'വയനാട്ടില്‍ കാലാവസ്ഥാവകുപ്പ് അതിവര്‍ഷം പ്രവചിച്ചിട്ടും നമ്മളെന്തേ ഉരുള്‍പൊട്ടല്‍ സാധ്യത കണ്ടില്ല!'

കേരളത്തില്‍ എല്ലാ വര്‍ഷവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ദുരന്തപ്രതിഭാസമായി ഉരുള്‍പൊട്ടല്‍ മാറിയിരിക്കുന്നു. 2015-മുതലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് സംഭവിച്ചിട്ടുള്ള ഉരുള്‍പൊട്ടലുകളില്‍ 60 ശതമാനവും കേരളത്തിലാണ്. മൂന്നാര്‍, ഇടുക്കി, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളാണ് മുന്നില്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സംഭവിക്കുന്ന അമിതവര്‍ഷപാതത്തിന്റെ ശക്തിയുംകൂടി ആയപ്പോഴാണ് ഉരുള്‍പൊട്ടലുകളുടെ എണ്ണവും തീവ്രതയും വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനവും മഴയുടെ തീവ്രതയുമൊന്നും നമ്മുടെ നിയന്ത്രണപരിധിയില്‍ വരുന്ന വിഷയങ്ങളല്ല. ഉരുള്‍പൊട്ടല്‍ പ്രവചിക്കാനും മുന്നറിയിപ്പുകൊടുക്കാനും സാധ്യമാണോ എന്നുള്ള ചോദ്യവും ഉദിക്കുന്നു.
വയനാട്ടില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് അതിവര്‍ഷം ഉണ്ടാകാനുള്ള സാധ്യത കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു. എന്നാല്‍, ആ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ സ്ഥലത്താണ് ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളത്, എന്തായിരിക്കും അവയുടെ തീവ്രത എന്നൊരു പ്രവചനം ലഭിച്ചിരുന്നതായി അറിവില്ല. പശ്ചിമഘട്ടത്തിന്റെ മിക്കവാറും പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങളായി കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെയും വിശദമായ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമേ സാധ്യതാപ്രദേശങ്ങള്‍ കണ്ടെത്തി മുന്നറിയിപ്പ് നല്‍കാന്‍ സാധിക്കുകയുള്ളൂ.
1984-ല്‍ മുണ്ടക്കൈയില്‍ത്തന്നെ ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്നും അതുമൂലം 14 പേര്‍ മരിച്ചെന്നും തിരുവനന്തപുരത്തെ സെസ് 2009-ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വസ്തുത ആ പ്രദേശത്തിന്റെ ഉരുള്‍പൊട്ടല്‍സാധ്യതാ അവലോകനത്തില്‍ കണക്കിലെടുക്കേണ്ടതും ജനങ്ങളെ ധരിപ്പിക്കേണ്ടതുമായിരുന്നു. അവിടത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളിലും ഈ വസ്തുത കണക്കിലെടുക്കേണ്ടതായിരുന്നു.
ഉരുള്‍പൊട്ടലിനുള്ള കാരണങ്ങള്‍...
