വെള്ളം പാഴാക്കുന്നത് തടയാം; ജലസംരക്ഷണം ഹരിതഭവനത്തില്‍ തുടങ്ങാം

#ഡോ. മാധവന്‍ കോമത്ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജലസംരക്ഷണത്തിന് തുടക്കം കുറിക്കേണ്ടത് നമ്മുടെ വീടുകളില്‍ നിന്നാണ്. വീട്ടിലെ അടുക്കളയില്‍ നിന്നും ദിവസേന ലിറ്റര്‍ കണക്കിന് വെള്ളമാണ് പാഴായിപ്പോകുന്നത്. അത് നേരാംവണ്ണം സംരക്ഷിച്ചാല്‍ കുടിക്കുന്നത് ഒഴിച്ച് മറ്റ് പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. രാവിലെ മുതല്‍ രാത്രി വരെ പാത്രം മാത്രം കഴുകാനായി എത്ര ലിറ്റര്‍ വെള്ളമാണ് നാം ചിലവഴിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രകൃതിയില്‍ നിന്നും വെറുതെ കിട്ടുന്ന വസ്തുവായി അതിനെ കാണുന്നതുകൊണ്ട് ജലത്തിന്റെ വില നമ്മള്‍ മനസ്സിലാകാതെ പോകുന്നു. പാത്രങ്ങള്‍ കഴുകി അടുക്കളയിലെ സിങ്കിലേക്ക് ഒഴിക്കുന്നതിന് പകരം കഴുകുന്ന പാത്രത്തിന്റെ അടിയില്‍ ഒരു പ്ലാസ്റ്റിക് ട്രേയോ മറ്റോ വെച്ച് പാഴ്ജലം പിടിച്ചുവെയ്ക്കാവുന്നതാണ്. പലപ്രാവശ്യമായി ഇങ്ങിനെ ലഭിക്കുന്ന പാഴ്ജലം ഒരു ടാങ്കിലേക്കോ വലിയ ബക്കറ്റിലേക്കോ മാറ്റാവുന്നതാണ്. ഈ ടാങ്കിലേക്ക് കുറച്ച് ആലം കലക്കി ഒഴിച്ച് അനങ്ങാതെ ഒരിടത്ത് വെച്ചാല്‍ ഖരപദാര്‍ഥങ്ങള്‍ ടാങ്കിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടുകയും മുകളിലെ വെള്ളം തെളിഞ്ഞതായിരിക്കുകയും ചെയ്യും. ഇത് വാഹനങ്ങള്‍ കഴുകാനും അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും മറ്റും ഉപയോഗിക്കാവുന്നതാണ്.

അടുക്കളയില്‍ നിന്നും ഇനി ബാത്ത്റൂമിലേക്ക് വരാം.ഇവിടെ വാട്ടര്‍ടേപ്പുകള്‍, ഷവര്‍, ഹെല്‍ത്ത് ഫോസറ്റ് എന്നിവയില്‍ വല്ല ലീക്കും ഉണ്ടായെന്ന് ആദ്യം പരിശോധിക്കുക. കുളിമുറിക്ക് പുറമെ അടുക്കള, ബെഡ്‌റൂം, ഹാള്‍ തുടങ്ങി എല്ലായിടത്തുമുള്ള വാട്ടര്‍ കണക്ഷന്‍ പരിശോധിച്ച് ലീക്കില്ലെന്ന് ഉറപ്പുവരുത്തണം.

