മനുഷ്യ-വന്യജീവി സംഘര്‍ഷം; വന്യമൃഗങ്ങള്‍ പെരുകുന്നത് തടയണം

#പ്രൊഫ. മാധവ് ഗാഡ്ഗിൽ | വിനോദ് പയ്യട
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മനുഷ്യ-വന്യജീവി സംഘർഷം കാരണം ഇന്ന് രാജ്യത്ത് ആയിരക്കണക്കിനു മനുഷ്യർ കൊല്ലപ്പെടുന്നു. കൃഷി നശിപ്പിക്കപ്പെടുന്നു. രാജ്യത്ത് ഒരുപക്ഷേ, ആദ്യമായിരിക്കണം ഒരു രാഷ്ട്രീയനേതാവ് 1972-ലെ വന്യജീവിസംരക്ഷണ നിയമമാണ് കർഷകരുടെ ദുരിതങ്ങൾക്കു കാരണമെന്ന് പറഞ്ഞത്. ഇക്കഴിഞ്ഞ ഡിസംബർ ഏഴിന് കർണാടക നിയമസഭയിൽ സംസാരിക്കവേ എം.എൽ.എ. അർഗ ഗ്യാനേന്ദ്ര കർഷകർ കാട്ടുപന്നികളിൽനിന്നും കുരങ്ങന്മാരിൽനിന്നും കരടികളിൽനിന്നും ഗുരുതരമായ പീഡനങ്ങൾ നേരിടുകയാണെന്നും കാട്ടുപന്നികളെ വേട്ടയാടി അതിന്റെ മാംസം കഴിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

പെരുകുന്ന മൃഗങ്ങൾ ഇല്ലാത്ത കണക്കുകൾ

മനുഷ്യ-വന്യജീവി സംഘർഷം ഗുരുതരമായിക്കൊണ്ടിരിക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. നിർഭാഗ്യകരമെന്നു പറയട്ടെ നമുക്ക് വന്യജീവികളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ ധാരണയില്ല. 50 വർഷംമുമ്പ് ബന്ദിപ്പൂരിൽ ജീവിവർഗങ്ങളുടെ ജനസംഖ്യാവളർച്ചയിലുള്ള താത്‌പര്യം മുൻനിർത്തി ഒരു ഗവേഷണം തുടങ്ങി. സ്വാഭാവികമായും ഇക്കാര്യത്തിൽ വിവരങ്ങൾ തേടിയപ്പോൾ നിരാശയായിരുന്നു ഫലം. വനംവകുപ്പ് വന്യജീവികളുടെ എണ്ണത്തെക്കുറിച്ച് ഒരു വിവരവും ശേഖരിച്ചിട്ടില്ലെന്നു മനസ്സിലായി. ആനകളുടെ കാര്യത്തിലായിരുന്നു പ്രത്യേക താത്‌പര്യമെന്നതിനാൽ ആനകളുടെ കണക്കെടുപ്പ് കാര്യക്ഷമമായി നടത്താൻ തീരുമാനിച്ചു. ഗവേഷകനായിരുന്ന രാമൻ സുകുമാറായിരുന്നു സഹായി. നീലഗിരിമുതൽ ബെംഗളൂരുവരെയുള്ള മലയോരമേഖലകളിലെ മനുഷ്യനും ആനയും തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ചും ആനകളുടെ എണ്ണത്തെക്കുറിച്ചുമുള്ള സമഗ്രമായ വിവരങ്ങൾ അദ്ദേഹം ശേഖരിച്ചിരുന്നു. 40 വർഷത്തോളമെടുത്ത അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ ഫലമായി ഇന്ത്യയിലെ ആനകളെക്കുറിച്ചും ആനകളുടെ ചരിത്രത്തെക്കുറിച്ചുമുള്ള വിശ്വസനീയമായ വിവരങ്ങൾ ഇന്നു ലഭ്യമാണ്. സുകുമാറിന്റെ കണക്കുപ്രകാരം ഓരോ വർഷവും 600-ഓളം മനുഷ്യർ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. മറ്റുമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കണക്കുകൂടി വരുമ്പോൾ തീർച്ചയായും എണ്ണം ആയിരം കടക്കും.