അതിതീവ്രമായ മഴ ഉരുള്‍പൊട്ടലിനുള്ള ഒരു പ്രധാനകാരണമായി കരുതപ്പെടുന്നു. മഴവെള്ളം മണ്ണിലൂടെ അരിച്ചിറങ്ങി അതിന്റെ വ്യാപനം ഒരു പൂരിതാവസ്ഥയിലെത്തുമ്പോള്‍ കുറെയേറെ ജലം ഗമനമാര്‍ഗങ്ങളിലൂടെ പുറത്തേക്കൊഴുകിപ്പോകുന്നു. ബാക്കിയാകുന്ന ജലം മേല്‍മണ്ണിലൂടെ താഴേക്ക് കിനിഞ്ഞിറങ്ങുന്നു. ഇങ്ങനെ കിനിഞ്ഞിറങ്ങുന്ന ജലം പാറയുടെയും മേല്‍മണ്ണിന്റെയും ഇടയിലുള്ള പ്രതലത്തില്‍ ചെളിയായി രൂപപ്പെടുകയും മേല്‍മണ്ണിന്റെ കെട്ടുറപ്പിനെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ, വര്‍ധിച്ചുവരുന്ന ജലമര്‍ദം പാറയും മണ്ണുമായുള്ള ഘര്‍ഷണശക്തിയെ കുറയ്ക്കുകയും വഴുതാനുള്ള പ്രവണത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കുറഞ്ഞ സമയത്തിനുള്ളില്‍ തീവ്രമായ മഴയുണ്ടായാല്‍ മേല്‍മണ്ണില്‍ കൂടുതല്‍ ജലം തങ്ങിനിന്ന് അതിന്റെ ഭാരം വര്‍ധിപ്പിക്കുകയും ചെരിവുകളിലൂടെ അധികമായ മേല്‍മണ്ണ് താഴേക്കുനീങ്ങുകയും ചെയ്യുന്നു. ഭൂമികുലുക്കം, അഗ്‌നിപര്‍വത സ്‌ഫോടനം തുടങ്ങി പ്രകൃതിയില്‍ സംഭവിക്കുന്ന പ്രവര്‍ത്തനങ്ങളും പലപ്പോഴും ഉരുള്‍പൊട്ടലില്‍ കലാശിക്കാറുണ്ട്. ഇവ കൂടാതെ മനുഷ്യപ്രേരിതമായ മാറ്റങ്ങള്‍ ഉരുള്‍പൊട്ടലുകളുടെ എണ്ണവും തീവ്രതയും വര്‍ധിപ്പിക്കുന്നതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു. ഇവയില്‍ പ്രധാനം വനനശീകരണവും ലോലമായ വനഭൂമികളിലേക്കുള്ള കടന്നുകയറ്റവുമാണ്. മേല്‍മണ്ണ് ബലപ്പെടുത്താന്‍ വനഭൂമി വഹിക്കുന്ന പങ്കുചെറുതല്ല.
എന്നാല്‍, ആഗോളമായി മനുഷ്യന്റെ പ്രവൃത്തികള്‍ വരുത്തുന്ന ഏറ്റവും വലിയ മാറ്റമാണ് ഉയരുന്ന താപനിലയും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങളും. 2018-ലും 2019-ലും കര്‍ണാടകത്തിലും കേരളത്തിലും മലയിടിച്ചിലുണ്ടായ ചിലപ്രദേശങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. കേരളത്തില്‍ ഇടുക്കി, വെള്ളത്തൂവല്‍, കട്ടപ്പന തുടങ്ങിയ പ്രദേശങ്ങളും കര്‍ണാടകത്തില്‍ കുടക്, ചിക്കമഗളൂരു തുടങ്ങിയ പ്രദേശങ്ങളിലുമാണ് മലയിടിച്ചില്‍ ഉണ്ടായത്. മഴയോടൊപ്പം ഈ രണ്ടു പ്രദേശങ്ങളുടെയും ഭൂവിനിയോഗത്തിന്റെ പ്രത്യേകതകളാണ് മലയിടിച്ചിലിനു കാരണമായത്.
അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങളും വനനശീകരണവും ബലഹീനമാക്കിയ മലഞ്ചെരുവുകളിലെ മേല്‍മണ്ണ് അനായാസമായി തെന്നിമാറി മണ്ണിടിച്ചിലില്‍ കലാശിക്കുന്ന സ്ഥിതിയായിരുന്നു കേരളത്തിലെ മലഞ്ചെരിവുകളില്‍ കണ്ടത്. എന്നാല്‍, കുടകിലാകട്ടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കാളധികം ഭൂവിനിയോഗത്തിലെ അശാസ്ത്രീയതയാണ് മലയിടിച്ചിലിന് കാരണമായത്. കാപ്പിത്തോട്ടങ്ങളില്‍ പലയിടങ്ങളിലും ജലസംഭരണികളുണ്ടാക്കുന്ന രീതി അവിടെ നിലവിലുണ്ട്.
