ഗോത്രവിഭാഗങ്ങൾ കുടിയൊഴിപ്പിക്കപ്പെടും, 1416 ഹെക്ടർ വനം വകമാറ്റേണ്ടിവരും, വംശനാശഭീഷണി നേരിടുന്ന വെള്ളവയറൻ കൊക്കിന് ഭീഷണി; അരുണാചലിൽ മഴു ഉയരുമ്പോൾ

തദ്ദേശീയ പ്രാക്തനഗോത്രവിഭാഗങ്ങളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് അരുണാചൽപ്രദേശിലെ ഡെംവെ ജലവൈദ്യുതപദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിൽ എതിർപ്പ് ശക്തമാകുന്നു. ആദിവാസിപ്രക്ഷോഭത്തിന് പിന്തുണയുമായി മുൻ സിവിൽസർവീസ് ഉദ്യോഗസ്ഥക്കൂട്ടായ്മ രംഗത്തെത്തി. പദ്ധതിനീക്കം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഇവർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്കും ദേശീയ വന്യജീവി ബോർഡിനും കത്തയച്ചിരിക്കുകയാണ്.
എന്താണ് പദ്ധതി?
അരുണാചൽപ്രദേശിലെ ലോഹിത് നദിക്കു കുറുകേ നിർമിക്കുന്ന 1750 മെഗാവാട്ട് ശേഷിയുള്ള കൂറ്റൻ ജലവൈദ്യുതപദ്ധതി. കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടായി വിഭാവനംചെയ്യുന്നു. 732.6 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം. പദ്ധതിയിലൂടെ തദ്ദേശീയർക്ക് ജോലി, സംസ്ഥാനത്തിന് വരുമാനം എന്നിവയും ലക്ഷ്യം.
ആഘാതം
പദ്ധതിക്കായി വകമാറ്റേണ്ടിവരുക 1416 ഹെക്ടർ വനം. ഇതടക്കം 1590 ഹെക്ടർ ഭൂമി വെള്ളത്തിനടിയിലാകും. ഈ മേഖല നിത്യഹരിത മഴക്കാടുകൾ. ഇവിടെയുള്ള 43,000 മരങ്ങൾ വെട്ടിമാറ്റണം. ഇത്രയും ഭൂമിയിൽ കുടിയൊഴിപ്പിക്കേണ്ടിവരുക മിഷ്മി ഉൾപ്പെടെയുള്ള പ്രാക്തനഗോത്രവിഭാഗങ്ങളെ. കാംലാങ് കടുവസങ്കേതത്തിന്റെ അതിർത്തിയിൽനിന്ന് 50 മീറ്റർമാത്രം അകലെയാണ് പദ്ധതിപ്രദേശമെന്നതിനാൽ അതിനെയും ബാധിക്കും. ഉപഭോഗംകൂടിയ പീക്ക് സമയത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയമായി വിഭാവനം ചെയ്യുന്നതിനാൽ ജലലഭ്യത കുറഞ്ഞ സമയങ്ങളിൽ പ്രതിദിനം 20 മണിക്കൂറോളം വെള്ളം തടഞ്ഞുനിർത്തുകയും പിന്നീട് സെക്കൻഡിൽ 1729 ക്യുബിക് മീറ്ററെന്നതോതിൽ വൻതോതിൽ വെള്ളം തുറന്നുവിടുകയും വേണം.
