ഭൂമി സർവ്വംസഹയാണെന്ന് ആര് പറഞ്ഞു? എല്ലാ സഹനത്തിനും അതിരുണ്ട്; പരിസ്ഥിതിദിനത്തിന്റെ രാഷ്ട്രീയ സന്ദേശം

ജൂൺ 5 പരിസ്ഥിതിയുടെ ദിനമാണ്. ലോകവ്യാപകമായി തന്നെ എല്ലാ വിഭാഗം ജനങ്ങളും ഭരണകൂടങ്ങളും രാഷ്ട്രീയ- -മതപ്രസ്ഥാനങ്ങളുമെല്ലാം ആ ദിനം തങ്ങളുടേതായ രീതിയിൽ അടയാളപ്പെടുത്താൻ മറക്കാറില്ല. അത്രത്തോളം അത് നല്ലതു തന്നെ. ബാക്കിയുള്ള 364 ദിവസങ്ങളിലും പ്രകൃതിയെ എത്രമേൽ ദ്രോഹിച്ചാലും ജൂൺ 5 ആചരിച്ചാൽ ആ പാപം താനെ കഴുകി പോയി എന്ന് ചിന്തിക്കുന്നവരും ഉണ്ടാകാം. ആഗോളതാപനവും അത് സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനവും മാനവരാശിയുടെ ഭാവിയെ തന്നെ അപകടത്തിലാക്കുകയാണ്. ഈ ദിനങ്ങളിലും ഭൂമി നേരിടുന്ന വെല്ലുവിളി തിരിച്ചറിയാത്തവർ ഇരിക്കുന്ന കൊമ്പ് മുറിച്ച മനുഷ്യനെപ്പോലെയാണ്. സമൂഹമാകെ ആഗോളതാപനത്തിന്റെ തിരിച്ചറിവു കളിലേക്ക് കണ്ണുതുറക്കാൻ ഇനിയും വൈകരുത്.
"നാളെയാവുകിൽ ഏറെ വൈകീടും" എന്ന് നമ്മളോട് എല്ലാം പറയുന്ന എത്രയെത്ര മുന്നറിയിപ്പുകളാണ് പ്രകൃതി ഇതിനകം നൽകിയത്! എല്ലാ ഭൂഖണ്ഡങ്ങളിലുമായി രാജ്യങ്ങൾ തോറും എത്രയെത്ര മനുഷ്യ ജീവിതങ്ങളാണ് ദുരന്തങ്ങളിൽപ്പെട്ട് ഇല്ലാതായത്! വികസനത്തിന്റെ പേരിൽ മുൻപിന്‍ നോക്കാതെ മനുഷ്യൻ കെട്ടിപ്പൊക്കിയ എത്രയെത്ര നിർമ്മിതികളാണ് തകർന്നടിഞ്ഞത്! എത്ര ഭീമമായ സമ്പത്താണ് ഒരു നിമിഷം കൊണ്ട് മണ്ണോട് മണ്ണായി മാറിയത്! ഭൂമി സർവ്വംസഹയാണെന്ന് ആരാണ് പറഞ്ഞത്? ആ കള്ളക്കഥ വിശ്വസിച്ചാണ് പണ്ട് അമ്മമാർ പെൺമക്കളോടും ഭൂമിയെ പോലെ സഹനം പഠിക്കാൻ പറഞ്ഞത്. ഭൂമിമാതാവ് ഇന്ന് എല്ലാവരോടും പറയുന്നു, എല്ലാ സഹനത്തിനും ഒരു അതിരുണ്ടെന്ന്. ഭൂമിക്കും പെണ്ണിനും അതിരുവിട്ടാൽ ഒന്നും സഹിക്കാൻ കഴിയില്ലെന്ന്.
