സിമിലിപാലിലെ കരിവരയൻ കടുവകളും ടാഖ്പെഖ് ജീനിന്റെ ജനിതകമാറ്റവും; മുഖചിത്രം വിരൽചൂണ്ടുന്ന സൂചനകൾ

വന്യതയുടെ എല്ലാ നിഗൂഢതകളും നിറഞ്ഞുനിൽക്കുന്ന ഒഡിഷയുടെ വടക്കേയറ്റത്തെ സിമിലിപാൽ ബയോപാർക്ക്. സിമുലി എന്ന് പേരുള്ള ചെമ്പിന്റെ നിറമുള്ള പൂക്കളോടു കൂടിയ വലിയ ഇലഞ്ഞിമരങ്ങൾ അവിടെ വലിയ തീപ്പൊരിക്കൂട്ടം പോലെ തോന്നിച്ചു. താഴെ പച്ചനിറത്തിലുള്ള വിരിപ്പിൽ അങ്ങിങ്ങ് വീണുകിടക്കുന്ന ഈ പൂക്കൾ തീക്കനലുകൾ പോലെ തിളങ്ങി. ഇടതൂർന്ന മരങ്ങളുടെ ഇടയിൽ നിന്നും വന്യതയുടെ ശക്തിസൗന്ദര്യങ്ങൾ മുഴുവൻ ആവേശിച്ച ഒരു ബംഗാൾ കടുവ മെല്ലെ മെല്ലെ ഇറങ്ങിവന്നു. സാധാരണ കടുവകളിൽ നിന്നും വ്യത്യസ്തമായി അതിന്റെ ശരീരത്തിൽ കറുത്ത, നീളത്തിലുള്ള മെലിഞ്ഞ വരകൾ ഒഴുകിപ്പടർന്ന് കരിഓയിൽ പോലെ വ്യാപിച്ചു കിടക്കുന്നു.
രണ്ടു മാസത്തിലധികമായി സിമിലിപാൽ വനത്തിൽ താൻ അന്വേഷിക്കുന്ന ഈ കടുവ മുന്നിൽ ഒരു ദേവദൂതനെ പോലെ വന്നുനിന്നപ്പോൾ പ്രശസ്ത ഫോട്ടോഗ്രാഫറും മോളിക്യുലാർ ബയോളജിസ്റ്റുമായ പ്രസേൻജീത് യാദവ് തന്റെ ക്യാമറയുടെ ലെൻസ് കൃത്യമായി ഫോക്കസ് ചെയ്ത് അതിന്റെ ചിത്രമെടുക്കുന്നു. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ലോകത്തിൽ ഇന്ത്യയിലെ സിമിലിപാലിൽ മാത്രമുള്ള ഇത്തരം കറുത്ത കടുവയുടെ ഒരു മനോഹരമായ ചിത്രം ഒരാൾക്ക് ലഭിക്കുന്നത്. ഈ ഫോട്ടോ നാഷണൽ ജ്യോഗ്രാഫിക് മാഗസിന്റെ മുഖചിത്രമായി ഒക്ടോബറിൽ വരുന്നു. ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ പതിഞ്ഞത് T12 എന്ന് വിളിക്കുന്ന, പത്തു വയസ്സ് പ്രായമുള്ള, സിമിലിപാലിലെ ഒട്ടേറെ കറുത്ത കടുവകളുടെ പിതാവായ ബംഗാൾ കടുവയായിരുന്നു. കറുത്ത വരകളുടെ വീതി കൂടുന്ന സ്യൂഡോ മെലാനിസ്റ്റിക്ക് എന്ന പ്രത്യേക പ്രതിഭാസമാണ് ഈ കടുവയിൽ കണ്ടത്. ജെനിറ്റിക്സ് എന്ന ശാസ്ത്രശാഖയാണ് ഇതിനു പിന്നിലെ രഹസ്യങ്ങൾ വെളിച്ചത്ത് കൊണ്ടുവന്നത്.
Content Highlights: Genetic Details of Melanistic Tigers in Similipal Tiger Reserve