മുള്ളൻ, അരിഞ്ഞിൽ,നെത്തോലി, ഏരീ മീനുകളിൽ മൈക്രോപ്ലാസ്റ്റിക്; വന്ധ്യത, പ്രമേഹം, പൊണ്ണത്തടി എന്നിവയ്ക്ക് കാരണമാകാം

അറബിക്കടലും കായലുകളും പുഴകളും അടങ്ങുന്ന കേരളത്തിന്റെ സവിശേഷമായ ആവാസവ്യവസ്ഥയ്ക്ക് ഇന്ന് ഏറ്റവും വലിയ ഭീഷണിയുയർത്തുന്നത് മൈക്രോപ്ലാസ്റ്റിക് മലിനീകരണമാണ്. നമ്മുടെ കായലുകളിലും കടലിലും തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അൾട്രാവയലറ്റ് (UV) വികിരണങ്ങൾ, സൂര്യപ്രകാശം, ശക്തമായ തിരമാലകൾ എന്നിവ കാരണം വിഘടിച്ച് അഞ്ച് മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ള ചെറുകണങ്ങളായി മാറുമ്പോഴാണ് മൈക്രോപ്ലാസ്റ്റിക്കുകൾ ഉണ്ടാകുന്നത്. ഇവ പ്രധാനമായും രണ്ട് രീതിയിലാണ് രൂപപ്പെടുന്നത്.

പ്രൈമറി മൈക്രോപ്ലാസ്റ്റിക്കുകൾ: സൗന്ദര്യവർദ്ധക വസ്തുക്കളിലെ മൈക്രോബീഡുകൾ, കൃത്രിമ വസ്ത്രങ്ങളിലെ മൈക്രോഫൈബറുകൾ പോലെ നിർമാണവേളയിൽത്തന്നെ നേരിട്ട് ചെറുകണങ്ങളാക്കപ്പെടുന്നവ.

സെക്കണ്ടറി മൈക്രോപ്ലാസ്റ്റിക്കുകൾ: പരിസ്ഥിതിയിലേക്ക് വലിച്ചെറിയുന്ന വലിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ വിഘടിച്ച് ഉണ്ടാകുന്നവ. കൊച്ചി കായലിലും ലക്ഷദ്വീപിലും കുസാറ്റ് ( CUSAT) നിർണായക പഠനങ്ങൾ നടത്തിയിരുന്നു. എനിക്കൊപ്പം ഗവേഷകരായ നീതു കെ. വി, ഹരി പ്രവേദ് എന്നിവർ ചേർന്നായിരുന്നു പഠനങ്ങൾ നടത്തിയത്. കൊച്ചി കായലിൽ നടത്തിയ വിശകലനത്തിൽ മലയാളികൾ സാധാരണയായി ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മുള്ളൻ, അരിഞ്ഞിൽ, നെത്തോലി, ഏരീ എന്നീ മത്സ്യങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കുകൾ കണ്ടെത്തി. സാമ്പിളുകളിൽ പ്രധാനമായും മൈക്രോപ്ലാസ്റ്റിക് ഫൈബറുകളും ഫിലിമുകളുമാണ് കണ്ടത്. പോളിസ്‌റ്റൈറീൻ, പോളിയെത്തിലീൻ, പോളിപ്രൊപ്പിലീൻ, നൈലോൺ എന്നീ പ്ലാസ്റ്റിക് ഇനങ്ങളാണ് ഇവയിൽ തിരിച്ചറിഞ്ഞത്.

വിനോദസഞ്ചാരം, അശാസ്ത്രീയമായ മത്സ്യബന്ധനം, പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ, അപര്യാപ്തമായ മാലിന്യസംസ്‌കരണം എന്നിവ കാരണം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ കടുപ്പമേറിയ ഭീഷണിയിലാണ്. പഠനത്തിൽ ലക്ഷദ്വീപിലെ ജനവാസമുള്ളതും ഇല്ലാത്തതുമായ ദ്വീപുകളിലെ ഉപരിതല ജലത്തിലും അടിത്തട്ടിലും മൈക്രോപ്ലാസ്റ്റിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ജലജീവികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാൻ കേരളത്തിന്റെ സ്വന്തം കരിമീൻ (Etroplus suratensis) കുഞ്ഞുങ്ങളിൽ പഠനം നടത്തി. ലാബിൽ പോളിവിനയിൽ ക്ലോറൈഡ് (PVC) മൈക്രോപ്ലാസ്റ്റിക്കുകളുമായി 45 ദിവസം കരിമീൻ കുഞ്ഞുങ്ങളെ സമ്പർക്കത്തിൽ കൊണ്ടുവന്നപ്പോൾ ലഭിച്ച ഫലങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. കരിമീൻ കുഞ്ഞുങ്ങളുടെ വളർച്ചയിൽ ഗണ്യമായ കുറവുണ്ടായി. തലച്ചോറിലും ചെകിളപ്പൂക്കളിലും അസറ്റൈൽകൊളിൻ എസ്റ്ററേസ് (Acetylcholinesterase) എന്ന എൻസൈമിന്റെ പ്രവർത്തനത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. മത്സ്യങ്ങളിൽ പെട്ടെന്നുള്ള അസാധാരണ ചലനങ്ങൾ പ്രകടമായി. പ്രതിരോധശേഷി തകർന്നു. രക്തപരിശോധനയിൽ ചുവന്ന രക്താണുക്കളുടെയും (RBC) വെളുത്ത രക്താണുക്കളുടെയും (WBC) എണ്ണം കുറഞ്ഞു. ഇത് രോഗപ്രതിരോധ ശേഷിയെ ഗുരുതരമായി ബാധിച്ചു.

