കുഞ്ഞുങ്ങളെപ്പോലും വെറുതേവിടാത്ത ക്രൂരത, കൊല്ലപ്പെട്ടവർ അനവധി; യുഗാണ്ടയിലെ ചിമ്പാൻസി യുദ്ധം!

ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്ന ഒരു ‘ആഭ്യന്തരയുദ്ധ’ത്തിന് സാക്ഷ്യംവഹിക്കുകയാണ് യുഗാണ്ടയിലെ നിബിഡവനങ്ങൾ. ഇവിടുത്തെ കിബാലെ (Kibale) നാഷണൽ പാർക്കിൽ നിന്നാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്ന വാർത്തകൾ പുറത്തുവരുന്നത്. കിബാലെയിലെ എൻഗോഗോ (Ngogo) ചിമ്പാൻസികൾക്കിടയിൽ 2015-ൽ ആരംഭിച്ച അക്രമാസക്തമായ പോരാട്ടം ഇന്നും തുടരുകയാണ്. പടിഞ്ഞാറൻ വിഭാഗം (Western Faction), മധ്യവിഭാഗം (Central Faction) എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഈ സംഘർഷം വന്യജീവിചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ‘ആഭ്യന്തരയുദ്ധം’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ചിമ്പാൻസികളുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും രക്തരൂക്ഷിതമായ ഈ പോരാട്ടം, ആസൂത്രിതമായ ആക്രമണങ്ങളിലേക്കും കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതിലേക്കും വളർന്നിരിക്കുകയാണ്.
സമാധാനത്തോടെയും ഒത്തൊരുമയോടെയും കഴിഞ്ഞിരുന്ന ഒരു സമൂഹം ഇത്തരത്തിൽ വിഘടിച്ച് തമ്മിലടിക്കുന്നത് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ചിമ്പാൻസി സമൂഹത്തിലുണ്ടായ ഈ പിളർപ്പും അതിനെത്തുടർന്നുണ്ടായ കൂട്ടക്കൊലയും അങ്ങേയറ്റം അപൂർവമാണെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ശരാശരി 500 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണ് ഇത്തരം സാമൂഹിക വിഭജനങ്ങളെന്ന് 'സയൻസ്' (Science) ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. കിബാലെ നാഷണൽ പാർക്കിൽ 1995 മുതൽ ശേഖരിച്ച, മൂന്ന് പതിറ്റാണ്ടിലെ, വിവരങ്ങളാണ് ഈ പഠനത്തിന് ആധാരം. ഒരിക്കൽ സുഹൃത്തുക്കളായിരുന്നവർ എങ്ങനെയാണ് ശത്രുക്കളായി മാറുന്നതെന്ന ഗൗരവകരമായ ചോദ്യമാണ് ഈ സംഭവം ശാസ്ത്രലോകത്തിന് മുന്നിൽ ഉയർത്തുന്നത്.