മേഖലയുടെ ആവാസവ്യവസ്ഥയെ ഇത് തകർക്കും. വംശനാശഭീഷണി നേരിടുന്ന വെള്ളവയറൻ കൊക്കിന് ഭീഷണി. ലോകത്ത് ഈയിനം കൊക്കുകൾ വെറും 60 എണ്ണമേ അവശേഷിക്കുന്നുള്ളൂ. അണക്കെട്ടിനു കീഴെയുള്ള ദിബ്രു-സൈഖോവ ദേശീയോദ്യാനത്തിലെ പുൽമേടുകളും മണൽത്തിട്ടകളും വെള്ളത്തിനടിയിലായാൽ ബംഗാൾ ഫ്ളോറിക്കൻ, ഗംഗ ഡോൾഫിനുകളുടെ ആവാസവ്യവസ്ഥയും തകരും. 61 സസ്തനികളെയും 105 പക്ഷിവർഗങ്ങളെയും ബാധിക്കും. മിഷ്മിടാക്കിൻ, റെഡ് പാണ്ട, ഈസ്റ്റേൺ ഹൂലോക് ഗിബ്ബൺ തുടങ്ങിയ അപൂർവവന്യജീവികളെ ഇല്ലാതാക്കും. ദിബാങ് കടുവസങ്കേതത്തെ തകർക്കുന്നതോടെ കടുവകളുടെ ആവാസവ്യവസ്ഥയും ഇല്ലാതാവും.
വനാവകാശനിയമം ഇല്ല
2011 മുതൽ പദ്ധതിക്കായി നീക്കം. അന്നെല്ലാം നീട്ടിവെച്ചതാണിപ്പോൾ വീണ്ടും സജീവമാക്കിയിരിക്കുന്നത്. ഒപ്പം സിയാങ്, മെങ്ക, നയിങ്, ദിബാങ് അണക്കെട്ടുകൾക്കുനേരേയും ആദിവാസിപ്രക്ഷോഭങ്ങൾ അരങ്ങേറുന്നു. പൈതൃകഭൂമി നഷ്ടമാവുന്നതിനെതിരേ പ്രക്ഷോഭം കനപ്പെട്ടതോടെ 2006-ലെ വനാവകാശനിയമം നടപ്പാക്കുന്നത് സംസ്ഥാനസർക്കാർ മരവിപ്പിച്ചു. ആദിവാസികൾക്ക് മേൽക്കൈയുള്ള സംസ്ഥാനത്ത് വനഭൂമിയടക്കം ഗോത്രവിഭാഗങ്ങളുടെ കൈവശമായതിനാൽ നിയമം പ്രത്യേകമായി നടപ്പാക്കേണ്ടതില്ലെന്നാണ് നിലപാട്.
ചൈനയുടെ മെഗാ ബോംബ്
ടിബറ്റിൽ നിന്നുമുത്ഭവിച്ച് കീഴ്പ്പോട്ടൊഴുകുന്ന നദിയാണ് ബ്രഹ്മപുത്രയുടെ കൈവഴിയായ ലോഹിത് നദി. ഇന്ത്യയുടെ ഭീഷണി ചൈന മുകൾഭാഗത്ത് നിർമിക്കുന്ന കൂറ്റൻ അണക്കെട്ടുകളെക്കുറിച്ചാണ്. 60,000 മെഗാവാട്ട് ശേഷിയുള്ള പടുക്കൂറ്റൻ അണക്കെട്ടുകളാണ് ഹിമാലയത്തിന്റെ പാരിസ്ഥിതികാഘാതംപോലും നോക്കാതെ ചൈന നിർമിക്കുന്നത്. ഏകദേശം മണിക്കൂറിൽ 30 കോടി യൂണിറ്റ് ജലവൈദ്യുതോത്പാദനം ലക്ഷ്യം! ഹിമാലയത്തിലേൽപ്പിക്കുന്ന മുറിവിന്റെ ആഘാതം നേപ്പാളിന്റെ ദുഃഖമായി മാറിയ മിന്നൽപ്രളയമായി വന്നു പതിച്ചിട്ടും ചൈനയ്ക്ക് കുലുക്കമേതുമില്ല. ഇന്ത്യ ഭയക്കുന്നത്, മുകളിൽനിന്ന് കൂറ്റൻ അണക്കെട്ടുകളുടെ നിർമാണത്തിലൂടെ ചൈന ഒഴുക്കിവിടാനിടയുള്ള വെള്ളം പ്രളയമായി വടക്കുകിഴക്കൻ ഇന്ത്യയെ വിഴുങ്ങുമോയെന്നാണ്.
