എൽ നിനോ - മഴക്കുറവും കൊടുംചൂടും ; കാലാവസ്ഥാ വ്യതിയാനങ്ങൾ കേരളത്തിലെ കൃഷിയെ ഗൗരവമായി ബാധിക്കും

കേരളത്തിൽ ഈ വർഷം മഴയിൽ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഇതിനിടെ, ഏതാനും ദിവസങ്ങളായി അന്തരീക്ഷ താപനില ശരാശരിയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസിലേറെ ഉയർന്ന പ്രദേശങ്ങളുമുണ്ട്. കൊടുംചൂടിൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. എൽ നിനോ ഉൾപ്പെടെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ കേരളത്തിലെ മൺസൂണിനെയും മഴയുടെ ലഭ്യതയെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കാലാവസ്ഥയിലെ മാറ്റങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും സംബന്ധിച്ച് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
എന്താണ് എൽ നിനോ പ്രതിഭാസം, എൽ നിനോയും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലേയും മഴക്കുറവും തമ്മിൽ എന്താണ് ബന്ധം?
കിഴക്കൻ പസഫിക്കിലെ സമുദ്രജലം ക്രമാതീതമായി ചൂടാകുന്ന പ്രതിഭാസമാണ് എൽ നിനോ. ഈ മാറ്റങ്ങൾ ഏറ്റവും കൂടുതൽ പ്രകടമാകുന്നത് പെറു കോസ്റ്റിലാണ്. സമുദ്രജലം ക്രമാതീതമായി ചൂടാകുമ്പോൾ അതിനോട് ചേർന്നുള്ള അന്തരീക്ഷത്തിലും താപനിലയിലും വായുസഞ്ചാരത്തിലും മാറ്റങ്ങളുണ്ടാകും. ഭൂമധ്യരേഖയോട് ചേർന്നുള്ള ട്രോപ്പിക്കൽ മേഖലയിലെ അന്തരീക്ഷത്തെ ഇത് കാര്യമായി സ്വാധീനിക്കും. അതിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയിലും മാറ്റങ്ങളുണ്ടാകാം. ട്രോപ്പിക്കൽ മേഖലയിലുള്ള ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങളിൽ എൽ നിനോയുടെ സ്വാധീനം കാണാം. എന്നാൽ പസഫിക് സമുദ്രത്തിൽ നിന്ന് ദൂരേക്ക് പോകുന്തോറും അതിന്റെ സ്വാധീനത്തിന്റെ സമയത്തിലും തീവ്രതയിലും വ്യത്യാസമുണ്ടാകും.
എൽ നിനോ പ്രതിഭാസമുണ്ടാകുന്ന വർഷങ്ങളിൽ പൊതുവെ ഇന്ത്യയിലെ കാലവർഷം ദുർബലമാകുന്നതാണ് കൂടുതലായി കണ്ടുവരുന്നത്. കേരളത്തിലും സമാനമായ സ്വാധീനമുണ്ടാകാം. എന്നാൽ എല്ലാ എൽ നിനോ വർഷങ്ങളിലും കാലവർഷം ദുർബലമാകും എന്ന് നിർബന്ധമില്ല. ശരാശരിയോട് അടുത്ത മഴ ലഭിച്ച എൽ നിനോ വർഷങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഭൂരിഭാഗം വർഷങ്ങളിലും എൽ നിനോ ഇന്ത്യൻ മൺസൂണിനെ പ്രതികൂലമായി സ്വാധീനിച്ചിട്ടുള്ളതാണ് കാണുന്നത്. എൽ നിനോയുടെ സ്വാധീനം കാലതാമസത്തോടെ ഇന്ത്യൻ മൺസൂണിൽ പ്രതിഫലിക്കാം. എന്നാൽ കേരളത്തിലെ മഴക്കുറവിന് എൽ നിനോയെ മാത്രം കാരണമായി കാണാനാകില്ല.”
കേരളത്തിലെ താപനിലയെയും എൽ നിനോ കാര്യമായി സ്വാധീനിക്കുമോ?
