ആഫ്രിക്കൻ ഒച്ചുകൾ; വന്നു, കണ്ടു, കൃഷിയിടങ്ങൾ കീഴടക്കുന്നു

പറമ്പിന്റെ അറ്റത്ത്, അതിരിലെ കല്ലുകൾക്കിടയിൽ ആറുമാസം മുമ്പാണ് അതിനെ ആദ്യം കണ്ടത്. വലിയൊരു ശംഖ് പോലെയൊന്ന്. സൂക്ഷിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത് സംഭവം ഭീകരനായ ആഫ്രിക്കൻ ഒച്ചാണ്!
കയ്യിൽ കിട്ടിയ ചിരട്ടയിലെടുത്ത് പഴയൊരു പെയിന്റ്ബക്കറ്റിലിട്ടു. അല്പം കഴിഞ്ഞു നോക്കുമ്പോൾ പുള്ളിക്കാരൻ മെല്ലെ ബക്കറ്റിന്റെ മുകളിലേക്ക് ഇഴഞ്ഞു കയറി വരുന്നു. കുറച്ച് ഉപ്പുപൊടി മീതെയിട്ടു. 'പ്ശും' എന്നൊരു ശബ്ദത്തോടെ അദ്ദേഹം താഴേക്ക് വീണു. കഥ അവിടെ തീർന്നെന്നാണ് കരുതിയത്. എന്നാൽ യഥാർത്ഥ വില്ലൻ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ!
മാസങ്ങൾ കഴിഞ്ഞു. ഒരു ദിവസം പൂന്തോട്ടത്തിലൂടെ നടക്കുമ്പോൾ ദാ കിടക്കുന്നു വീണ്ടും! പൂച്ചട്ടിയുടെ അരികിൽ, മതിലിന്റെ കോണിൽ... ഒന്നല്ല, ഡസൻ കണക്കിന്!
റമ്പൂട്ടാന്റെ കടയ്ക്കൽ തണലിനായി ഇട്ട ചവറുകൾക്കിടയിൽ തണുപ്പുപറ്റി ഒച്ചിൻ കുഞ്ഞുങ്ങളുടെ കൂട്ടം. വൈകിയില്ല, സകലയിടവും റെയിഡ് ചെയ്തു. അപ്പോഴതാ, മേൽമണ്ണിന് തൊട്ടടിയിൽ ഇളംമഞ്ഞ നിറത്തിൽ നൂറുകണക്കിന് മുട്ടകൾ! ഉടൻ തന്നെ ചന്തയിൽ പോയി കുമ്മായം വാങ്ങി, കണ്ടതിനെയെല്ലാം പെറുക്കി ബക്കറ്റിലിട്ട് കുമ്മായവും വിതറി. പറമ്പ് കൊത്തിക്കിളച്ച് വീണ്ടും കുമ്മായമിട്ടു.
അവിടംകൊണ്ട് തീർന്നെന്നു കരുതി. പക്ഷേ, മഴക്കാലം വന്നതോടെ കഥ മാറി. സിറ്റൗട്ടിലും, വാഷ് ബേസിന്റെ ടാപ്പിനരികിലും വരെ പശിമയുള്ള ചുണ്ടുകളുമായി ഇഴഞ്ഞുനടക്കുന്നു! ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അവർ വരുത്തിയ നാശത്തിന്റെ വ്യാപ്തി മനസ്സിലായത്:
പൂത്തുനിന്ന ആകാശവെള്ളരിയുടെ മൊട്ടുകൾ കാണാനില്ല! ആരെങ്കിലും പൊട്ടിച്ചുക്കളഞ്ഞതാണോ എന്ന് സംശയിച്ചു. വീടിനുപിന്നിൽ നിലംപറ്റെ വളർന്ന കുമ്പളവള്ളി മൊത്തത്തിൽ ശാപ്പിട്ടിരിക്കുന്നു.പൂച്ചട്ടിയിലെ ചെടികളുടെ ഇലകൾ ഒന്നടങ്കം തീർത്തിരിക്കുന്നു. സകലതും തിന്നുമുടിക്കുന്ന കൂട്ട ആക്രമണം! ഇനി എങ്ങനെ ധൈര്യത്തിൽ പറമ്പിൽ പയറോ ചേമ്പോ ചേനയോ നടും?