എന്നാൽ, രണ്ടുരാജ്യങ്ങൾ തമ്മിൽ ഇത്തരത്തിൽ പെട്ടെന്ന് വെള്ളം കുത്തിയൊഴുക്കിവിടാനൊക്കെ അതിന്റേതായ ക്രമീകരണങ്ങൾ വേണമെന്നതാണ് ഇതിന്റെ യാഥാർഥ്യം. (ചൈനയിൽ നിന്നൊരു ജലബോംബ് വന്നു പതിച്ചാലോ എന്നാണ് അരുണാചൽപ്രദേശ് മുഖ്യമന്ത്രിയുടെ ആശങ്ക). യുദ്ധക്കെടുതി ഉടനടിയുണ്ടായില്ലെങ്കിലും മുകൾഭാഗത്തുനിന്ന് തിരിച്ചുവിടുന്ന വെള്ളം ഏതെങ്കിലുമൊരു രാജ്യത്തിന് മാത്രമായി ബദൽ പ്രതിരോധ ഡാം വഴിയും മറ്റും തടഞ്ഞുനിർത്താൻ സാധിക്കില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, ബ്രഹ്മപുത്ര നദീവ്യവസ്ഥയിലെ 80 ശതമാനത്തോളം ജലവും അരുണാചലിലെയും അസമിലെയും ശക്തമായ മഴപ്പെയ്തിലൂടെയും മഞ്ഞുരുകലിലൂടെയും ലഭിക്കുന്നതാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
യുദ്ധംപോലെ ചില പ്രതിസന്ധിഘട്ടങ്ങളിൽ ശത്രുരാജ്യം ഇത്തരത്തിൽ വെള്ളംകൊണ്ടുള്ള പടയൊരുക്കം നടത്തിയാൽപ്പോലും 60,000 മെഗാവാട്ടിന്റെ പടുക്കൂറ്റൻ അണക്കെട്ട് സൃഷ്ടിക്കുന്ന ആഘാതം തടഞ്ഞുനിർത്താൻമാത്രം ഡെംവെ പദ്ധതി അപര്യാപ്തമാണെന്ന വിലയിരുത്തലുമുണ്ട്. പരിസ്ഥിതിമന്ത്രിക്കും വന്യജീവിബോർഡിനും നൽകിയ നിവേദനത്തിൽ ഒപ്പുവെക്കുന്ന കോൺസ്റ്റിറ്റ്യൂഷണൽ കോൺഡക്ട് ഗ്രൂപ്പ് എന്ന കൂട്ടായ്മയിൽ 69 റിട്ട. ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുണ്ട്.
വാദം, മറുവാദം
ബ്രഹ്മപുത്ര നദീതടത്തിൽ ചൈന നടത്തുന്ന നിർമാണപ്രവൃത്തികളെ പ്രതിരോധിക്കാൻ ഇന്ത്യയുടെ ഈ മെഗാ അണക്കെട്ട് നിർമാണം സഹായിക്കുമെന്നാണ് പദ്ധതി അനുകൂലികളുടെ വാദം. നമ്മുടെ ജലം നമുക്കുതന്നെ ഉപയോഗിക്കാനാകുന്നതിനാലാണിത്.
വന്യജീവിബോർഡ്
സുപ്രീംകോടതി നിർദേശപ്രകാരമുള്ള ദേശീയ വന്യജീവി ബോർഡ് സ്റ്റാൻഡിങ് കമ്മിറ്റി മുൻപാകെ 2011 ഒക്ടോബറിൽ പദ്ധതിയെത്തിയപ്പോൾ ബോർഡംഗമായിരുന്ന ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ഡയറക്ടർ ഡോ. ആസാദ് റഹ്മാനി ശക്തമായി പദ്ധതിയോട് വിയോജിച്ചു. കമ്മിറ്റിയിലെ അനൗദ്യോഗികാംഗങ്ങൾ പദ്ധതിയെ തള്ളിയപ്പോൾ ഔദ്യോഗികാംഗങ്ങൾ മൗനംപാലിച്ചു. എന്നിട്ടും ഭൂരിപക്ഷാഭിപ്രായം തള്ളി അന്നത്തെ പരിസ്ഥിതിമന്ത്രി ജയന്തി നടരാജൻ പദ്ധതിക്ക് അംഗീകാരംനൽകി. തദ്ദേശീയ എതിർപ്പ് കനപ്പെടുകയും ചില സാങ്കേതികതടസ്സങ്ങളുയരുകയും ചെയ്തതിനാൽ 2012-13ൽ പദ്ധതി മരവിപ്പിച്ചു.