തീർച്ചയായും. സമുദ്രജലം ചൂടാകുമ്പോൾ അതിനോട് ചേർന്നുള്ള അന്തരീക്ഷത്തിലും താപനില ഉയരും. ശക്തമായ എൽ നിനോ വർഷങ്ങളിൽ ആഗോളതലത്തിൽ തന്നെ അന്തരീക്ഷ താപനിലയിൽ വ്യത്യാസമുണ്ടാകാം. കേരളത്തിലും ഇതിന്റെ സ്വാധീനം കാണാം. 2016, 2024 എൽ നിനോ വർഷങ്ങളിൽ കേരളത്തിൽ ഹീറ്റ് വേവ് അഥവാ ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024-ലെ ഉയർന്ന താപനിലയുടെ സ്വാധീനം 2025-ന്റെ തുടക്കത്തിലും തുടർന്നതായി കാണാം. സാധാരണ കേരളത്തിൽ തണുപ്പ് അനുഭവപ്പെടുന്ന സമയത്തുപോലും ഇത്തവണ തണുപ്പ് കുറവായിരുന്നു. പിന്നീട് മാർച്ച് മാസത്തോടെ മഴ ആരംഭിച്ചതോടെ സ്ഥിതിയിൽ മാറ്റമുണ്ടായി. പല ഘടകങ്ങളും ഒരുമിച്ചാണ് കേരളത്തിലെ മഴയെ സ്വാധീനിക്കുന്നത്.
എൽ നിനോ സ്ഥിരമായ ഇടവേളകളിലാണോ ഉണ്ടാകുന്നത്?
അങ്ങനെയൊരു കൃത്യമായ കാലയളവില്ല. സാധാരണയായി രണ്ട് മുതൽ ഏഴ് വർഷം വരെയുള്ള ഇടവേളകളിൽ എൽ നിനോ ആവർത്തിക്കാം. കഴിഞ്ഞ 2023–24 കാലഘട്ടത്തിൽ എൽ നിനോ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ വീണ്ടും അതിന്റെ സ്വാധീനം കാണുന്ന സാഹചര്യമാണ്.
‘എൽ നിനോ’ എന്നത് സ്പാനിഷ് വാക്കാണ്. ‘ചെറിയ കുട്ടി’ എന്നതാണ് അർഥം. ക്രിസ്മസ് കാലത്ത് പെറു തീരത്ത് ഈ സമുദ്ര-കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം ശ്രദ്ധയിൽപ്പെട്ടിരുന്നതിനാലാണ് പ്രാദേശികമായി ഈ പേര് ഉപയോഗിക്കാൻ തുടങ്ങിയത്. പിന്നീട് ലോകമെമ്പാടും ‘എൽ നിനോ’ എന്ന പേരുതന്നെ ഉപയോഗിച്ചു.
മഴ കുറയുമെന്ന് വിലയിരുത്തൽ ഉണ്ടെങ്കിലും വരും ദിവസങ്ങളിൽ അതിശക്തമായ മഴയോ പ്രളയസാഹചര്യമോ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?
നിലവിലെ ആഗോള കാലാവസ്ഥാ ഘടകങ്ങൾ വലിയ മഴയ്ക്ക് അനുകൂലമായ രീതിയിലല്ല. ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് ഈ മഴ പ്രതീക്ഷിക്കുന്നത്.
അതിന് ശേഷം മൺസൂൺ സംവിധാനം വീണ്ടും ദുർബലമാകാനാണ് സാധ്യത. നിലവിൽ ഓഗസ്റ്റ് അവസാനത്തോടെയുണ്ടായതുപോലെയുള്ള അതിശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. സെപ്റ്റംബർ പൊതുവെ നാല് മൺസൂൺ മാസങ്ങളിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസമാണ്. അതിനാൽ ഇനി ലഭിക്കുന്ന മഴ ഇതുവരെ ഉണ്ടായ 25 ശതമാനം മഴക്കുറവ് മറികടക്കാൻ പര്യാപ്തമാകുമെന്ന് കരുതുന്നില്ല.
കുറച്ച് ദിവസങ്ങൾ ശക്തമായ മഴയും പിന്നീട് നീണ്ട ഇടവേളയിൽ മഴയില്ലാത്തതുമായ സാഹചര്യം കൃഷിയെ എങ്ങനെ ബാധിക്കും?
