടത്തി. അന്റാർട്ടിക്കയിൽ ആറു തവണ പര്യവേക്ഷണത്തിനു  സന്ദർശിച്ചിട്ടുണ്ട്. മൂന്നു മുതൽ ആറു മാസം വരെ താമസിച്ചായിരുന്നു പഠനം. 2006ലാണ് ആദ്യമായി അന്റാർട്ടിക്കയിൽ പോയത്. ഞങ്ങളുടെ ഇന്ത്യൻ സംഘത്തിൽ ആകെ ആറു പേരായിരുന്നു. ധ്രുവത്തിന് അടുത്തേക്ക് പോയത് മറക്കാനാകാത്ത അനുഭവമായിരുന്നു. മൈനസ് 60 ഡിഗ്രിയൊക്കെയാണ് തണുപ്പ്. എവിടെയും മഞ്ഞു മാത്രം.100 കിലോമീറ്റർ   വരെ ദൂരക്കാഴ്ച  ഒന്നാലോചിച്ചു നോക്കൂ. അതിനിടയിൽ കൂറ്റൻ ഗർത്തങ്ങളും കാണും. ഒരു ഭ്രമാത്മകമായ അനുഭവമാണ് അത്.

ഭക്ഷണം ഒരു നേരം അതും വളരെ കുറച്ചു മാത്രം. ചിലപ്പോൾ തണുപ്പുകാരണം കൈകാലുകൾ ഉറച്ചതു പോലെയാകും. പാചകവും വെള്ളവുമാണ് വലിയ പ്രശ്നം. ഞങ്ങൾ കൊണ്ടുപോയ സ്റ്റവ്വും ഗ്യാസും എല്ലാം മരവിച്ചു. പിന്നെ ഒരുതരത്തിൽ ആയിരുന്നു പാചകം. കല്ലു പോലെയായ ഐസിനു മുകളിൽ ടെന്റുകളിൽ മൂന്നു സ്ലീപ്പിങ് ബാഗുകളിലാണ് ഉറക്കം. ഒരു മനുഷ്യന് യഥാർത്ഥത്തിൽ എന്താണ് വേണ്ടത് എന്നത്  അനുഭവിച്ചറിഞ്ഞത് അവിടെ ജീവിച്ച നാളുകളിലാണ് ജീവവായു, വെള്ളം, ഭക്ഷണം, കിടപ്പാടം.
 
പിൻവലിയുന്ന ഹിമാനികൾ

ഹിമാചൽ പ്രദേശിലെ ഹിമാലയ നിരകളിൽ സ്പിതി ജില്ലയിലെ സമുദ്രതാപ്, ചന്ദ്രതാൾ ഹിമാനികളെ കുറിച്ച് ഞാൻ പഠനം നടത്തിയിട്ടുണ്ട്. പലരും കരുതുന്നതുപോലെ ഹിമാലയത്തിലെ പർവത നിരകൾ ഉറച്ചതല്ല. വളരുന്നതും ഉറപ്പില്ലാതെ പൊട്ടിവീഴുന്നതും ഒക്കെയാണ് അവിടുത്തെ പർവതങ്ങൾ. വലിയ പരിണാമങ്ങളാണ് ഹിമാലയത്തിലെ ഹിമാനികൾക്ക് സംഭവിക്കുന്നത്. പതിനായിരകണക്കിന് ഹിമാനികളുണ്ട് അവിടെ. ആഗോളതാപനത്തിന്റെ ഫലമായി അവ പിന്നിലേക്കു പോകുന്നു. അതിനിടെ രൂപപ്പെടുന്ന തടാകങ്ങൾക്ക് കാലാവസ്ഥ മാറുന്നതനുസരിച്ച് രൂപമാറ്റം സംഭവിക്കുന്നു ചിലത് കരകവിഞ്ഞ് ദുരന്തങ്ങൾ ഉണ്ടാകുന്നു. 2003ൽ കേദാർനാഥ്, 13ലെ ഉത്തരാഖണ്ഡ് 2022ൽ ചമോലി, 2023ൽ സിക്കിം ഇതിൽ നിന്നെല്ലാം നമുക്ക് പഠിക്കാനുണ്ട്. ടൂറിസവും തീർത്ഥാടനവും ഇപ്പോൾ വളർന്നിരിക്കുന്നു. ഹിമാലയത്തിന് താങ്ങാവുന്നതിലേറെ മനുഷ്യർ അവിടെയെത്തുന്നുണ്ട്. തീരദേശപരിപാലന നിയമം ഉള്ളതു പോലെ പർവ്വതങ്ങൾക്കും നിയന്ത്രണം വേണ്ടതാണ് എന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ആവശ്യം നിരന്തരം ഉയരുന്നുണ്ട്.

