ആനയും കടുവയും മൂലമല്ല, വന്യമൃഗാക്രമണങ്ങളില്‍ ഏറ്റവുമധികം മരണം സംഭവിക്കുന്നത് പാമ്പുകടിയേറ്റ്

വന്യമൃഗങ്ങള്‍ ജനവാസയിടങ്ങളിലേക്കിറങ്ങി മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന അവസ്ഥ നമ്മള്‍ നേരിടുന്ന ഒരു വെല്ലുവിളിയാണല്ലോ. വനത്തിനോടു ചേര്‍ന്നും അല്ലാതെയുമൊക്കെ കാട്ടുപന്നി, ആന, പുള്ളിപ്പുലി, കടുവ തുടങ്ങിയ മൃഗങ്ങളിറങ്ങുന്നതും തുടര്‍ന്നുണ്ടാകുന്നതുമായ വിപത്തുകള്‍ക്കിടയില്‍ പലരും ശ്രദ്ധിക്കാത്ത ഒരു വസ്തുതയുണ്ട്. ഇന്ത്യയിലും, അതേ പോലെ കേരളത്തിലും വന്യമൃഗാക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് വലിയ മൃഗങ്ങളായ ആനയോ, കടുവയോ മൂലമല്ല. മറിച്ച് പാമ്പുകടിയേറ്റാണ്. കേരളത്തിലെ വന്യമൃഗാക്രമണങ്ങളും അവയില്‍ പാമ്പുകടിയുടെ വിവരവും ചുവടെയുള്ള പട്ടികയില്‍ നിന്നും വ്യക്തമാണ്.
| വര്‍ഷം | വന്യമൃഗങ്ങള്‍ മൂലമുള്ള മരണം (പാമ്പുകടിയേറ്റതുള്‍പ്പെടെ) | പാമ്പുകടിയേറ്റുള്ള മരണം | ആകെ പരിക്ക് (പാമ്പുകടിയേറ്റതുള്‍പ്പെടെ) | പാമ്പുകടിയേറ്റുള്ള പരിക്ക് |
| 2019-20 | 89 | 71 | 784 | 548 |
| 2020-21 | 80 | 52 | 758 | 767 |
| 2021-22 | 114 | 65 | 758 | 547 |
| 2022-23 | 98 | 48 | 1275 | 871 |
| 2023-24 | 115 | 51 | 1605 | 1178 |
വലിയ മൃഗങ്ങള്‍ക്ക് വിശാലമായ, തുടര്‍ച്ചയുള്ള കാടുകള്‍ നിലനില്‍പ്പിന് ആവശ്യമായി വരുമ്പോള്‍, പാമ്പുകള്‍ക്ക് പറമ്പിലെ മാളങ്ങളോ, മതിലിലെ വിടവോ, പാറക്കൂട്ടങ്ങളിലെയോ, കല്‍ക്കൂനകളിലെ തണുപ്പോ ഒക്കെ മതിയാകും. നമ്മുടെ വീടും പരിസരവും കരുതലോടെ വൃത്തിയായി സൂക്ഷിക്കുന്നതു വഴിയും, പറമ്പിലും മറ്റും പണിയെടുക്കുമ്പോള്‍ കൈയുറകളും ബൂട്ട്‌സുമൊക്കെ ധരിക്കുന്നത് വഴിയും, സൂക്ഷ്മതയോടെയുള്ള, പ്രത്യേകിച്ചു രാത്രകാലങ്ങളിലെ, സഞ്ചാരത്തിലൂടെയുമൊക്കെ, പാമ്പുകളുമായുള്ള സംഘര്‍ഷം ഒരു വലിയ പരിധി വരെ ഒഴിവാക്കാനാകുന്നതാണ്. ഇതൊക്കെയാണെങ്കിലും പാമ്പുകടിയേല്‍ക്കുന്ന അവസ്ഥകളില്‍ വെപ്രാളപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ പാമ്പിനെ കണ്ടെത്തി കൊല്ലുന്നത് പരിഹാരമല്ലെന്നു മാത്രമല്ല, കുറ്റകരവുമാണ്.