ഭൂമി ആരുടേതാണ് എന്ന ചോദ്യം മൂലധനത്തില്‍ മാർക്സ് ഉന്നയിക്കുന്നുണ്ട്. അതിന്റെ ഉത്തരവും അദ്ദേഹം ഉദ്ധരിക്കുന്നു - "ഒരാളിന്റേതും ഒരുകൂട്ടം ആളുകളുടേതുമല്ല, ഇന്നുള്ള എല്ലാ ജനപദങ്ങളെയും ചേർത്തുവച്ചാൽ അവരുടേതുമല്ല ഈ ഭൂമി. ഇനി പിറക്കാനിരിക്കുന്ന തലമുറകളാണ് അതിന്റെ അവകാശികൾ. അവർ ജീവിക്കാൻ എത്തുമ്പോൾ ഇന്നുള്ളതിനെക്കാൾ മെച്ചപ്പെട്ട ഒന്നാക്കി ഭൂമിയെ അവർക്കേല്‍പ്പിച്ചു കൊടുക്കലാണ് നമ്മുടെ കർത്തവ്യം. മാർക്സിസം മുന്നോട്ടുവയ്ക്കുന്ന പ്രപഞ്ച വീക്ഷണത്തിന്റെ സാരാംശമായി ഈ കാഴ്ചപ്പാടിനെ കാണുന്നവരുമുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ എക്കാലത്തെയും സമസ്യകളിലേക്ക് മാർക്സിസം കണ്ണോടിക്കുന്നത് ഈ വഴിയിലൂടെയാണ്. അന്തരിച്ച ഫ്രാൻസിസ് മാർപാപ്പ മാർക്സിസ്റ്റ് ആയിരുന്നില്ല. പക്ഷേ "ഭൂമി നമ്മുടെ പൊതുഗേഹം (Earth our common home)" എന്ന് വിശേഷിപ്പിച്ചുകൊണ്ട് സമാനമായ ആശയങ്ങൾ പലപ്പോഴും അദ്ദേഹം പറയുകയുണ്ടായി.
മൂലധനത്തിന്റെ ലാഭാർത്തിയാണ് കണ്ണിൽ ചോരയില്ലാത്ത മുതലാളിത്ത ചൂഷണമായി മാറുന്നത്. അത് പ്രകൃതിക്ക് മേലുള്ള മുതലാളിത്തത്തിന്റെ ബലാൽസംഗമാണെന്നാണ് എംഗല്‍സ് വിശേഷിപ്പിച്ചത്. പ്രകൃതി ഈ ക്രൂരതയോട് പ്രതികാരം ചെയ്യാതിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ആ പ്രതികാരമാണ് നാമിന്ന് നേരിടുന്ന എല്ലാ പാരിസ്ഥിതികപ്രതിസന്ധികളും. മാർക്സും എംഗല്‍സും മാത്രമല്ല മഹാത്മാഗാന്ധിയും മാർട്ടിന്‍ ലൂഥർകിംഗും ഫ്രാന്‍സിസ് പാപ്പയും എല്ലാം ഈ ചിന്താഗതി പങ്കുവെച്ചവരാണ്. "അങ്ങേയ്ക്ക് സ്തുതി" എന്ന ചാക്രികലേഖനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറയുന്നത് മൂലധനം എല്ലാറ്റിനോടും കാണിക്കുന്ന വഞ്ചനയെപ്പറ്റിയാണ്. യുവാക്കളോടുംവൃദ്ധരോടും സ്ത്രീകളോടും എല്ലാം കാണിക്കുന്ന മുതലാളിത്തവഞ്ചനയെ പറ്റി പറഞ്ഞ മാർപ്പാപ്പ അത് പ്രകൃതിയെ ചവിട്ടി തേക്കുന്നു എന്ന വിമർശനവും ഉന്നയിച്ചു.
