എണ്ണായിരത്തോളം മരങ്ങളുടെ അമ്മ; തിമ്മക്കയ്ക്ക് വിട നൽകി ‘അരയാൽക്കുഞ്ഞുങ്ങൾ’

ബെംഗളൂരു: നാട്ടുവഴിയോരത്ത് മരങ്ങൾ നട്ടുപിടിപ്പിച്ചത് സാലുമരദ തിമ്മക്കയ്ക്ക് വെറും പരിസ്ഥിതിപ്രവർത്തനമായിരുന്നില്ല. ജീവിതത്തിന്റെതന്നെ വീണ്ടെടുപ്പായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടുപതിറ്റാണ്ട് പിന്നിട്ടിട്ടും ഒരു കുഞ്ഞുപിറക്കാതെപോയതിന്റെ നിരാശയിൽനിന്നുള്ള രക്ഷപ്പെടൽ. മക്കളുണ്ടാവാത്തവരെന്ന കുത്തുവാക്കുകേട്ടു മടുത്തപ്പോൾ ഭർത്താവ് ചിക്കയ്യയോടൊപ്പമാണ് ആ തീരുമാനമെടുത്തത്- കുഞ്ഞുങ്ങളെ പോറ്റുന്നതിനുപകരം മരംനട്ടു പോറ്റുക. 1948-ലെ ഒരു ദിവസം ഹുളികലിലെ വഴിയോരത്ത് (അന്ന് ഹൈവേ ആയിട്ടില്ല) ഇരുവരും ചേർന്ന് ഒരു പേരാൽമരം നട്ടു. ചെടി നടുന്നയിടം വൃത്തിയാക്കിയശേഷം ചിക്കയ്യയുണ്ടാക്കിയ കുഴിയിൽ ഇരുവരുംചേർന്ന് ആ തൈ നട്ടപ്പോൾ തന്റെയുള്ളിൽ കടിഞ്ഞൂൽക്കുഞ്ഞു പിറന്ന അനുഭൂതിയായിരുന്നെന്ന് പിൽക്കാലത്ത് തിക്കമ്മ ഓർത്തെടുത്തിരുന്നു.
കുഞ്ഞിനെ പരിപാലിക്കുന്ന അമ്മയെപ്പോലെയായിരുന്നു തൈക്കുള്ള പരിചരണം. ദൂരെപ്പോയി വെള്ളം ചുമന്നുകൊണ്ടുവന്ന് ഒഴിച്ച് തൈവളരുന്നതുനോക്കി ആനന്ദംകൊണ്ടു. പിന്നീട് വീണ്ടും അതിനടുത്തായി ചെടികൾ നട്ടു. കടിഞ്ഞൂൽ കുഞ്ഞിനുശേഷം വീണ്ടും ആ ദമ്പതിമാർക്ക് ‘അരയാൽക്കുഞ്ഞുങ്ങൾ’ പിറന്നു. തിമ്മക്കയും ചിക്കയ്യയും ആ മരങ്ങൾക്ക് കാവലിരുന്നു. മരങ്ങളെ കെട്ടിപ്പിടിച്ചു. ഉമ്മവെച്ചു. നാലുകിലോമീറ്റർ നടന്നുപോയി വെള്ളം ശേഖരിച്ചു കൊണ്ടുവന്ന് അവയുടെ ദാഹമകറ്റി. പരിസരത്തെ ക്വാറിയിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് തിക്കമ്മ തന്റെ മരമക്കളെ പരിപാലിച്ചു.
വർഷങ്ങൾ കടന്നുപോകുന്നതിനൊപ്പം ആ വഴിയോരത്ത് നീളെ അരയാലുകളുടെ നിര സ്ഥാനംപിടിച്ചു. 385 പേരാലുകൾ. അങ്ങനെ മക്കളില്ലാത്ത ആ ദമ്പതിമാർക്ക് ഒട്ടേറെ മക്കളായി. ആ മക്കൾ നാടിനു തണലായി. പക്ഷികൾ പറന്നുവന്ന് താവളമാക്കി. നാട് ഹരിതാഭമായി...
ചിക്കയ്യ 1991-ൽ വിടപറഞ്ഞതോടെ തിമ്മക്കയ്ക്ക് തന്റെ മരമക്കൾ മാത്രമായി കൂട്ട്. ഇതോടെയാണ് ഇവരുടെ നന്മയുടെ കഥ പുറംലോകമറിഞ്ഞത്. ദിവസവും ബക്കറ്റുമായി കിലോമീറ്ററുകളോളം നടന്ന് അരയാലിൻതൈകൾക്ക് വെള്ളമൊഴിച്ച് സംരക്ഷിച്ച തിമ്മക്കയ്ക്ക് നാട്ടുകാർ നൽകിയ വിളിപ്പേരാണ് സാലുമരദ. ‘നിരയായി നിൽക്കുന്ന മരങ്ങൾ’ എന്നാണ് ഈ കന്നട വാക്കിന്റെ അർഥം. എണ്ണായിരത്തോളം മരങ്ങൾ തിമ്മക്ക ഒറ്റയ്ക്കു നട്ടുപിടിപ്പിച്ചെന്നാണ് കണക്ക്. വികസനപദ്ധതികൾക്കായി മരങ്ങൾ വെട്ടിമാറ്റാൻ അധികാരികൾ വന്നപ്പോൾ എതിർപ്പുമായി നേരിടാനും തിമ്മക്ക മടികാണിച്ചില്ല. 2019-ൽ തിമ്മക്കയ്ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പദ്മശ്രീ സമ്മാനിച്ചപ്പോൾ തിമ്മക്ക രാഷ്ട്രപതിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചത് വലിയവാർത്തയായിരുന്നു. ഇവരെക്കുറിച്ചുള്ള കവിത സിബിഎസ്ഇ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, ഹംപി യൂണിവേഴ്സിറ്റിയുടെ നടോജ അവാർഡ്, കർണാടക വിമൻ ആൻഡ് ചൈൽഡ് വെൽഫെയർ വകുപ്പിന്റെ പ്രശസ്തിപത്രം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയുടെ അഭിനന്ദനപത്രം, കർണാടക കല്പവല്ലി അവാർഡ്, ഗോഡ്ഫ്രെ ഫിലിപ്സ് ബ്രേവറി അവാർഡ്, കർണാടക രാജ്യോത്സവ അവാർഡ്, ഗ്രീൻ മദർ അവാർഡ്, മദർ ഓഫ് ട്രീ അവാർഡ്, ഡോ. ബി.ആർ. അംബേദ്കർ അവാർഡ്, ഗ്രീൻ ഇന്ത്യ പുരസ്കാരം, സിഎംഎസ്ബി ദേശീയ പുരസ്കാരം എന്നിങ്ങനെ അംഗീകാരങ്ങളും അവരെത്തേടിയെത്തി.
Content Highlights: Discover the inspiring story of Salumarada Thimmakka, who found purpose in planting trees and became a symbol of environmentalism and resilience.