ദേശീയ ഹരിതട്രിബ്യൂണലിലും വിഷയമെത്തി. 2017 ഒക്ടോബറിൽ പദ്ധതി അംഗീകാരം ട്രിബ്യൂണൽ മരവിപ്പിച്ചു. 2018-ൽ ദേശീയ വന്യജീവിബോർഡ് വീണ്ടും പദ്ധതി പരിഗണിച്ചു. വ്യത്യസ്ത സീസണുകളിൽ പാരിസ്ഥിതികാഘാതപരിശോധന വേണമെന്ന ഹരിതട്രിബ്യൂണലിന്റെ നിർദേശവും അവഗണിക്കപ്പെട്ടു. അന്നും പല സാങ്കേതികതടസ്സങ്ങളാൽ മുടങ്ങിപ്പോയ പദ്ധതിക്കാണിപ്പോൾ പുതിയ പദ്ധതിനിർദേശമായെത്തിയിരിക്കുന്നത്. പദ്ധതിക്ക് വീണ്ടും ജീവൻവെപ്പിച്ച ദേശീയ വന്യജീവിബോർഡിലെ ഒരു സ്വതന്ത്രാംഗം പരിസ്ഥിതിമന്ത്രിയുടെ നേതൃത്വത്തിലുള്ളൊരു സംഘടനയിൽ പ്രവർത്തിക്കുന്ന വനംവകുപ്പ് മുൻ ഉദ്യോഗസ്ഥനാണെന്ന് സിവിൽസർവീസ് കൂട്ടായ്മ ആരോപിച്ചു. കഴിഞ്ഞ ജൂലായിലാണ് പദ്ധതി വീണ്ടും അംഗീകരിച്ചത്. പുതിയ പദ്ധതിനടത്തിപ്പ് ഗ്രീൻകോ എന്ന ഏജൻസിക്കാണ്.
ശുദ്ധ ഊർജലഭ്യത
50,000 മെഗാവാട്ട് ജലവൈദ്യുതി ഉത്പാദനശേഷിയുള്ള മേഖലയായ അരുണാചൽ ഭൂവിഭാഗത്തിന്റെ വിഭവശേഷിയെ നാം കാര്യക്ഷമമായി വിനിയോഗിക്കണമെന്നാണ് കേന്ദ്രസർക്കാർ വാദം. ഇതിലൂടെ ശുദ്ധ ഊർജസമ്പത്ത് ഉറപ്പാക്കാമെന്ന് മാത്രമല്ല, ചൈനയുമായി അതിർത്തിപങ്കിടുന്ന മേഖലയിലെ നയതന്ത്രപ്രാധാന്യത്തിനനുസരിച്ചുള്ള കരുതലിനും സഹായിക്കുമെന്നാണ് പദ്ധതിയനുകൂല വാദം. അതായത്, നയതന്ത്രജാഗ്രതയോടെ ജലവിനിയോഗം നിയന്ത്രിച്ചുനിർത്താൻ ഇന്ത്യയെ സഹായിക്കുമെന്ന്. തദ്ദേശീയമായ വികസനവും ഉറപ്പാക്കുമെന്നിവർ പറയുന്നു.
എന്നാൽ, പാരിസ്ഥിതികമായി അതിദുർബലവും ഭൂകമ്പസാധ്യതാപ്രദേശവുമായ ഹിമാലയൻ മേഖലയിൽ മത്സരിച്ചുള്ള അണക്കെട്ടുനിർമാണം ഉണ്ടാക്കിയേക്കാവുന്ന ആഘാതം എത്രമാത്രമെന്ന് വികസനവാദികൾ ഓർക്കുന്നില്ലെന്നാണ് പരിസ്ഥിതിസ്നേഹികളുടെ ആവലാതി. ഭൂകമ്പങ്ങളും മണ്ണിടിച്ചിലും അണക്കെട്ടുകൾമൂലമുണ്ടാകാവുന്ന സുരക്ഷാപ്രശ്നങ്ങളും ആത്യന്തികമായി താഴ്വരയിലെ അപകടസാധ്യത ഉയർത്തുകയേയുള്ളൂ. അടയ്ക്കുന്നത് ഒരു പ്രാക്തന ജനസമൂഹത്തിന്റെ അതിജീവനസാധ്യതയുമാണ്.