ജലാശയങ്ങളിലെ മൈക്രോപ്ലാസ്റ്റിക്കുകൾ സസ്യപ്ലവകങ്ങൾ (വെള്ളത്തിൽ പൊങ്ങിക്കിടന്നു ജീവിക്കുന്ന സൂക്ഷ്മ സസ്യങ്ങൾ ) ജന്തുപ്ലവകങ്ങൾ, ചെമ്മീൻ, ഞണ്ടുകൾ, കക്കകൾ, കല്ലുമ്മക്കായ, വിവിധയിനം മത്സ്യങ്ങൾ, കടൽ സസ്തനികൾ, കടൽപ്പക്ഷികൾ എന്നിവയുടെ ശരീരത്തിൽ നേരിട്ടോ ഭക്ഷ്യശൃംഖല വഴിയോ എത്തുന്നു. ജീവികളുടെ ദഹനനാളങ്ങളിൽ കേന്ദ്രീകരിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകൾ, കുടലിൽ നിന്ന് രക്തചംക്രമണവ്യവസ്ഥയിലേക്കും കോശങ്ങളിലേക്കും വ്യാപിക്കുന്നു. കാലക്രമേണ ഇവ വീണ്ടും വിഘടിച്ച് ഒരു മൈക്രോമീറ്ററിൽ താഴെ വലിപ്പമുള്ള നാനോപ്ലാസ്റ്റിക്കുകളായി മാറും. വലിപ്പം കുറയുന്നതോടെ ഇവയുടെ ഉപരിതല വിസ്തീർണ്ണം വർദ്ധിക്കുകയും ജീവികളുടെ ശരീരത്തിലേക്ക് കൂടുതൽ എളുപ്പത്തിൽ കടന്നുപറ്റുകയും ചെയ്യും. മറ്റു വിഷ രാസമാലിന്യങ്ങളെ ഉപരിതലത്തിൽ ആഗിരണം ചെയ്യാനുള്ള ശേഷിയും ഇവ വർദ്ധിപ്പിക്കുന്നു. മനുഷ്യരിൽ ഇതുവരെ നേരിട്ട് പഠനങ്ങൾ നടന്നിട്ടില്ലെങ്കിലും, പ്ലാസ്റ്റിക്കിൽ ചേർക്കുന്ന രാസ അഡിറ്റീവുകൾ വഴിയാണ് ഇവ മനുഷ്യ ശരീരത്തിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നത്. പ്ലാസ്റ്റിക്കിന് നിറവും ദൃഢതയും നൽകാൻ ഉപയോഗിക്കുന്ന ഹെവി മെറ്റലുകൾ, താലേറ്റുകൾ (Phthalates), ബിസ്ഫിനോൾ-A (Bisphenol-A / BPA) എന്നിവ അതീവ അപകടകാരികളാണ്. ഇവ ശരീരത്തിലെത്തിയാൽ നമ്മുടെ അന്തഃസ്രാവീവ്യവസ്ഥയെ (Endocrine System) പ്രതികൂലമായി ബാധിക്കും. സ്വാഭാവിക ഹോർമോൺ സിഗ്‌നലുകളെ അനുകരിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യും. കാലക്രമേണ പ്രത്യുത്പാദന പ്രശ്‌നങ്ങൾ, വന്ധ്യത, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് ഇത് വഴിവെച്ചേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Content Highlights: Microplastics detected in popular Kerala fish such as Mullan, Arinjil, Netholi, and Earee., CUSAT study reveals severe health impacts on aquatic life, including reduced immunity and brain enzyme suppression., Chemical additives in plastics like phthalates and BPA can cause infertility, diabetes, and obesity in humans., Plastic pollution in Lakshadweep coral reefs and Kochi backwaters poses a major environmental threat.