കൂടാതെ വന-പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി കുന്നിന്‍മുകളില്‍ വൃക്ഷത്തൈകള്‍ നടുന്ന രീതിയുമുണ്ട്. അവയുടെ പരിപാലനത്തിനായി വലിയ മഴക്കുഴികളില്‍ വെള്ളം ശേഖരിക്കുന്ന രീതിയുണ്ട്. അമിത വര്‍ഷ പാതത്തില്‍ ഇത്തരം സംഭരണികള്‍ നിറഞ്ഞ് കവിയുകയുണ്ടായി. മേല്‍മണ്ണ് നനഞ്ഞ് കുതിര്‍ന്നതോടെ അധികം ആഴത്തില്‍ വേരോട്ടമില്ലാത്ത കാപ്പിച്ചെടികളോടൊപ്പം മണ്ണിന്റെ മേല്‍പ്പാളികള്‍ താഴേക്കു വഴുതിമാറുന്ന കാഴ്ചയാണ് അവിടെക്കണ്ടത്. ഭൂവിനിയോഗത്തില്‍ വരുന്ന മാറ്റവും മണ്ണിടിച്ചിലിനുള്ള സാധ്യതയും വെളിപ്പെടുത്തുന്നതായിരുന്നു അവിടത്തെ അവസ്ഥ.
മുണ്ടക്കൈയില്‍ സംഭവിച്ച മണ്ണിടിച്ചിലിന്റെ ഉദ്ഭവം മനുഷ്യവാസമൊന്നുമില്ലാത്ത വനമേഖലയിലാണെന്നും, അതിനാല്‍ അതിന് മനുഷ്യ പ്രവൃത്തികളുമായി ബന്ധമില്ലെന്നുമുള്ള വാദം ഉന്നയിക്കുന്നത് സാമ്പ്രദായികമായ യുക്തിയുടെ അടിസ്ഥാനത്തിലാണ്. കാടിനുള്ളില്‍ സംഭവിച്ച ചെറിയ തോതിലുള്ള മണ്ണിടിച്ചിലുകള്‍ താഴ്ന്ന പ്രദേശത്തേക്ക് വരുമ്പോള്‍ ബൃഹത്തായ ഒരു ഉരുള്‍പൊട്ടലായി രൂപാന്തരപ്പെടുന്നത് മലയുടെ താഴ്ന്ന പ്രദേശങ്ങളിലെ മണ്ണിലെ ജലസാന്ദ്രീകരണം അതിവേഗത്തില്‍ സംഭവിക്കുന്നതുകൊണ്ടാണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്.
മുന്‍കരുതലുകള്‍ എന്തൊക്കെ...
സ്ഥലപരിമിതിയാലും വര്‍ധിച്ച ജനസാന്ദ്രതയാലും ഭൂപ്രദേശത്തിന്റെ പ്രത്യേകതകളാലും കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. വനമേഖലയില്‍ താമസിക്കുന്ന ഗോത്ര-ആദിവാസി വിഭാഗങ്ങളിലുള്ള ജനങ്ങളുടെയും അവിടെ നൂറ്റാണ്ടുകളായി താമസിക്കുന്ന കുടിയേറ്റ കര്‍ഷകരുടെയും സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങള്‍ വനഭൂമിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. പഞ്ചായത്ത് തലത്തില്‍, ഉരുള്‍പൊട്ടല്‍ സാധ്യത കാണിക്കുന്ന പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂപടങ്ങള്‍ അതാത് പ്രദേശത്തെ താമസക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതുണ്ട്.
പ്രാദേശികതലങ്ങളില്‍ ശാസ്ത്ര അവബോധമുള്ളവര്‍ ഉള്‍പ്പെടുന്ന സന്നദ്ധ സംഘങ്ങള്‍ക്ക് ഇത്തരം ഭൂപടങ്ങള്‍ ഉപയോഗിച്ച് ദുര്‍ബലപ്രദേശങ്ങളെ അടയാളപ്പെടുത്താനും അവ കേന്ദ്രീകരിച്ച് നിരീക്ഷണ സംവിധാനങ്ങള്‍ നിലനിര്‍ത്താനും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കാനും സാധിക്കേണ്ടതാണ്. അതിനാല്‍ത്തന്നെ വയനാട്ടില്‍ കല്‍പറ്റയില്‍ പ്രവര്‍ത്തിക്കുന്ന 'ഹും സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബിയോളജി'യുടെ പ്രവര്‍ത്തനം പ്രശംസാര്‍ഹമാണ്. ജൂലായ് 29-ന് ദുരന്തത്തിന് പതിനാറു മണിക്കൂര്‍ മുന്‍പ് ജില്ലാഭരണകൂടത്തിനു മുന്നറിയിപ്പുകൊടുക്കാന്‍ ഹും സെന്ററിലെ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു എന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു.