സമുദ്രം തിളച്ചാൽ...

ഇന്ത്യൻ മഹാസമുദ്രത്തിലെ ജലത്തിന് ആഗോള ശരാശരിയെക്കാൾ രണ്ടു ശതമാനം ചൂടു കൂടുതലാണ്. ഇതു കൂടിക്കൊണ്ടിരിക്കുകയുമാണ്. സങ്കീർണമായ ഘടനയാണ് ഇന്ത്യൻ മഹാസമുദ്രത്തിന്. ചൂടുപിടിക്കുന്ന ജലം ഒഴുകി പോകുന്നില്ല. ഈ ചൂടിനൊപ്പമാണ് കാലാവസ്ഥാ വ്യതിയാനം കാരണം സമുദ്രനിരപ്പ് ഉയരുന്നത്. അറബിക്കടലിലെ ചുഴലിക്കാറ്റിന്റെയൊക്കെ പിന്നിൽ ഇത്തരം കാരണങ്ങളുണ്ട്.

ഇന്ത്യയുടെ സ്ഥാനം

ഒരു ആഗോളസമ്മേളനം നടത്താനുള്ള വിപുലമായ സൗകര്യങ്ങൾ ഉളളതിനാലാണ് കൊച്ചി വേദിയായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ രണ്ടാമത്തെ ഇത്തരം സമ്മേളനമാണ് ഇത്. കഴിഞ്ഞതവണ ഡൽഹിയിൽ ആയിരുന്നു. അന്റാർട്ടിക് ട്രീറ്റി അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യയും വലിയ പങ്കു വഹിക്കുന്നുണ്ട്. നമ്മുടെ നയവും തീരുമാനങ്ങളും ലോകരാജ്യങ്ങൾ ശ്രദ്ധിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ തടയേണ്ടത് എല്ലാ രാജ്യങ്ങളുടെയും ആവശ്യമാണ്. കാലാവസ്ഥയുടെ താളപ്പിഴകൾ  ഭയാശങ്കകളോടെയാണ് ലോകം നോക്കിക്കാണുന്നത്.  അതിനെക്കുറിച്ചുള്ള  ചർച്ചകളാണ് 10 ദിവസത്തെ സമ്മേളനത്തിൽ നടക്കുന്നത്. അന്റാർട്ടിക്കയെ കുറിച്ചുള്ള പഠന ഗവേഷണങ്ങൾ പുതിയ അറിവുകൾ നമുക്ക് നൽകും. അത് മനുഷ്യരാശിക്ക് വേണ്ടി നല്ല രീതിയിൽ ഉപയോഗിക്കാനാവും. ലോകരാജ്യങ്ങളിൽ നിന്നുള്ള 350 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

കുടുംബം

കമ്പ്യൂട്ടർ സയൻസ് അധ്യാപികയായ കോഴിക്കോട് സ്വദേശി ധന്യയാണ് ഭാര്യ. മകൾ സിയാ ചെന്നൈയിൽ വിദ്യാർത്ഥിനി. 

Content Highlights: warming society collapsing mountains worried world