ഭക്ഷ്യശൃംഖലയില്‍ പാമ്പിന്റെ സ്ഥാനവും, അവ ഭക്ഷണമാക്കുന്ന എലികളുടെ എണ്ണവും അത് നമ്മുടെ കൃഷിക്കുണ്ടാകുന്ന നേട്ടവുമൊന്നും പാമ്പുകടിയേറ്റ് തളര്‍ന്നവശരായിരിക്കുന്ന ആളോട് പറയേണ്ടതല്ല, പക്ഷെ സമൂഹം അറിയേണ്ടതാണ്. കൃഷി സംരക്ഷിക്കുന്നതോടൊപ്പം, പ്ലേഗുപോലെ പല സാംക്രമിക രോഗങ്ങള്‍ ഒഴിവാക്കുന്നതിലും പാമ്പുകള്‍ പ്രധാനികളാണ്. കാന്‍സര്‍ പ്രതിരോധവും ചികിത്സയുമുള്‍പ്പെടെയുള്ള പല മെഡിക്കല്‍ ഗവേഷണങ്ങളിലും പാമ്പിന്‍ വിഷം ഒരു പ്രധാന ഘടകമാണ്. കൂടാതെ പാമ്പിന്‍ മുട്ടയും പാമ്പുകളുമൊക്കെ മറ്റ് പല ജീവികളുടെ ഭക്ഷണവുമാണ്. ചുരുക്കത്തില്‍ അവരും ഭുമിയുടെ അവകാശികളാണ്. പാമ്പുകടിയേറ്റെന്ന് ഉറപ്പായാല്‍ ഏതിനം പാമ്പ് എന്ന് മനസിലാക്കുന്നതില്‍ തെറ്റില്ല. പക്ഷെ അതിനായി സമയം പാഴാക്കി കടിയേറ്റയാള്‍ക്ക് ചികിത്സ വൈകാന്‍ പാടില്ല.
ഏറ്റവും അടുത്ത Anti Snake Venom ലഭ്യമായ ആശുപത്രിയില്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്. ചികിത്സയെന്നോ പരിഹാരമെന്നോ പറഞ്ഞുകേള്‍ക്കുന്ന ഒരു നാട്ടുവൈദ്യവും പാമ്പുകടിയുടെ കാര്യത്തില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പിന്നെ അങ്ങനെയുള്ള ഘട്ടങ്ങളില്‍ മരണം സംഭവിക്കാത്തതിന് ഒരൊറ്റ കാരണമേയുള്ളൂ. കടിച്ചത് ഏതെങ്കിലും വിഷമില്ലാത്ത പാമ്പാകാം, അല്ലെങ്കില്‍ കടിയിലൂടെ മതിയായ അളവില്‍ വിഷം ശരീരത്തില്‍ കടന്നിട്ടില്ലാത്തതുമാകാം.
പാമ്പുകടിയേല്‍ക്കുമ്പോഴും, എന്തിന് പറമ്പിലോ, പൊതുയിടങ്ങളിലോ ഒക്കെ വെറുതെ കാണുമ്പോള്‍ പോലും ഭീതിയോടെയും വെറുപ്പോടെയും പാമ്പുകളെ തല്ലിക്കൊല്ലാറായിരുന്നു മുന്‍കാലങ്ങളിലെ പതിവ്. ആനയ്ക്കും കടുവയ്ക്കുമൊപ്പം സംരക്ഷണ പ്രാധാന്യമുള്ളവയാണ് മൂര്‍ഖനും രാജവെമ്പാലയും പെരുമ്പാമ്പുമൊക്കെ. പലപ്പോഴും കേള്‍വികേട്ട പാമ്പു പിടിത്തക്കാരുടെ ഇടപെടല്‍ മൂലം വളരെയധികം പാമ്പുകളെ പിടികൂടി രക്ഷിക്കാനും മറ്റ് ഇടങ്ങളിലേക്ക് തുറന്നുവിടാനും സാധിച്ചിട്ടുമുണ്ട്. ചിലപ്പോഴൊക്കെ ഇവരില്‍ ചിലര്‍ കൈവിട്ട കളിയിലൂടെ അപകടവും വിളിച്ചു വരുത്തിയിട്ടുണ്ട്.
എന്നാല്‍ കേരളത്തിലാകെയുള്ള ഏതാണ്ട് നൂറിനം പാമ്പുകളില്‍ നാലിനത്തിനു മാത്രമേ ഭയപ്പെടേണ്ടത്ര വിഷമുള്ളു. മൂര്‍ഖന്‍ (Cobra),രാജവെമ്പാല(King Cobra).വെള്ളികെട്ടന്‍/ശംഖുവരയന്‍ (Krait)അണലി (Russels Viper)എന്നീ ഇനങ്ങളാണ് നമ്മുടെ നാട്ടിലെ 'venomous snakes'. ഇതില്‍ത്തന്നെ രാജവെമ്പാല വന്യആവാസ മേഖലകളിലാണ് സാധാരണ കണ്ടു വരുന്നത്. ഈ വിഷപ്പാമ്പുകളെ കൃത്യമായി തിരിച്ചറിയാനായാല്‍ ഇതുമായി ബന്ധപ്പെട്ട പല പ്രശനങ്ങളും ഒഴിവാക്കാനോ ലഘൂകരിക്കാനോ സാധിക്കും.