ആരാണ് ഈ 'ജയന്റ് ആഫ്രിക്കൻ സ്നെയിൽ'?
കിഴക്കൻ ആഫ്രിക്കയാണ് ഇവരുടെ സ്വന്തം നാടെങ്കിലും അന്റാർട്ടിക്ക ഒഴികെയുള്ള ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും ഇവരിന്ന് സാമ്രാജ്യം സ്ഥാപിച്ചുകഴിഞ്ഞു!
കേരളത്തിലെ വരവ്: 1955-ൽ പാലക്കാട്ട് ഗവേഷകൻ പഠനാവശ്യത്തിനായി കൊണ്ടുവന്നു. പിന്നീടത് അബദ്ധവശാൽ പുറത്തുവന്നു. മുട്ടിയിട്ടുപെരുകി. എന്നാൽ കൂട്ടായ ശ്രമത്തിലൂടെ അന്ന് അമർച്ചചെയ്തു. പക്ഷേ, 2005-ൽ കൊച്ചി വില്ലിങ്ഡൺ ഐലൻഡിൽ മ്യാൻമറിൽ നിന്ന് ഇറക്കുമതി ചെയ്ത തടികളിലൂടെ ഇവ വീണ്ടും കൂട്ടത്തോടെ എത്തി.
വളർച്ചയും ആയുസ്സും: 19 സെന്റീമീറ്റർ വരെ നീളവും 750 ഗ്രാം വരെ ഭാരവും ഇവയ്ക്ക് വരാം. വെറും 6 മാസം കൊണ്ട് പൂർണ്ണവളർച്ചയെത്തും. 5 മുതൽ 10 വർഷം വരെയാണ് ആയുസ്സ്.
അതിജീവന ശേഷി: പ്രതികൂല കാലാവസ്ഥയാണെങ്കിൽ കട്ടിയുള്ള തോടിനുള്ളിൽ ഒളിച്ചിരുന്ന് 3 വർഷം വരെ ഉറങ്ങാൻ (Hibernation) കഴിയും!
വംശവർദ്ധനവ്: ആൺ-പെൺ ജനനേന്ദ്രിയങ്ങൾ ഒരൊറ്റ ഒച്ചിൽ തന്നെയുണ്ട് (Hermaphrodite). അതിനാൽ എല്ലാ ഒച്ചുകളും മുട്ടയിടും! ആദ്യവർഷം 100 മുട്ടകൾ വരെയാണെങ്കിൽ, പിന്നീട് ഒറ്റയടിക്ക് 500-ലധികം മുട്ടകൾ വരെയിടും.
ആഹാരം: പകൽസമയത്ത് മണ്ണിലും ഇലക്കൂട്ടങ്ങളിലും ഒളിച്ചിരുന്ന് രാത്രിയിലാണ് ഇവയുടെ വിളയാട്ടം. വാഴ, കാപ്പി, തേയില, റബ്ബർ, തേക്ക്, പച്ചക്കറികൾ തുടങ്ങി അഞ്ഞൂറോളം സസ്യങ്ങളുടെ ഇലകൾ ഇവ ഭക്ഷിക്കും.
ഭിത്തി കാർന്നുതിന്നുന്നവർ: തോടിന്റെ വളർച്ചയ്ക്ക് കാത്സ്യം അത്യാവശ്യമായതിനാൽ കോൺക്രീറ്റ് ഭിത്തികൾ പോലും ഇവർ കാർന്നുതിന്നാൻ നോക്കും!
ആഫ്രിക്കൻ ഒച്ചുകളെ എങ്ങനെ നേരിടാം
പറമ്പ് വൃത്തിയായി സൂക്ഷിക്കുക: ചപ്പുചവറുകൾ കൂട്ടമായി ഇടാതെ പറമ്പ് കൊത്തിക്കിളച്ചിടുക. സൂര്യപ്രകാശം നന്നായി വീഴുന്നിടത്ത് ഒച്ചുകൾ വാഴില്ല.
രാത്രിയിലെ വേട്ട: സൂര്യാസ്തമയത്തിന് രണ്ടു മണിക്കൂറിനു ശേഷം കൈയുറകൾ ധരിച്ച് ഒച്ചുകളെ പിടികൂടുക. പിടിച്ചവയെ 25% വീര്യമുള്ള ഉപ്പുവെള്ളത്തിലിട്ട് നശിപ്പിക്കാം.
