ഒരു വസന്തകാലത്തെ കണ്ടെത്തല്‍ ലോകത്തെ ഭീതിപ്പെടുത്തി; ഇന്ന് വീണ്ടെടുക്കലിന്റെ പാതയില്‍ ഓസോണ്‍ പാളി

പ്രതീകാത്മക ചിത്രം | Photo: gettyimages.in
പ്രതീകാത്മക ചിത്രം | Photo: gettyimages.in

1984-ലെ ഒരു വസന്തകാലം. പതിവ് പരിശോധനകളുടെ ഭാഗമായി അന്റാര്‍ട്ടിക്കയിലെ ഡോബ്‌സണ്‍ ഓസോണ്‍ സ്‌പെക്ട്രോഫോട്ടോമീറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കുകയായിരുന്നു ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ (ബി.എ.എസ്.) ശാസ്ത്രജ്ഞന്മാരിലൊരാളായ ജോനാഥന്‍ ഷാങ്ക്ലിന്‍. അസാധാരണമായ ഒരു റീഡിങ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു! ആശങ്ക തോന്നിയെങ്കിലും അതൊരു ഒറ്റപ്പെട്ട സംഭവമാണോ എന്ന് സ്ഥിരീകരിക്കുകയായുന്നു അദ്ദേഹത്തിന്റെ അപ്പോഴത്തെ ലക്ഷ്യം. 1970 മുതലുള്ള കണക്കുകളെടുത്ത് പരിശോധിച്ചതോടെ ഷാങ്ക്ലിന് ഒരു കാര്യം വ്യക്തമായി. അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. 1970-കളുടെ മധ്യത്തില്‍ മുതല്‍ അന്റാര്‍ട്ടിക്കയില്‍ വസന്തകാലത്ത് ഓസോണിന്റെ അളവില്‍ ക്രമാനുഗതമായ കുറവുണ്ടാകുന്നതായി ഷാങ്ക്ലിന്‍ കണ്ടെത്തി. 1984 ആയപ്പോഴേക്കും അന്റാര്‍ട്ടിക്കയിലെ ഹാലി റിസര്‍ച്ച് സ്റ്റേഷന് മുകളിലുള്ള ഓസോണ്‍ പാളിയുടെ കനം വല്ലാതെ കുറഞ്ഞു വന്നിരുന്നു. മുന്‍ ദശകങ്ങളില്‍ ഉണ്ടായിരുന്നതിന്റെ മൂന്നില്‍ രണ്ട് കനം മാത്രമേ അപ്പോള്‍ അതിനുണ്ടായിരുന്നുള്ളൂ. ഓസോണില്‍ ദ്വാരങ്ങള്‍ വീണിരിക്കുന്നു.  ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതായിരുന്നു ഷാങ്ക്ലിന്റെ കണ്ടെത്തല്‍. ഭൂമി മുന്നില്‍കാണുന്ന അപകടത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ ലോകരാജ്യങ്ങള്‍ ഒന്നടങ്കം ഉണര്‍ന്നുപ്രവര്‍ത്തിച്ചു. അതിന് ഫലവുമുണ്ടായി. അതാണ് ചരിത്രപ്രസിദ്ധമായ മോണ്‍ട്രിയല്‍ ഉടമ്പടി. 

മൂന്ന് പതിറ്റാണ്ടിനിപ്പുറം, ഭൂമിയെ കാക്കുന്ന ഓസോണ്‍ പാളികളെ സംരക്ഷിക്കാന്‍ ലോകം ഒരുമിച്ചതിനു ഫലം കണ്ടുതുടങ്ങി. ഓസോണ്‍ പാളികള്‍ വീണ്ടെടുക്കലിന്റെ പാതയിലാണെന്നാണ് പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന. 35 വര്‍ഷത്തെ നമ്മുടെ പ്രയത്‌നങ്ങള്‍ ശരിയായ ദിശയില്‍ തന്നെയാണെന്നാണ് പുതിയ പഠനങ്ങളും പറയുന്നത്. ഓസോണിന് നാശം വരുത്തുന്ന രാസവസ്തുക്കളെ നിയന്ത്രിക്കാനായി എന്നതിന്റെ സൂചനയാണിത്. ഓസോണ്‍ പാളിയിലെ വിള്ളല്‍ ചെറുതാകാന്‍ തുടങ്ങിയതായി യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം (യു.എന്‍.ഇ.പി.) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. 2000-ല്‍ 2.91 ചതുരശ്ര കിലോമീറ്ററായിരുന്നു വിള്ളല്‍. ഇതു 2.31 കോടി ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ഇങ്ങനെ പോയാല്‍ 2040-ല്‍ വിള്ളല്‍ അടയുമെന്നാണു യു.എന്‍.ഇ.പി. റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഓസോണ്‍ പാളികളെ നാശത്തിലേക്ക് നയിക്കുന്ന 99 ശതമാനം വസ്തുക്കളും ഇതിനകം നിരോധിച്ചിട്ടുണ്ട്. ഇത് തുടരുകയാണെങ്കില്‍ 1980-ലേതിന് സമാനമായ അവസ്ഥയിലേക്ക് ഓസോണ്‍ പാളികള്‍ 2040 ഓടെ മടങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. 

Content Highlights: Ozone layer recovery is on track, due to success of Montreal Protocol

Continue reading