പാമ്പുകളെക്കുറിച്ചു അവബോധമുണ്ടാക്കാനും പാമ്പുകടിമൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനും പാമ്പുകളെ ശാസ്ത്രീയമായും അപകടരഹിതമായും പിടികൂടി സ്വാഭാവിക ആവാസവ്യവസ്ഥയില്‍ തുറന്നു വിട്ടു രക്ഷിക്കുന്നതിനുമായാണ് വനം വകുപ്പ്പാമ്പുപിടുത്തത്തിന്ആഗസ്റ്റ് 2020 ല്‍ പരിശീലനം നല്‍കി, പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവരെCertified Snake Rescuers ആയി അംഗീകരിച്ചതും 2020 ല്‍ SARPA (Snake Awareness Rescue & Protection App)എന്ന ആപ്പിന് രൂപം നല്‍കിയതും. ഓരോ ജില്ലയിലെയുംCertified Snake Rescuersന്റെ വിവരങ്ങളും പാമ്പിനങ്ങളെ തിരിച്ചറിയുന്നതിനുള്ള സൂചനകളും ചികിത്സ ലഭ്യമായ ആശുപത്രികളെ സംബന്ധിച്ച വിവരങ്ങളുമൊക്കെ ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള ഈ ആപ്പില്‍ ലഭ്യമാണ്.
നാളിതുവരെ 34727 പേര്‍ SARPA ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചു വരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 732 അംഗീകൃത റെസ്‌ക്യൂവര്‍മാര്‍ SARPA ടീം ആയി പ്രവര്‍ത്തിക്കുന്നുണ്ട്. പാമ്പുകളുടെ പ്രാധാന്യം മനസ്സിലാക്കി, പൂര്‍ണ്ണമായ സന്നദ്ധസേവനമാണ് ഇവര്‍ സമൂഹത്തിന് നല്‍കി വരുന്നത്.
എന്നാല്‍ ഇപ്പോഴും ഇങ്ങനെയൊരു ആപ്പിനെക്കുറിച്ചോ പാമ്പുകടിയേറ്റാല്‍ തുടര്‍പരിചരണം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചോ കൂടുതലറിയാത്തവര്‍ ധാരാളമുണ്ട്. SARPA ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ തയ്യാറാവുന്നതിനും കഴിയുന്നത്ര ആളുകളിലേക്ക് ഈ വിവരങ്ങള്‍ എത്തിക്കുന്നതിനും 16/07/2024 ലെ ലോക പാമ്പ് ദിനാചരണം (World Snake Day) ഒരു തുടക്കമാവട്ടെ. പാമ്പ് എന്ന് കേള്‍ക്കുമ്പോഴേക്കും തല്ലാനും കൊല്ലാനും വടിയെടുക്കുന്നത് ശീലമല്ലാതാകട്ടെ.
പാമ്പുകടിയേറ്റാല്‍....
| ചെയ്യേണ്ടത് | ചെയ്യാന്‍ പാടില്ലാത്തത് | |
| 1 | വെപ്രാളപ്പെടാതെ ശാന്തരായിരിക്കുക | അംഗീകൃത റെസ്‌ക്യുവര്‍മാര്‍ അല്ലാത്തവര്‍ പാമ്പുകളെ പിടികൂടരുത്. |
| 2 | കടിയേറ്റ ഭാഗം സോപ്പും വെള്ളവുമുപയോഗിച്ചു കഴുകുക | മുറിഭാഗം കെട്ടുകയോ, മുറിക്കുകയോ ചെയ്യരുത് |
| 3 | ആയാസരഹിതമായ നിലയില്‍ കിടക്കുകയോ ഇരിക്കുകയോ ചെയ്യുക | മുറിവേറ്റ ഭാഗത്ത് നിന്ന് വിഷം വലിച്ച് കുടിക്കാന്‍ ശ്രമിക്കരുത്. |
| 4 | ശരീരത്തില്‍ നിന്നും ഇറുകിച്ചേര്‍ന്ന ബെല്‍റ്റ്, വാച്ച്, മോതിരം തുടങ്ങിയവ ഊരിമാറ്റുക | മുറിഭാഗത്ത് ഐസ് വയ്ക്കുകയോ, വെള്ളത്തില്‍ മുക്കി വയ്ക്കുകയോ അരുത്. |
| 5 | മുറിവ് വൃത്തിയായി മൂടിക്കെട്ടുക (Dress up the bite mark) | വേദനസംഹാരികള്‍ കഴിക്കരുത്. |
| 6 | കടിച്ച പാമ്പിന്റെ ഇനം തിരിച്ചറിയുന്നതിനായി കഴിയുമെങ്കില്‍ ഒരു ഫോട്ടോ എടുക്കുക. | നാട്ടു ചികിത്സക്ക് മുതിരരുത് |
ലക്ഷണങ്ങള്‍ക്കായി കാത്തിരിക്കാതെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി ചികിത്സ തേടുക.
വിവരങ്ങള്‍ക്കു കടപ്പാട് : Team SARPA
Content Highlights: snake bite deaths in kerala increases world snake day all you need to know about snakes