ചണച്ചാക്ക് കെണി: നനഞ്ഞ ചണച്ചാക്കുകൾ പറമ്പിലിടുക. തണുപ്പ് തേടി അതിലേക്ക് ആകൃഷ്ടരായി ഒച്ചുകളെത്തും. രാവിലെ ഇവയെ ശേഖരിച്ച് ഉപ്പുവെള്ളത്തിലിടാം.
പുളിപ്പിച്ച ഇലക്കെണി: ക്യാബേജ്, പപ്പായ ഇലകൾ അല്ലെങ്കിൽ മുരിങ്ങയില എന്നിവ നനഞ്ഞ ചാക്കിലാക്കി ഒരുദിവസം വെച്ച് പുളിപ്പിച്ച ശേഷം പറമ്പിൽ വെച്ചാൽ ഒച്ചുകൾ കൂട്ടത്തോടെ ഇതിലേക്ക് എത്തും.
പഴവർഗ്ഗ കെണി (Bait Trap): മണ്ണിൽ ഒരടി ആഴത്തിൽ കുഴിയെടുത്ത് പുളിപ്പിച്ച പൈനാപ്പിൾ, പഴം, പപ്പായ അവശിഷ്ടങ്ങൾ, ശർക്കര, യീസ്റ്റ് എന്നിവ (അല്ലെങ്കിൽ ആട്ടപ്പൊടി, ശർക്കര, യീസ്റ്റ് കുഴമ്പ്) ഇടുക. അടുത്ത ദിവസം രാവിലെ കുഴിയിൽ തുരിശ് ഒഴിച്ച് ഇവയെ കൂട്ടത്തോടെ നശിപ്പിക്കാം.
തടസ്സങ്ങൾ സൃഷ്ടിക്കുക: കൃഷിയിടത്തിനു ചുറ്റും പുകയിലപ്പൊടി, തുരിശുപൊടി, ബോറാക്സ് പൗഡർ എന്നിവ വിതറുന്നത് ഒച്ചുകൾ കയറുന്നത് തടയും.
രാസപ്രയോഗം (വിളകളിൽ): കോപ്പർ ഓക്സിക്ലോറൈഡ് (3 ഗ്രാം/ലിറ്റർ വെള്ളത്തിൽ) കലക്കി വിളകളിൽ തളിക്കാം (നെല്ലിലും വെള്ളരി വർഗ്ഗങ്ങളിലും ഇത് തളിക്കരുത്).
മെറ്റൽഡിഹൈഡ് പെല്ലറ്റുകൾ: ഒച്ചുകൾ അമിതമായുള്ള സ്ഥലങ്ങളിൽ മെറ്റൽഡിഹൈഡ് പെല്ലറ്റുകൾ ഉപയോഗിക്കാം (ഏക്കറിന് 2 കിലോഗ്രാം). ഉപയോഗിക്കുമ്പോൾ നിർബന്ധമായും കയ്യുറകൾ ധരിക്കണം. കുട്ടികളിൽ നിന്നും വളർത്തുമൃഗങ്ങളിൽ നിന്നും അകറ്റി നിർത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
കൂട്ടായ പോരാട്ടം: നിങ്ങളുടെ പറമ്പിലെ ഒച്ചിനെ മാത്രം നശിപ്പിച്ചാൽ കാര്യമില്ല. അടുത്ത പറമ്പിൽ നിന്ന് അവ വീണ്ടും എത്തും. അതിനാൽ റസിഡൻഷ്യൽ അസോസിയേഷനുകളുടെയും അയൽവാസികളുടെയും സഹകരണത്തോടെ ഒരേ സമയം ഇവയെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങിത്തിരിക്കുക.
(കടപ്പാട്: ഡോ. ബെറിൻ പത്രോസ്, പ്രൊഫസർ, കീടശാസ്ത്ര വിഭാഗം, കേരള കാർഷിക സർവകലാശാല)
Content Highlights: Identification of Giant African Snails and their destructive impact on crops., Understanding the life cycle, reproduction, and survival mechanisms of the species., Practical DIY trapping methods using organic baits and physical barriers., Safe chemical control measures including metaldehyde pellets and copper oxychloride., The importance of community-based eradication efforts for long-term success.