മനുഷ്യരാശിയുടെ ഏറ്റവും പുതിയ തലമുറയില്‍ നിന്ന് പ്രകൃതിയ്ക്കും ഭാവിയ്ക്കും വേണ്ടി രോഷാകുലമായ ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. 15 വയസ്സുള്ള ഒരു സ്കൂള്‍ വിദ്യാർത്ഥിയായിരിക്കെ 2019 ലെ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോക നേതാക്കളുടെ മുഖത്തുനോക്കി "ഇങ്ങനെ നിസ്സംഗരും നിഷ്ക്രിയരും ആയിരിക്കാൻ എങ്ങനെ നിങ്ങള്‍ക്ക് കഴിയുന്നു" എന്ന് ചോദിച്ച ഗ്രേറ്റ തുന്‍ബർഗ് എന്ന പെണ്‍കുട്ടി നമുക്ക് ആവേശം പകരും. ഭൂമിയുടെയും മനുഷ്യന്റെയും ശോഭനമായ ഭാവിക്കുവേണ്ടി ആകാംക്ഷപൂണ്ട ഈ മഹാമനുഷ്യരെല്ലാം പരിസ്ഥിതി പ്രശ്നങ്ങളെ കണ്ടത് കേവലമായ ജീവകാരുണ്യപ്രശ്നമായി മാത്രമല്ല. അതിലുള്‍പ്പെട്ട സാമ്പത്തിക സാമൂഹ്യദാർശനിക ഘടകങ്ങളെ കൂടി കണക്കിലെടുത്തുകൊണ്ടേ ഭൂമിയും മനുഷ്യനും തമ്മിലുള്ള പരസ്പരബന്ധത്തെ മനസ്സിലാക്കാൻ കഴിയൂ എന്നവർക്കറിയാമായിരുന്നു. ഈ കാഴ്ചപ്പാടില്‍ നിന്നാണ് പരിസ്ഥിതിയുടെ രാഷ്ട്രീയം രൂപം കൊള്ളുന്നത്.
പരിസ്ഥിതിക്ക് എന്ത് രാഷ്ട്രീയം എന്ന് ചോദിക്കുന്ന ശുദ്ധാത്മാക്കള്‍ കാട് കാണാതെ മരം കാണുന്നവരാണ്. മരങ്ങള്‍ക്കും മലകള്‍ക്കും പുഴകള്‍ക്കും വേണ്ടിയുള്ള വിലാപമായി മാത്രമേ അത്തരക്കാർ പരിസ്ഥിതിയെ കാണുന്നുള്ളൂ. ആ വിലാപം എത്രത്തോളം സത്യസന്ധമായിക്കൊള്ളട്ടെ, അതിന്റെ പുറകിലുണ്ടാകേണ്ട അന്വേഷണങ്ങളോടും അതില്‍ നിന്നുയർന്നുവരുന്ന പ്രതിഷേധങ്ങളോടും ബന്ധപ്പെട്ടു കൊണ്ടല്ലാതെ പ്രസക്തമാവുകയില്ല. ആഗോളതാപനത്തിന്റെ തോത് ഉയരുമ്പോളെല്ലാം മനുഷ്യർ അതിന്റെ വില കൊടുക്കേണ്ടിവരുന്നു. വ്യവസായ വിപ്ലവത്തിന്റെ ആരംഭത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഭൂമിയിലെ ചൂട് അസഹനീയമായിവർദ്ധിച്ചുവരുകയാണ്. 1859-1890 കാലത്ത് ഉണ്ടായിരുന്ന തിനേക്കാള്‍ 1.09 ഡിഗ്രി സെല്‍ഷ്യസ് അധികം ഊഷ്മാവാണ് 2011-2020കാലത്ത് ഉണ്ടായത്. കരയില്‍ 1.95 ഡിഗ്രി സെല്‍ഷ്യസും കടലില്‍ 0.88 ഡിഗ്രി സെല്‍ഷ്യസും വർദ്ധനവ്. വ്യവസായ വിപ്ലവത്തിന് മുമ്പുള്ള കാലഘട്ടത്തിനേക്കാള്‍ 2020 ല്‍ 1.2 ഡിഗ്രി സെല്‍ഷ്യസും 2023 ല്‍ 1.75 ഡിഗ്രി സെല്‍ഷ്യസും താപനില വർദ്ധനവ് രേഖപ്പെടുത്തി.