ഇത്തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ കൃഷിയെ ഗൗരവമായി ബാധിക്കും. മൺസൂൺ കാലത്ത് ചെടികൾക്ക് ആവശ്യമായ താപനിലയും ഈർപ്പവും ജലലഭ്യതയും ഒരു പ്രത്യേക രീതിയിലായിരിക്കും. കുറച്ച് ദിവസം അതിശക്തമായ മഴ ലഭിക്കുകയും പിന്നീട് നിരവധി ദിവസത്തേക്ക് മഴയില്ലാതിരിക്കുകയും ചെയ്യുന്നത് വിളയുടെ ആരോഗ്യത്തെയും ഉൽപാദനത്തെയും ബാധിക്കും. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ ഒരു പരിധിവരെ ഇതിനെ നേരിടാനാകും. എന്നാൽ അത്തരം സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിൽ, പ്രത്യേകിച്ച് വയനാട്, ഇടുക്കി പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ, മഴക്കുറവ് കൃഷിയെ കാര്യമായി ബാധിക്കും.
അതേസമയം വിളവെടുപ്പിന് തൊട്ടുമുമ്പുള്ള സമയത്ത് ലഭിക്കുന്ന ശക്തമായ മഴയും ചില വിളകൾക്ക് ദോഷകരമാണ്. സെപ്റ്റംബർ അവസാനത്തോടെ ലഭിക്കുന്ന മഴ നെൽകൃഷിയെയും മറ്റും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്.
ഹിമാലയത്തിൽ മനുഷ്യരുടെ ഇടപെടൽ ഗ്ലേഷ്യർ ഉരുകുന്നതിനെ എത്രമാത്രം ബാധിക്കുന്നു?
ആഗോളതാപനമാണ് ഗ്ലേഷ്യറുകൾ ഉരുകുന്നതിനും അവയുടെ പിൻവാങ്ങലിനും പ്രധാന കാരണങ്ങളിലൊന്ന്. ഗ്ലേഷ്യർ റിട്രീറ്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃത്യമായി നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മഞ്ഞ് ഉരുകുന്നതിന്റെ ഭാഗമായി ഗ്ലേഷ്യൽ തടാകങ്ങൾ രൂപപ്പെടാം. അവയിൽ ചിലത് ദുർബലമായ പ്രകൃതിദത്ത തടസ്സങ്ങളാൽ രൂപപ്പെട്ടവയായതിനാൽ അവ പൊട്ടിത്തെറിച്ച് താഴേക്ക് വെള്ളം കുത്തിയൊഴുകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം പ്രദേശങ്ങൾ നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്.
സഞ്ചാരികളുടെ എണ്ണം കൂടുന്നതും മനുഷ്യരുടെ അമിതമായ ഇടപെടലും സ്വാഭാവിക പരിസ്ഥിതിയെ ബാധിക്കാം. പ്രത്യേകിച്ച് ഹിമാലയം പോലുള്ള അതീവ ദുർബലമായ പരിസ്ഥിതികളിൽ നിർമാണ പ്രവർത്തനങ്ങളും അമിതമായ മനുഷ്യ ഇടപെടലുകളും ദോഷകരമായി മാറും.
എൽ നിനോയും സമുദ്ര താപനിലയിലെ വർധനയും മത്സ്യബന്ധന തൊഴിലാളികളെ എങ്ങനെ ബാധിക്കും?