എണ്ണം കൂടിയാൽ മാർഗം വേട്ട

മനുഷ്യൻ അറുപതിനായിരം വർഷംമുമ്പാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തിയത്. അതിനുശേഷമാണ് ആനകൾ എത്തിയത്. അക്കാലംമുതൽ മനുഷ്യൻ ഭക്ഷണത്തിനും മറ്റുമായി ആനകളെ വേട്ടയാടിപ്പോന്നിട്ടുണ്ട്. രണ്ടായിരം വർഷംമുമ്പ് കൗടില്യൻ എഴുതിയ അർത്ഥശാസ്ത്രത്തിൽ കൃഷിനശിപ്പിക്കുന്ന ആനകളെ വേട്ടയാടണമെന്ന് അനുശാസിക്കുന്നുണ്ട്. അടുത്തകാലംവരെ നാഗാലാൻഡിൽ മാംസത്തിനും തുകലുത്പന്നങ്ങൾക്കുമായി ആനകളെ വേട്ടയാടിയിരുന്നു. കാട്ടാനകളുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും ആനകളെ വേട്ടയാടുന്നുണ്ട്. മനുഷ്യന്റെ മൂന്നുലക്ഷം വർഷത്തെ ചരിത്രത്തിൽ മനുഷ്യന്റെ മുഖ്യ ഭക്ഷ്യയിരയായിരുന്നു ആനകൾ. ആനവേട്ട പൂർണമായും നിലച്ചാൽ അവയുടെ സംഖ്യ തീർച്ചയായും സ്ഫോടനാത്മകമാകും.

പെരുകാൻ വിടരുത്

വന്യമൃഗങ്ങളുടെ സംഖ്യ എപ്രകാരമാണ് നിയന്ത്രിക്കപ്പെടുക? പരിസ്ഥിതിശാസ്ത്രം പറയുന്നത് ഭക്ഷണത്തിനുള്ള വേട്ട, രോഗം, ഭക്ഷണത്തിന്റെയോ പ്രജനനസ്ഥലങ്ങളുടെയോ ദൗർലഭ്യത, പ്രകൃതിദുരന്തങ്ങൾ എന്നിവകാരണമുള്ള സംഖ്യാനിയന്ത്രണങ്ങളില്ലെങ്കിൽ മൃഗങ്ങളുടെ എണ്ണം അനുക്രമമായി വർധിച്ചുകൊണ്ടിരിക്കുമെന്നാണ്. 19 മാസം ഗർഭകാലമുള്ള ആനയെപ്പോലുള്ള വലിയ ജീവികൾ, ഒരു നിയന്ത്രണവുമില്ലാതെ പെരുകിയാൽ ഒന്നിനുമുകളിൽ ഒന്ന് എന്നനിലയിൽ അടുക്കിവെച്ചാൽ 750 വർഷംകൊണ്ട് ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 1/6 ഭാഗത്തോളം എത്തുമെന്ന രസകരമായ ഒരു കണക്ക് ചാൾസ് ഡാർവിൻ അവതരിപ്പിച്ചിരുന്നു. സുകുമാറിന്റെ പഠനമനുസരിച്ച് 1980-നുശേഷം ഇന്ത്യയിൽ ആനകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. 

വെടിവെക്കാൻ വനംവകുപ്പ്‌ തയ്യാറാവണം

കാടിറങ്ങിവരുന്ന ആനകളെയും കടുവകളെയും നേരിടുന്നത് റേഡിയോകോളർ നിരീക്ഷണത്തിൽ ഒതുക്കാമെന്ന് വനംവകുപ്പ് ചിന്തിക്കുന്നതായാണു തോന്നുന്നത്. വയനാട്ടിൽ പ്രത്യക്ഷപ്പെട്ട മോഴയാന വനംവകുപ്പിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നതായാണ് പുറത്തുവന്ന വാർത്തകൾ. കാട്ടുപന്നിപോലെയുള്ള ചെറുക്ഷുദ്രജീവികളെ സ്വയംരക്ഷയ്ക്കായി  നേരിടാൻ സാധാരണ ജനങ്ങൾക്ക് കഴിയുമെങ്കിലും ആന, കടുവ, പുലി തുടങ്ങിയ വന്യജീവികളെ നേരിടുന്നതിന് വനംവകുപ്പിന് ഉത്തരവാദിത്വമുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) വകുപ്പ് (വെടിവെച്ചുകൊല്ലുകയോ വെടിവെച്ചു പരിക്കേൽപ്പിക്കുകയോ ചെയ്യുക) പ്രയോഗിക്കാൻ വനംവകുപ്പിന് അതിന്റെ ബ്യൂറോക്രാറ്റിക് സംവിധാനം കാരണം കഴിയുന്നില്ല. പ്രസ്തുത വകുപ്പ് പ്രയോഗിക്കുന്നതിനും അതിന് അധികാരമുള്ള ഉദ്യോഗസ്ഥനെ വയനാട്ടിൽ നിയമിക്കുന്നതിനും ഇനിയും മടിച്ചാൽ ജനങ്ങൾ വനത്തിനും പരിസ്ഥിതിക്കും എതിരായിത്തിരിയുന്ന നിലവരും.