അപകടകരമായ ഈ പ്രതിഭാസത്തെ തടയാത്ത പക്ഷം " ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ"എന്ന ചോദ്യം ലോകത്തെമ്പാടും ഭയാനകമായ രൂപത്തില്‍ ഉയർന്നുവരും. ഈ ദുസ്ഥിതിയോടുള്ള പ്രതികരണമായിരുന്നു അന്താരാഷ്ട്ര പരിസ്ഥിതി ഉച്ചകോടികള്‍. അവിടെയെല്ലാം ഒത്തുകൂടിയ രാഷ്ട്രങ്ങള്‍ ആഗോളതാപനം പിടിച്ചു നിർത്തേണ്ടതിന്റെ ആവശ്യകതയും അതിനുള്ള വഴികളും ചർച്ച ചെയ്തു. 2015 ല്‍ പാരീസില്‍ നടന്ന ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന ഉച്ചകോടി ഇക്കാര്യം ഗൗരവ പൂർവ്വം ചർച്ച ചെയ്തു.
ആഗോളതാപനത്തെ 2 ഡിഗ്രി സെല്‍ഷ്യസിന്റെ ചുവടെ പിടിച്ചുനിർത്താന്‍ ധാരണയിലെത്തിയ പാരീസ് ഉടമ്പടി അങ്ങനെ ഉണ്ടായതാണ്. അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹവാതകങ്ങള്‍ ഏറ്റവും കൂടുതലായി തുപ്പുന്ന രാജ്യങ്ങള്‍ അതിന്റെ പ്രായശ്ചിത്തം കണക്കെ ദുർബ്ബല രാജ്യങ്ങളുടെ വളർച്ചയ്ക്കായി മാറ്റി വയ്ക്കേണ്ട വിഹിതങ്ങളെ കുറിച്ചും ഉടമ്പടിയില്‍ ധാരണയുണ്ടായി. ഒരുപാട് കാലം നീണ്ടുപോയ ചർച്ചകള്‍ക്കൊടുവില്‍ പാരീസ് ഉടമ്പടി യാഥാർത്ഥ്യമായപ്പോള്‍ മനുഷ്യരാകെ നിശ്വാസമുതിർത്തു. ആ നെടുവീർപ്പിനെയാണ് ഒറ്റ നിമിഷംകൊണ്ട് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയത്. അധികാരമേറ്റെടുത്ത തൊട്ടടുത്ത നിമിഷങ്ങളില്‍ അദ്ദേഹം ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ പ്രധാനപ്പെട്ട ഒന്നായി അദ്ദേഹം കണ്ടത് ഈ തീരുമാനമാണ്.
അമേരിക്കയ്ക്കെതിരായ കെണി എന്നുപോലും ട്രംപ് അതിനെ വിളിച്ചു. സർവ്വാധികാര ഹുങ്ക് തലയ്ക്കു പിടിച്ച ഒരാളിന്റെ വാക്കും പ്രവൃത്തിയുമായി അതിനെ നാം നിസ്സാരവത്കരിച്ചുകൂടാ. കമ്പോളങ്ങള്‍ വെട്ടിപ്പിടിക്കാനും ലാഭസാമ്രാജ്യം വിപുലപ്പെടുത്താനുമുള്ള ആധുനീക മുതലാളിത്തത്തിന്റെ ആർത്തി നിറഞ്ഞ കരുനീക്കം തന്നെയാണത്. അവിടെയാണ് ആഗോള വത്കരണവും ആഗോള താപനവും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ കണ്ണികള്‍ വെളിവാകുന്നത്. സത്യത്തില്‍ ആഗോള താപനത്തിന്റെ മാതാവും പിതാവും ആഗോളവത്കരണം തന്നെയാണെന്ന യാഥാർത്ഥ്യം വെളിവാകുന്നത്. അത് ഐശ്വര്യങ്ങള്‍ ഇറ്റിറ്റു വീഴുന്ന ട്രിക്കിള്‍ ഡൗണ്‍ (Trickle down) സിദ്ധാന്തം പറഞ്ഞെങ്കിലും താഴെക്കിടയിലുള്ള രാജ്യങ്ങള്‍ക്കും മനുഷ്യർക്കും ഒന്നും കിട്ടിയില്ല. സമ്പന്നർ കൂടുതല്‍ സമ്പന്നരാവുകയും ദരിദ്രർ കൂടുതല്‍ ദരിദ്രരാവുകയും ചെയ്തു.