എൽ നിനോ വർഷങ്ങളിൽ അന്തരീക്ഷ താപനില പൊതുവെ കൂടുതലായിരിക്കും. അതിനാൽ മത്സ്യബന്ധന തൊഴിലാളികൾക്ക് കൂടുതൽ സമയം കടലിൽ, പ്രത്യേകിച്ച് പുറംകടലിൽ, തുടരാൻ ബുദ്ധിമുട്ടുണ്ടാകാം. സമുദ്രജലത്തിന്റെ താപനില ഉയരുമ്പോൾ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയിലും മാറ്റമുണ്ടാകും. ഓരോ മത്സ്യത്തിനും അതിജീവിക്കാൻ അനുയോജ്യമായ ഒരു പ്രത്യേക താപനിലാ പരിധിയുണ്ട്. ജലത്തിന്റെ താപനില മാറുമ്പോൾ മത്സ്യങ്ങൾ അനുയോജ്യമായ സ്ഥലങ്ങളിലേക്ക് മാറിപ്പോകും. അതോടെ തീരപ്രദേശങ്ങളിൽ സാധാരണ ലഭിക്കുന്ന മത്സ്യങ്ങളുടെ ലഭ്യത കുറയാം. മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷിച്ച അളവിൽ മീൻ ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്.
അന്തരീക്ഷത്തിലെ ഹീറ്റ് വേവ് പോലെ തന്നെ സമുദ്രജലം സാധാരണ നിലയേക്കാൾ അസാധാരണമായി ചൂടാകുന്ന അവസ്ഥയാണ് മറൈൻ ഹീറ്റ് വേവ്. ഇത് മത്സ്യങ്ങളെ മാത്രമല്ല, സമുദ്രത്തിലെ ചെറിയ ജീവികൾ ഉൾപ്പെടെയുള്ള മുഴുവൻ ആവാസവ്യവസ്ഥയെയും ബാധിക്കും. ജലത്തിന്റെ താപനിലയ്ക്കും ലവണാംശത്തിനും അനുസരിച്ചാണ് ഓരോ ജീവിവർഗവും അതിജീവിക്കുന്നത്.
ഒരു ജീവിവർഗത്തിന്റെ ലഭ്യതയിൽ മാറ്റമുണ്ടായാൽ അതിനെ ആശ്രയിക്കുന്ന മറ്റു ജീവികളെയും അത് ബാധിക്കും. അതിനാൽ ഇത് മുഴുവൻ സമുദ്ര ആവാസവ്യവസ്ഥയെയും ഫുഡ് ചെയിനിനെയും ബാധിക്കുന്ന പ്രശ്നമാണ്.
എൽ നിനോയെ കുറിച്ച് പൊതുജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമുണ്ടോ?
എൽ നിനോ ഒരു കാരണം മാത്രമാണ്. അതിനൊപ്പം ആഗോളതാപനം ഉൾപ്പെടെ നിരവധി ഘടകങ്ങൾ നമ്മുടെ കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. എൽ നിനോ വർഷങ്ങളിൽ സാധാരണയായി കാണുന്ന ഒരു പ്രത്യേകതയാണ് ‘വെതർ എക്സ്ട്രീംസ്’. അതായത് സാധാരണ രീതിയിലുള്ള മഴയ്ക്ക് പകരം അതിശക്തമായ മഴയോ, സാധാരണ താപനിലയ്ക്ക് പകരം അതിശക്തമായ ചൂടോ അനുഭവപ്പെടാം.
2026-ലെ മൺസൂൺ കാലത്തും തുടർച്ചയായ ഒരു രീതിയിലുള്ള മഴയ്ക്ക് പകരം പല തരത്തിലുള്ള കാലാവസ്ഥാ സാഹചര്യങ്ങളാണ് അനുഭവപ്പെട്ടത്. ശക്തമായ മഴയ്ക്ക് പിന്നാലെ നീണ്ട മഴയില്ലാത്ത കാലയളവ് ഉണ്ടാകുന്നത് അപകടസാധ്യത വർധിപ്പിക്കും. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ എൽ നിനോയുടെ സ്വാധീനം കൂടി ചേരുമ്പോൾ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ പൊതുജനങ്ങൾ എങ്ങനെ കാണണം?
ഇന്ന് പൊതുജനങ്ങളും സർക്കാർ ഏജൻസികളും കാലാവസ്ഥാ മുന്നറിയിപ്പുകളെ കൂടുതൽ ഗൗരവമായി കാണുന്നുണ്ട്. പത്ത് വർഷം മുമ്പുണ്ടായിരുന്നതിനെക്കാൾ കാലാവസ്ഥാ അപകടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ഇപ്പോൾ കൂടുതലാണ്. പ്രത്യേകിച്ച് ഓറഞ്ച്, റെഡ് അലേർട്ടുകൾ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് നമ്മുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. രാത്രികാല യാത്രകൾ, പ്രത്യേകിച്ച് മലയോര പ്രദേശങ്ങളിലേക്കുള്ള യാത്രകൾ, ശക്തമായ മഴയുള്ള സമയത്ത് ഒഴിവാക്കുന്നതാണ് സുരക്ഷിതം.