മൃഗങ്ങൾ കാടിറങ്ങാതിരിക്കാൻ

വന്യമൃഗങ്ങൾക്ക് അവയ്ക്ക് എളുപ്പത്തിൽ ലഭിക്കുന്നതരത്തിൽ സ്വാദിഷ്ടവും പോഷകഗുണമുള്ളതുമായ ഭക്ഷണം കാട്ടിനുള്ളിലോ ബഫർസോണിലോ ഉറപ്പാക്കുന്നതിന് വനത്തിനോടുചേർന്ന് വസിക്കുന്ന ആദിവാസികളെയും കർഷകരെയും തക്കതായ വേതനംകൊടുത്തുകൊണ്ട് ഏർപ്പാടാക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. വന്യമൃഗങ്ങൾ കാടിറങ്ങുന്നത് വനത്തിനുള്ളിലും സമീപപ്രദേശങ്ങളിലുമുള്ള ക്വാറികളും തദ്ദേശീയമല്ലാത്തതും ഭക്ഷ്യേതരവുമായ മരങ്ങൾ വെച്ചുപിടിപ്പിച്ചതു കാരണമാണ്. വനംവകുപ്പ് തന്നെയാണ് ഇതിലെ പ്രധാന പ്രതി. സാധാരണ ജനങ്ങൾക്കെതിരേ അധികാരപ്രയോഗം നടത്തുന്നവർ ക്വാറികൾക്കും കാടിന്റെ സ്വാഭാവികത തകർക്കുന്നതിനും കൂട്ടുനിൽക്കുന്നു.  കേന്ദ്രീകൃതമായ വനപരിപാലനവ്യവസ്ഥയ്ക്ക് ബദലായി ജനങ്ങളുടെ കൈയിൽ പ്രയോഗിക്കാനായി ലഭിച്ചതാണ് ജൈവവൈവിധ്യ നിയമം. എന്നാൽ, ഈ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനു പകരം അതിന്റെ അന്തഃസത്തയ്ക്കെതിരായ ചട്ടങ്ങൾ കൊണ്ടുവന്ന് അതിനെ ദുർബലപ്പെടുത്താനാണ് സർക്കാരുകൾ ശ്രമിക്കുന്നത്. ഇതൊക്കെ കാണിക്കുന്നത്  സമഗ്രവും പുതുതുമായ സമീപനം സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ടെന്നാണ്.

കാര്യങ്ങളെ പുതിയരീതിയിൽ കാണണം

കേരളത്തിൽ ഈയിടെയായി ആനകളുടെ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. വനത്തിനുള്ളിൽ ലഭ്യമായ ഭക്ഷണത്തിൽ സംതൃപ്തരല്ലാത്തതിനാലാണ് കൂടുതൽ സ്വാദുള്ളതും പോഷകമൂല്യമുള്ളതുമായവ തേടി ആനകൾ കൃഷിയിടങ്ങളിലേക്കെത്തുന്നത്. ഉയർന്നമൂല്യമുള്ള ഭക്ഷണം കുറഞ്ഞസമയത്തിനുള്ളിലും അധികം അധ്വാനമില്ലാതെയും ലഭിക്കുന്നതാണ് ജീവികൾ തിരഞ്ഞെടുക്കുക. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ അവസ്ഥ കൂടുതൽ ദുഷ്‌കരമാവും. അതുകൊണ്ടുതന്നെ  കാര്യങ്ങളെ പുതിയരീതിയിൽ  കാണേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ സ്വീഡന്റെയും നോർവേയുടെയും അനുഭവങ്ങൾ പരിശോധിക്കാവുന്നതാണ്. ശാസ്ത്രം പറയുന്നതുപോലെ വന്യജീവികളും പുനരുപയോഗിക്കാവുന്ന വിഭവമാണെന്ന് ഈ രാജ്യങ്ങൾ വിശ്വസിക്കുന്നു.  അവർക്ക് പ്രാദേശിക ഭരണസമിതികളെയും ജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ടുള്ള വന്യജീവി പരിപാലനവ്യവസ്ഥയുണ്ട്. അവരുടെ നിയമം ഇപ്രകാരമാണ്.