2013 ല്‍ ലോകത്തിലെ ഏറ്റവും ധനികരായ ഒരു ശതമാനത്തിന്റെ കയ്യിലാണ് സമ്പത്തിന്റെ 48 ശതമാനവും ഉണ്ടായിരുന്നതെങ്കില്‍ 2016 ല്‍ അത് പകുതിയിലധികമായി. 2014 ല്‍ ഓക്സ് ഫാം ഇന്റർ നാഷണലിന്റെ ഒരു പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത് ലോകത്തിലെ അതി സമ്പന്നരായ 85 വ്യക്തികളുടെ ആകെ സമ്പത്ത് ലോകജനസംഖ്യയുടെ താഴെക്കിടയിലുള്ള നേർ പകുതിയുടെ - അതായത് 3.5 ബില്ല്യണ്‍ മനുഷ്യരുടെ - മൊത്തം ആസ്തിയ്ക്ക് തുല്യമാണെന്നാണ്. എന്നാല്‍ ലാഭമോഹം മാത്രം കൈമുതലാക്കിയ കയ്യേറ്റങ്ങള്‍ക്ക് പ്രകൃതി നല്‍കിയ തിരിച്ചടിയേറ്റുവാങ്ങിയതാകട്ടെ ഏറ്റവും താഴെക്കിടയിലുള്ള രാജ്യങ്ങളും മനുഷ്യരുമാണ് എന്നതാണ് വൈരുദ്ധ്യം. ഇത്തരം ലോകയാഥാർത്ഥ്യങ്ങളിലേക്ക് കണ്ണു തുറക്കണമെന്ന് കൂടിയാണ് ഈ പരിസ്ഥിതി ദിനവും നമ്മോട് ആവശ്യപ്പെടുന്നത്.
പരിസ്ഥിതിയെയും വികസനത്തെയും പരസ്പര വിരുദ്ധമായി വർഗ്ഗീകരിക്കുന്ന പ്രവണത മനുഷ്യവിരുദ്ധം എന്നതുപോലെ അശാസ്ത്രീയവുമാണ്. വികസനം എന്നതിനെപറ്റി മുതലാളിത്ത മുഖ്യധാര നമ്മെ ആവർത്തിച്ചു പഠിപ്പിച്ച സങ്കല്‍പങ്ങളുടെ ഫലമാണത്. ഇന്ന് ജീവിച്ചിരുന്നവരും വരാനിരിക്കുന്നവരുമായ തലമുറകളുടെ ജീവിതാവശ്യങ്ങളെ നിറവേറ്റുന്നതിനായി പ്രകൃതി വിഭവങ്ങളെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തുന്നതാണ് സ്വീകാര്യമായ വികസന മാതൃക. മലയാളികള്‍ക്ക് തിരക്കൊഴിഞ്ഞതും വേഗത്തില്‍ സഞ്ചരിക്കാനാവുന്നതുമായ ദേശീയപാത തീർച്ചയായും ആവശ്യമാണ്. അത് നിർമ്മിക്കേണ്ടത് ഭരണകൂടങ്ങളുടെ കടമയുമാണ്. എന്നാല്‍ വർഷത്തിന്റെ പകുതിക്കാലം മഴ പെയ്യുന്ന ഈ നാട്ടില്‍ വെള്ളത്തിന് ഒഴുകിപ്പോകാന്‍ ഇടമില്ലാതെ പണിയുന്ന ഏതൊരു നിർമ്മിതിയെയും പ്രകൃതി സ്വീകരിക്കുകയില്ല.