രാവിലെ എഴുന്നേറ്റാല്‍ പല്ലുതേക്കുകയും കളിക്കുകയും ചെയ്യുന്നവരാണല്ലോ നമ്മെളെല്ലാം. പല്ല് തേക്കുമ്പോള്‍ വാട്ടര്‍ടേപ്പ് ഇടയ്ക്ക് പൂട്ടാതെ വെച്ചാല്‍ ധാരാളം വെള്ളം നഷ്ടപ്പെടുന്നത് കാണാം. എന്നാല്‍ ഈ ജലനഷ്ടം ടാപ്പ് ആവശ്യാനുസരണം നിയന്ത്രിക്കുകയാണെങ്കില്‍ കുറച്ച്‌ കൊണ്ടുവരാന്‍ സാധ്യമാണ്. വീട്ടിലെ കുട്ടികളടക്കം ഓരോരുത്തരെയും ഇത് പറഞ്ഞ് പഠിപ്പിക്കണം. അതുപോലെ കുളിക്കുമ്പോള്‍ ഷവര്‍ ഉപയോഗിക്കുകയാണെങ്കില്‍ നിരവധി ലിറ്റര്‍ വെള്ളമാണ് നഷ്ടപ്പെടുന്നത്. ഒരു ബക്കറ്റും മഗ്ഗും ഉപയോഗിച്ച് കളിക്കുകയാണെങ്കില്‍ ജലനഷ്ടം പരമാവധി കുറയ്ക്കാൻ സാധിക്കുന്നതാണ്. അതുപോലെ വസ്ത്രം അലക്കുന്നതിനായി വാഷിംഗ് മെഷീനെയാണ് മിക്ക വീട്ടുകാരും ശരണം പ്രാപിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരു പ്രാവശ്യം അലക്കുമ്പോള്‍ നഷ്ടപ്പെടുന്ന ജലത്തിന്റെ അളവ് നാല്‍പ്പത് ലിറ്ററാണ്. ഒരു ദിവസം തന്നെ ഒന്നില്‍ കൂടുതല്‍ തവണ അലക്കുമ്പോഴുള്ള ജലനഷ്ടം ഭീമമായിരിക്കും. ഇത് കുറച്ച് കൊണ്ട് വരികയും ഒന്നിടവിട്ട് അലക്കുകയും ചെയ്താല്‍ ജലനഷ്ടത്തോടൊപ്പം ഊര്‍ജനഷ്ടവും ഒഴിവാക്കാനാകും.

പണ്ട് കാലത്ത് നമ്മുടെ വീട്ടില്‍ കിണ്ടി എന്നൊരു സാധനം ഉണ്ടായിരുന്നു. നമ്മുടെ അപ്പന്‍ അപ്പൂപ്പന്മാര്‍ പുറത്തും മറ്റും പോയി വന്നാല്‍ ഈ കിണ്ടിയിലെ വെള്ളം ഉപയോഗിച്ചായിരുന്നു കാലും മുഖവുമെല്ലാം കഴുകിയിരുന്നത്. ജലസംരക്ഷണത്തില്‍ കിണ്ടി ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. കിണ്ടി ഉമ്മറത്ത് വെച്ച് പുറത്ത് പോയി തിരിച്ച് വന്നാല്‍ പലപ്പോഴും അത് മോഷണം പോയതായി കാണാം അതുകൊണ്ടാണ് കിണ്ടി പിന്നാമ്പുറങ്ങളിലേക്ക് മാറ്റപ്പെട്ടത്. വിലകൂടിയ കിണ്ടിക്ക് പകരം മാര്‍ക്കറ്റില്‍ ലഭ്യമായ വില കുറഞ്ഞ കിണ്ടികള്‍ വാങ്ങുകയാണെങ്കില്‍ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കുറവായിരിക്കും. കിണ്ടിയെ ഫാഷനായി അംഗീകരിക്കുകയും ഒരു കിണ്ടി സംസ്കാരം നമ്മുടെ ഭവനങ്ങളില്‍ നടപ്പിലാക്കുകയും ചെയ്യുകയാണെങ്കില്‍ ജലസംരക്ഷണത്തിന്റെ കാര്യത്തില്‍ അതൊരു മുതല്‍ക്കൂട്ടായിരിക്കും.