പുത്തുമലയില്‍ അവര്‍ സ്ഥാപിച്ചിരിക്കുന്ന മാപിനിയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ് 572 മില്ലിമീറ്റര്‍ ആയിരുന്നു. 2019-ല്‍ പുത്തുമലയിലും കവളപ്പാറയിലും ഉരുള്‍പൊട്ടല്‍ സംഭവിക്കുമ്പോള്‍ രേഖപ്പെടുത്തിയ അളവിനെക്കാള്‍ കൂടുതലായിരുന്നു അത്. ആ സൂചനയുടെ അടിസ്ഥാനത്തില്‍ അധികാരികളെ മുന്‍കൂട്ടി അറിയിച്ചിട്ടും ദുരന്തലഘൂകരണ നടപടികള്‍ എന്തുകൊണ്ട് എടുത്തില്ല എന്ന ചോദ്യം അവശേഷിക്കുന്നു. 2020-ല്‍ ഹും സെന്റര്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ സാധ്യതയെക്കുറിച്ച് ഒരു പഠനറിപ്പോര്‍ട്ടും അധികാരികള്‍ക്ക് സമര്‍പ്പിച്ചിരുന്നു.
മറ്റുപല മുന്‍കരുതലുകളും ഈ മേഖലയില്‍ നടപ്പാക്കാന്‍ സാധിക്കേണ്ടതാണ്. അതിവര്‍ഷപാതം ഉണ്ടാകുമ്പോള്‍ ഭൂമിയിലേക്ക് കൂടുതല്‍ ജലം കിനിഞ്ഞിറങ്ങാന്‍ അനുവദിക്കാതെ സമയമെടുത്ത് താഴേക്ക് ഒഴുകുന്ന രീതിയില്‍ മലഞ്ചെരുകള്‍ ക്രമീകരിക്കാവുന്നതാണ്. പലതട്ടുകളിലൂടെ ജലപാതകള്‍ സൃഷ്ടിക്കുമ്പോള്‍ അതിവേഗത്തിലുള്ള ജലപ്രവാഹവും മണ്ണൊലിപ്പും നിയന്ത്രിക്കാനാകും. സൂക്ഷ്മ നിരീക്ഷണങ്ങളുടെയും വിവര ശേഖരണത്തിന്റെയും അഭാവം ഇത്തരം പഠനങ്ങളെ ബാധിക്കുന്നു.
മഴയുടെ തോത്, മണ്ണിന്റെ ഘടന, ഉപരിതലത്തിലൂടെയും ഭൂഗര്‍ഭ പാതകളിലൂടെയും ഒലിച്ചിറങ്ങുന്ന ജലത്തിന്റെ തോത് എന്നിവയൊക്കെ കണക്കാക്കേണ്ടതാണ്. അതോടൊപ്പം ഉപരിതലത്തില്‍ നടക്കുന്ന ചലനങ്ങള്‍ രേഖപ്പെടുത്തുന്ന സെന്‍സറുകള്‍ സാധ്യതാമേഖലകളില്‍ സ്ഥാപിക്കേണ്ടതാണ്. ജിയോടെക്നിക്കല്‍ വിവരശേഖരണവും ഡേറ്റ തത്സമയം സംപ്രേഷണം ചെയ്ത് വിശകലനം ചെയ്യാനുള്ള സാങ്കേതികതകളും നിലവിലുള്ള ഇക്കാലത്ത് ഇത്തരം പഠനങ്ങള്‍ ഫലവത്താകാനുള്ള സാധ്യതകള്‍ കൂടുതലാണ്. ജനപങ്കാളിത്തത്തോടെ, പ്രകൃതിയുടെ നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഉത്തരവാദിത്വമുള്ള സമീപനത്തിലൂടെ പ്രതിസന്ധികളെ നേരിടുക എന്നതുമാത്രമാണ് നമ്മുടെ മുന്നിലുള്ള വഴി.
ഭൗമശാസ്ത്രജ്ഞനും കണറ്റിക്കട്ടിലെ കണ്‍സോര്‍ഷ്യം ഫോര്‍ സസ്റ്റൈനബിള്‍ ഡിവലപ്മെന്റില്‍ ഡയറക്ടറുമാണ് ലേഖകന്‍
Content Highlights: how can we avoid landslides dr cp rajendran