താല്‍കാലികമായി ഉണ്ടാകുന്ന തുച്ഛമായ ലാഭങ്ങള്‍ക്ക് ഭാവിയില്‍ കൂടിയ വില നല്‍കേണ്ടി വരും എന്ന മുന്നറിയിപ്പ് എത്രയോ തവണ പ്രകൃതി നമുക്ക് നല്‍കിക്കഴിഞ്ഞു. എല്ലാവരുടെയും ആവശ്യങ്ങള്‍ക്ക് മതിയാകുന്നതും ആരുടെയും ദുരയ്ക്ക് തികയാത്തതുമാണ് പ്രകൃതി വിഭവങ്ങള്‍ എന്ന് ഗാന്ധിജി എപ്പോഴും ഓർമിപ്പിച്ചു. ഈ തിരിച്ചറിവില്‍ നിന്നാണ് സുസ്ഥിര വികസന സങ്കല്‍പം രൂപം കൊള്ളുന്നത്. എന്നാല്‍ ആരുടെയെങ്കിലും ആഗ്രഹചിന്തയില്‍ നിന്നോ അരാഷ്ട്രീയമായ വാചാടോപങ്ങളില്‍ നിന്നോ അത് യാഥാർത്ഥ്യമാവുകയില്ല. മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ വികസന മാതൃകകളെ കയ്യൊഴിയാനും വിവേകപൂർവ്വവും സുസ്ഥിരവുമായ പുതുമാതൃകകള്‍ സ്വീകരിക്കാനും ഭരണകൂടങ്ങള്‍ മുന്നോട്ടു വരേണ്ടതുണ്ട്. മൂലധനശക്തികള്‍ക്ക് മേല്‍ക്കയ്യുള്ള ആഗോളഭരണക്രമത്തില്‍ ശക്തമായ ഒരു ബഹുജനമുന്നേറ്റത്തിലൂടെ മാത്രമേ ആ ലക്ഷ്യത്തിലേക്ക് ഒരടിയെങ്കിലും നീങ്ങാന്‍ മനുഷ്യരാശിക്ക് കഴിയൂ.
ലാഭാർത്തി പ്രകൃതിയ്ക്കുമേല്‍ നടത്തിയ ആക്രമണങ്ങളുടെ തിരിച്ചടികള്‍ക്ക് ഇരയായ നിസ്സഹായരായ മനുഷ്യരോടുള്ള ഐക്യവും സാഹോദര്യവും ആയിരിക്കും പാരിസ്ഥിതിക രാഷ്ട്രീയത്തിന്റെ വരുംകാല സമരങ്ങള്‍ക്ക് ചൈതന്യം പകരുക. മാനവരാശി സർവ്വനാശത്തിന്റെ വക്കിലെത്തിയോ എന്ന് പോലും ഭയപ്പെട്ടു പോകുന്ന ഈ ഘട്ടത്തിൽ വ്യത്യസ്ത വിശ്വാസപ്രമാണങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും കൈകോർത്തു നീങ്ങാൻ കഴിയേണ്ടതുണ്ട്. മാർക്സിസത്തിനും ഗാന്ധിസത്തിനും മനുഷ്യനെ മറക്കാത്ത മതബോധത്തിനും ഈ യാത്രയിൽ ഒന്നിച്ച് നീങ്ങാൻ തലങ്ങളേറെയുണ്ട്. അവയെതെന്ന് അന്വേഷിക്കുവാനും കണ്ടെത്തുവാനും ഈ പരിസ്ഥിതി ദിനം നമ്മോട് ആഹ്വാനം ചെയ്യുന്നു.
Content Highlights: world environment day 2025 article by binoy viswam