എൽ നിനോ കാലത്ത് കാട് നാട്ടിലെത്തുമോ; വരൾച്ചയിൽ വാടുമോ പശ്ചിമഘട്ടം?

വീട്ടുവാതിൽ തുറക്കുമ്പോൾ കാണുന്നത് കാട്ടാനയെ, കിണറ്റിൻകരയിൽ കാണുന്നത് ഒരു പുള്ളിപ്പുലിയെ. റീൽസിൽ കാണുന്ന കൗതുകമൊന്നും അപ്പോൾ തോന്നില്ല. കാടും നാടും തമ്മിലുള്ള അതിരുകൾ ചിലപ്പോൾ മാഞ്ഞുപോകാനിടയുള്ള എൽ നിനോ കാലത്ത് ഈ കാഴ്ചകൾ റീൽസിൽ മാത്രം ഒതുങ്ങാനിടയില്ല.
വനാതിർത്തിയോട് ചേർന്നുള്ള ജനവാസമേഖലകളിലേക്ക് മൃഗങ്ങൾ ഇറങ്ങുന്നതും നാശം വിതയ്ക്കുന്നതും ആദ്യമായല്ല, കാട്ടുപന്നികൾ കൃഷിഭൂമികളിലിറങ്ങി വിളകൾ ഇല്ലാതാക്കുന്നതും ആനകളുടേയും കടുവകളുടേയും ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നതും വാർത്തകളിൽ നാം കാണുന്നുണ്ട്. എന്തുകൊണ്ടാണ് വന്യജീവികൾ കാടിറങ്ങുന്നത് എന്ന ചോദ്യം അപ്പോഴൊക്കെയും ഉയരാറുണ്ട്. വനാതിർത്തിയിലും വനത്തിലും നടക്കുന്ന മനുഷ്യ ഇടപെടൽ മുതൽ വെള്ളത്തിനും ഭക്ഷണത്തിനുമുള്ള ലഭ്യതക്കുറവ് വരെ ഈ പ്രശ്നത്തിന് പിറകിലുണ്ട്. എന്നാൽ കാലാവസ്ഥയിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങൾ ഈ പ്രതിസന്ധിയെ കൂടുതൽ ഗുരുതരമായ തലത്തിൽ എത്തിക്കുന്നുണ്ടോ. വരാനിരിക്കുന്ന സൂപ്പർ എൽ നിനോ ഈ പ്രശ്നത്തെ എങ്ങനെയായിരിക്കും ബാധിക്കുക?