ശക്തമായ മഴയും കാറ്റും ഉണ്ടാകുമ്പോൾ വൈദ്യുതി ബന്ധവും ആശയവിനിമയ സംവിധാനങ്ങളും തകരാറിലാകാം. മരങ്ങൾ വീഴുകയോ മണ്ണിടിച്ചിൽ ഉണ്ടാകുകയോ ചെയ്താൽ അത് മുൻകൂട്ടി മനസ്സിലാക്കാനും ബുദ്ധിമുട്ടുണ്ടാകും.
പരിചയമില്ലാത്ത വെള്ളത്തിൽ ഇറങ്ങാതിരിക്കുക എന്നതും വളരെ പ്രധാനമാണ്. ഓറഞ്ചിന് മുകളിലുള്ള മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ അതിന് അർഹിക്കുന്ന ഗൗരവം നൽകണം. അലേർട്ട് നിറങ്ങൾ തീരുമാനിക്കുമ്പോൾ മഴയുടെ തീവ്രത പ്രധാന ഘടകമാണ്. എന്നാൽ മഴയുടെ അളവ് മാത്രം നോക്കിയല്ല മുന്നറിയിപ്പ് നൽകുന്നത്. മുൻ ദിവസങ്ങളിലെ മഴ, മണ്ണിന്റെ അവസ്ഥ, നദികളിലെ ജലനിരപ്പ്, മണ്ണിടിച്ചിൽ സാധ്യത തുടങ്ങിയ ഘടകങ്ങളും പരിഗണിക്കുന്ന impact-based forecasting രീതിയാണ് ഇപ്പോൾ പ്രാധാന്യമാക്കുന്നത്
ഭാവിയിൽ കേരളത്തിൽ മൾട്ടി-ഹസാർഡ് എർലി വാണിങ് സംവിധാനം വരുമോ?
‘മൾട്ടി-ഹസാർഡ് എർലി വാണിങ് സിസ്റ്റം’ കേരളത്തിലും കൊണ്ടുവരാനുള്ള നടപടികൾ നടക്കുകയാണ്. ഇപ്പോൾ പ്രധാനമായും മഴയെ അടിസ്ഥാനമാക്കിയാണ് അലേർട്ടുകളുടെ നിറം നിശ്ചയിക്കുന്നത്. എന്നാൽ ശക്തമായ മഴയ്ക്കൊപ്പം കാറ്റ്, ഇടിമിന്നൽ തുടങ്ങിയ അപകടങ്ങളും ഒരേസമയം ഉണ്ടാകാം. അതിനാൽ ഈ ഘടകങ്ങളെല്ലാം ഉൾപ്പെടുത്തി മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് കൂടുതൽ പ്രയോജനകരം.
ഇതിനായി നിലവിലുള്ള എസ്.ഒ.പി.കൾ പരിഷ്കരിക്കുകയും ബന്ധപ്പെട്ട ഏജൻസികളെ നേരത്തെ അറിയിക്കുകയും അവരുടെ സംവിധാനങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും വേണം. മറ്റ് ചില സംസ്ഥാനങ്ങളിൽ ഇത്തരം സംവിധാനം നിലവിലുണ്ട്. കേരളത്തിലും ഇത് ഉടൻ നടപ്പാക്കേണ്ടതുണ്ട്.
Content Highlights: El Nino and global warming are driving rainfall deficits and extreme heat in Kerala for 2026., Ocean temperature rises trigger marine heatwaves, adversely affecting the fishing sector and marine ecosystems., Erratic rainfall patterns with dry spells pose severe risks to agriculture, especially in high-range areas like Wayanad and Idukki., Authorities emphasize impact-based forecasting and the upcoming multi-hazard early warning systems for better disaster preparedness.