അരുണാചലിനെ വിഴുങ്ങാൻ സിയാങ് പദ്ധതിയും
11,200 മെഗാവാട്ടിന്റെ സിയാങ് അപ്പർ ജലവൈദ്യുതപദ്ധതിക്കെതിരെയും അരുണാചൽപ്രദേശിൽ ആദിവാസി, ഗോത്ര ജനതയുടെ പ്രതിഷേധം ഇരമ്പുകയാണ്. ഇതിനെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ് ഭരണകൂടം. ചൈനയുടെ ഭീഷണിക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്യുന്നതാണ് സിയാങ് നദിയിൽ നിർമിക്കുന്ന ഈ പദ്ധതിയും. ഇന്ത്യക്കും ബംഗ്ലാദേശിനും ഒരുപോലെ ഭീഷണിയുയർത്തുന്നതാണ് ചൈനയുടെ നിർമാണങ്ങൾ.
സിയാങ് നദി: യാർലങ് സാങ്പോ എന്ന പേരിൽ ടിബറ്റിൽ നിന്ന് ഉദ്ഭവിച്ച് ഗല്ലിങ്ങിൽവെച്ച് അരുണാചലിൽ പ്രവേശിച്ച് അസമിലേക്ക് ഒഴുകി ബ്രഹ്മപുത്രയിൽ ചേരുന്നു. സയൂൽ ചു എന്ന പേരിൽ കിഴക്കൻ ടിബറ്റിൽ നിന്ന് ഉദ്ഭവിച്ച് കിബിതുവിൽ വെച്ച് അരുണാചലിൽ പ്രവേശിക്കുന്നു. ചെമ്മൺതാരയിലൂടെ ഒഴുകുന്നതിനാൽ ‘റിവർ ഓഫ് ബ്ലഡ്’ എന്ന്അപരനാമം. ബ്രഹ്മപുത്രയുടെ കൈവഴികളിൽ ഒന്ന്
സിയാങ് നദിയും അങ്ങേയറ്റം നയതന്ത്ര പ്രാധാന്യമേറിയതാണെന്നതിനാലാണ്, സുരക്ഷാ മുൻകരുതലെന്നോണം ഇവിടെ ഇന്ത്യ സ്വന്തം ഡാം പണിയുന്നത്. ജലവൈദ്യുതപദ്ധതിക്കാണെന്നാണ് ഔദ്യോഗികവാദം. എന്നാൽ, ഈ അണക്കെട്ട് 27 ആദിവാസിഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കുകയും 1.5 ലക്ഷം പേരെ കുടിയൊഴിപ്പിക്കുകയും ചെയ്യുമെന്നതാണ് ആശങ്ക. 1.5 ലക്ഷം പേർ അരുണാചൽപ്രദേശിലെ മൊത്തം ജനസംഖ്യയുടെ 11 ശതമാനം വരും. എന്നാൽ, ഈ പദ്ധതി ഇപ്പോൾ പ്രാഥമികസാധ്യതാ പരിശോധന ഘട്ടത്തിൽ മാത്രമാണ്. പദ്ധതി ഏറ്റവുമധികം ബാധിക്കുക ആദിഗോത്രവിഭാഗത്തെ. അപ്പർ സിയാങ്, സിയാങ്, കിഴക്കൻ സിയാങ് ജില്ലകളിൽ അധിവസിക്കുന്നവരാണിവർ. ഗലോ, നയിഷി, അപാതാനി, ഇദു മിഷ്മി, ടഗിൻ ഗോത്രവിഭാഗങ്ങളും അവർക്കൊപ്പം സമരമുഖത്തുണ്ട്.