ഹിമാദ്രിയിലെ പെണ്‍കുട്ടികള്‍; ഉത്തരധ്രുവത്തില്‍ ഗവേഷണം നടത്തി കുസാറ്റിലെ വിദ്യാര്‍ഥിനികള്‍

''ധ്രുവപ്രദേശത്ത് മറ്റൊരു ലോകമാണ്. ആറുമാസം രാത്രിയില്ല. എപ്പോഴും പകല്‍ ആണ്. നിറഞ്ഞ് തൂകുന്ന വെളിച്ചം. ആദ്യമൊക്കെ ഉറക്കം പ്രശ്‌നമായിരുന്നു...''പറയുന്നത് കൃഷ്ണപ്രിയയും അശ്വതിയും ഫര്‍സാനയും. കൊച്ചി സര്‍വ്വകലാശാലയില്‍ (കുസാറ്റ്) നിന്ന് ആര്‍ട്ടിക്കില്‍ ഗവേഷണത്തിന് പോയവരാണ് മൂവരും. മഞ്ഞുറഞ്ഞ ഉത്തരധ്രുവത്തില്‍ പഠനഗവേഷണങ്ങള്‍ പ്രത്യേകതകള്‍ ഏറെയുള്ളതാണ്.
ഇന്ത്യയുടെ ധ്രുവപ്രദേശ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ് ഓഷ്യന്‍ റിസര്‍ച്ച് (എന്‍.സി.പി.ഒ.ആര്‍.) വഴിയാണ് ഇവര്‍ക്ക് ഗവേഷണത്തിന് അവസരം കിട്ടിയത്. കുസാറ്റിലെ ഡോ. എ.എ. മുഹമ്മദ് ഹത്തയും ഡോ. എസ്. ബിജോയ് നന്ദനുമായിരുന്നു ഗൈഡുകള്‍.
അരികിലുണ്ട് ധ്രുവക്കരടികള്‍...
ആര്‍ട്ടിക്കിലെ ഇന്ത്യന്‍ സ്റ്റേഷനായ 'ഹിമാദ്രി'യില്‍ ആയിരുന്നു താമസം. കമ്പ്യൂട്ടര്‍, മറൈന്‍ ലാബ് എന്നിവയുമുണ്ട്. മാറിമറിയുന്ന കാലാവസ്ഥയാണ് അവിടെ. വെയില്‍ മാറി മൂടലാകാനും കാറ്റും ചാറ്റല്‍ മഴയും വരാനും അധികനേരം വേണ്ട. അന്തരീക്ഷം മാറിയാല്‍ പുറത്തേക്കുള്ള യാത്ര വേണ്ടെന്നുവെക്കും. വിവിധ രാജ്യങ്ങളിലുള്ള ഗവേഷകര്‍ അവിടെയുണ്ട്. എല്ലാവര്‍ക്കുമായി പൊതുകാന്റീനിലാണ് ഭക്ഷണം.
ചിലപ്പോള്‍ ധ്രുവക്കരടികള്‍ വരാറുള്ള സ്ഥലമാണ്. മാംസാഹാരികളായ സസ്തനികളാണിവ. അതിനാല്‍ പുറത്ത് സാമ്പിളിങ്ങിന് പോകുമ്പോള്‍ ഗണ്‍മാനെയും കൂട്ടണം. കടലിലെ ഗവേഷണത്തിന് ബോട്ടുകള്‍ വാടകയ്ക്ക് കിട്ടും. ഒരു മാസമാണ് സാധാരണയായി അവിടുത്തെ പഠനം.
കാലാവസ്ഥ കാക്കുന്ന പുഴുക്കള്‍...
ആഗോളതാപനം തടയുന്നതില്‍ ജീവജാലങ്ങള്‍ക്ക് എന്താണ് കാര്യം? കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സഹായിക്കുന്ന ചെറു ജീവികളുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ സ്വാംശീകരിക്കുകയും ദേഹത്ത് സൂക്ഷിക്കുകയും ചെയ്യുന്ന ഇത്തരം ഉരുളന്‍ പുഴുക്കളെ കുറിച്ചുള്ള ഗവേഷണത്തിനാണ് കൃഷ്ണപ്രിയയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. കടലിടുക്കുകളിലാണ് ഇവയെ കാണുന്നത്.
ലോകരാജ്യങ്ങള്‍ എല്ലാം ഇത്തരം പ്രദേശങ്ങളില്‍ ഗവേഷണങ്ങള്‍ കാര്യമായി നടത്തുന്നുണ്ട്. അശ്വതിയുടെ ഗവേഷണം കഴിഞ്ഞു. ഫര്‍സാന പഠനം തുടരുന്നു. ബാക്ടീരിയകളെ കാലാവസ്ഥാവ്യതിയാനം എങ്ങനെ ബാധിക്കുന്നു എന്നതാണ് വിഷയം.
ഭാവിയിലേയ്ക്ക്...
കാലാവസ്ഥാ വ്യതിയാനം മൂലം ലോകമാകെ ദുരന്തങ്ങള്‍ ഉണ്ടാകുന്നുണ്ട്. തീവ്രമഴയും വെള്ളപ്പൊക്കവും കടലേറ്റവും ഉള്‍പ്പടെയുള്ളവ. ആഗോളതാപനത്തില്‍ ധ്രുവങ്ങളിലെ ഹിമാനികള്‍ അതിവേഗം ഉരുകുന്നു. കടല്‍ നിരപ്പ് ഉയരുന്നു. കേരളത്തിലും കാലാവസ്ഥാമാറ്റങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്.
പഠനവും ഗവേഷണങ്ങളും കാലാവസ്ഥാവ്യതിയാനം തടയാന്‍ സഹായിക്കും. ലോകരാജ്യങ്ങളുടെ സ്വന്തം നിലയിലുള്ള പദ്ധതികളും കൂട്ടായ ശ്രമങ്ങളും ധ്രുവങ്ങളില്‍ ഇതിനായി നടക്കുന്നുണ്ട്. കാര്‍ബണ്‍ നിര്‍ഗമനം തടനായുള്ള സമയബന്ധിതമായ നീക്കങ്ങളിലാണ് ലോകം.
കുടുംബം...
ഞാറയ്ക്കല്‍ നികത്തിത്തറ അശ്വതി ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവ് പ്രശാന്തിനൊപ്പം കാനഡയിലാണ്. തിരുവാങ്കുളം ചെറിയകണ്ടത്തില്‍ കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് അനൂപ് പുന്നപ്ര എഞ്ചിനീയറിങ്ങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ആഫ്രിക്കയിലെ ജിയോ ഫിസിസിസ്റ്റായ അര്‍ഷാന്‍ ആണ് തിരൂര്‍ ആലങ്ങാടന്‍ വീട്ടില്‍ ഫര്‍സാനയുടെ ഭര്‍ത്താവ്.