1. വന്യജീവികൾ ആരുടെയും സ്വകാര്യസ്വത്തല്ല

2. വന്യജീവികളുടെ മാംസം സംസ്‌കാരത്തിന്റെ പ്രധാനഭാഗമാണ്. അത് പൊതുചന്തയിൽ വിൽക്കാവുന്നതുമാണ്

3. സ്വയംപ്രതിരോധത്തിനുവേണ്ടിയോ സ്വത്ത് സംരക്ഷിക്കുന്നതിനുവേണ്ടിയോ ഒരാൾക്ക് വന്യജീവികളെ കൊല്ലാം


അവിടെ ഇപ്പോഴും മ്ലാവുകളും കലമാനുകളും സമൃദ്ധമായുണ്ട്. അതേസമയം അനുമതിപത്രത്തോടുകൂടി വേട്ടയാടുന്ന ഇവയുടെ മാംസങ്ങൾ പലവീടുകളിലും ശീതീകരണിയിൽ നിറച്ചുവെച്ചതായും കാണാം. ഈ രാജ്യങ്ങൾ പരിസ്ഥിതിസംരക്ഷണത്തിലും സന്തോഷസൂചികയിലും ലോകത്തിൽ പ്രഥമസ്ഥാനങ്ങളിലാണ്. ഇന്ത്യയാകട്ടെ രണ്ടുകാര്യത്തിലും ഏറ്റവും താഴെയും.
 

നമുക്ക്‌ എന്തുെചയ്യാൻ കഴിയും ?

നമുക്ക് എന്തുചെയ്യാൻ കഴിയുമെന്നതാണ് ചോദ്യം. സ്വീഡനിലും നോർവേയിലും ഉള്ളതുപോലെ ഗ്രാമപ്പഞ്ചായത്തുകളെ ഉൾപ്പെടുത്തി ഒരു വികേന്ദ്രീകൃത പരിപാലനവ്യവസ്ഥ നമുക്കും നടപ്പാക്കാം. ഇന്ത്യയിലെ ജൈവവൈവിധ്യനിയമം അനുശാസിക്കുന്നതുപോലെ ജനങ്ങൾക്ക് അതിനുള്ള വേതനം നൽകാം. കേരളത്തിലും ഭക്ഷണത്തിനുള്ള നായാട്ടുണ്ടായിരുന്നു. കാട്ടുപന്നികൾ ആദിവാസിസമൂഹങ്ങളുടെ പോഷകസമൃദ്ധമായ ഭക്ഷണമാണ് അവരുടെ അനുഷ്ഠാനങ്ങളിലും പാട്ടുകളിലും പന്നിവേട്ട ഒരു സാംസ്‌കാരിക അടയാളമായി സ്ഥാനംപിടിച്ചിട്ടുണ്ട്.  പ്രകൃതിവിഭവം എന്നനിലയിൽ ഭക്ഷണത്തിനായി നായാടുമ്പോൾതന്നെ അവയെ സംരക്ഷിക്കുക എന്നതായിരുന്നു ലോകം മുഴുവനുമുള്ള പാരമ്പര്യരീതി. ഈ രീതിയിൽ വന്യജീവികളുടെ സംഖ്യ സന്തുലിതമായി നിലനിർത്തപ്പെടുകയും ചെയ്തിരുന്നു. 1972-ലെ നിയമം വന്നതിനുശേഷം സംരക്ഷണം മാത്രമാണ് നടക്കുന്നത്. 1972-ലെ വന്യജീവി സംരക്ഷണനിയമത്തിലെ സംരക്ഷണപ്പട്ടികയിൽ കാട്ടുപന്നി, മുള്ളൻപന്നി തുടങ്ങിയ വംശനാശഭീഷണി നേരിട്ടിട്ടില്ലാത്ത ജീവികളെ ഉൾപ്പെടുത്തിയത് കർഷകർക്ക് തിരിച്ചടിയാണ്. കൃഷി നശിപ്പിക്കുകയും മനുഷ്യ ഇടങ്ങളിലേക്ക് അതിക്രമിച്ചെത്തുകയും ചെയ്യുന്ന കാട്ടുപന്നിപോലുള്ള പെറ്റുപെരുകുന്ന വന്യജീവികളെയും ഭക്ഷണമാക്കാൻ അനുവദിക്കണം. വന്യജീവിസംരക്ഷണ നിയമപ്രകാരം വന്യജീവികൾ സർക്കാരിന്റെ സ്വത്താണ്. ഈനിലയിൽ ഇവയുടെ മാംസം ജനങ്ങൾക്ക് വിലനൽകിയാണെങ്കിലും വിട്ടുകൊടുക്കേണ്ടതാണ്.

Content Highlights: possible ways to reduce human wildlife conflict