ഒരു പുതിയ വീട് വെച്ചാല്‍ എല്ലാവരും ചെയ്യുന്നത് മുറ്റവും ചുറ്റുപാടും ഉടനെ കോണ്‍ക്രീറ്റ് ചെയ്യുക എന്നുള്ളതാണ്. നമുക്ക് ലഭിക്കുന്ന മഴവെള്ളം മണ്ണിലൂടെ കിനിഞ്ഞ് ഇറങ്ങിയാണ് ജലസ്രോതസ്സുകളായ കിണറുകളിലും കളങ്ങളിലുമെല്ലാം എത്തിച്ചേരുന്നത്. കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ വെളളം ഭൂമിയിലേക്ക് ഇറങ്ങാതെ വരുകയും വേനല്‍കാലത്ത് വളള്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് കോണ്‍ക്രീറ്റ് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടുള്ളതല്ല. അടുക്കളയിലും കുളിമുറിയിലേയും അധികജലം ഒന്നോ രണ്ടോ പിറ്റിലേക്ക് ഇറക്കി വിടുകയാണെങ്കില്‍ റീചാര്‍ജിങിന് ആക്കം കൂട്ടുകയും പരിസരമലിനീകരണത്തിനുള്ള സാധ്യത കുറയക്കുകയും ചെയ്യും.

മഴക്കാലത്ത് മഴക്കൊയ്ത്തിലൂടെ നമ്മുടെ പുരയിടത്തില്‍ വീഴുന്ന മഴവെള്ളത്തെ പറമ്പിലെ കിണറിലേക്ക് ഇറക്കി കിണറിനെ ഒരു ജലംസംഭരണിയായി മാറ്റാവുന്നതാണ്. മേല്‍ക്കൂരയിലെ വെള്ളം ഒരു പിവിസി പാത്തി ഉപയോഗിച്ച് കിണറ്റിനടുത്ത് സ്ഥാപിച്ച ഒരു ടാങ്കിലേക്ക് കടത്തിവിടുക. ടാങ്കില്‍ ഫില്‍ട്ടര്‍ മീഡിയ ആയി കരി, മണല്‍, ചരല്‍ എന്നിവ ഒരു നിശ്ചിത അനുപാതത്തില്‍ നിറയ്ക്കണം. ടാങ്കിലെ അടിയിലെ ടാപ്പ് വഴി മഴവെള്ളം കിണറിലേക്ക് കടത്തിവിട്ടാല്‍ വേനല്‍ക്കാലത്ത് ജലവിതാനം ഉയര്‍ത്തിക്കൊണ്ടുവരാവുന്നതാണ്. ഈ മഴവെള്ളക്കൊയ്ത്ത് മൂന്ന് വര്‍ഷം തുടര്‍ച്ചയായി ചെയ്താല്‍ വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യം നേരിടുകയില്ല. വീട്ടിലെയും പറമ്പിലെ കൃഷി ആവശ്യങ്ങള്‍ക്കും ധാരാളം വെള്ളം ലഭ്യമാകുകയും ചെയ്യും.

വലിയ പറമ്പുള്ള വീടാണെങ്കില്‍ ഒരു ചെറിയ കുളം നിര്‍മിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. പറമ്പിന്റെ ഒരു ഭാഗത്ത് ഒരു കുളം പണിതാല്‍ അതില്‍ വെളളം ശേഖരിക്കാവുന്നതാണ്. പറമ്പിന്റെ പല ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം കുളത്തില്‍ സംഭരിക്കുകയും ജലവിതാനം ഉയരാനും ഇടയാകുന്നു. വീട്ടിലെ കൃഷിക്ക് ആവശ്യമായ വെള്ളം ഇതില്‍ നിന്നും പമ്പ് ചെയ്യാവുന്നതാണ്. കൂടാതെ കുളത്തില്‍ കരിമീന്‍, വരാല്‍ മുതലായ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയാണെങ്കില്‍ മത്സ്യകൃഷിക്ക് സാധ്യത ഏറുകയും ഒരു നല്ല വരുമാനം ലഭ്യമാകുകയും ചെയ്യും.

Content Highlights: Discover practical tips to conserve water at home, from the kitchen to the bathroom and garden