കുടിവെള്ളക്ഷാമമുള്ള ബ്രസിലീയൻ നഗരത്തിൽ വമ്പൻ AI ഡാറ്റാ സെന്റർ വരുന്നു; പ്രതിഷേധവുമായി ജനങ്ങൾ

#നെയ്‌റ ഹോഫ്മീസ്റ്റര്‍/ മോംഗാബേ

ബ്രസീലിയൻ തലസ്ഥാനമായ ബ്രസീലിയയിൽ നിന്ന് മൂന്ന് മണിക്കൂർ മാത്രം അകലെയുള്ള കുടിവെള്ളക്ഷാമം നേരിടുന്ന പാരക്കാട്ടു (Paracatu) എന്ന നഗരം ഇന്ന് സങ്കീർണ്ണമായ പരിസ്ഥിതി പ്രതിസന്ധി നേരിടുകയാണ്. പ്രതിദിനം ഏകദേശം 1.2 ദശലക്ഷം ലിറ്റർ വെള്ളം തണുപ്പിക്കാനായി മാത്രം ആവശ്യമായി വരുന്ന എ ഐ ഡാറ്റാ സെന്റർ ഇവിടെ വരികയാണ്. ഇത് പാരക്കാട്ടുവിലെ മുഴുൻ ജനങ്ങൾക്കും ഒരു മാസത്തേക്ക് ആവശ്യമായ കുടിവെള്ളത്തിന് തുല്യമാണ്.

ആമസോണിന് സമാനമായി വൈവിധ്യമാർന്ന 'സെറാഡോ' (Cerrado) കാടുകളാൽ ചുറ്റപ്പെട്ട ഈ നഗരം ബ്രസീലിന്റെ സ്വാഭാവിക ജലസ്രോതസ്സുകളില ഒന്നാണ്. എന്നാൽ, ആഗോള ഐടി ഭീമന്മാർക്കായി നിർമ്മിക്കാൻ പോകുന്ന ഒരു ഗിഗാവാട്ട് (1-GW) ശേഷിയുള്ള ഭീമൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്റർ ഈ പ്രദേശത്തിന്റെ നിലനിൽപ്പിനെത്തന്നെ ഭീഷണിയിലാഴ്ത്തിയിരിക്കുകയാണ്.

ബ്ലാക്ക് റോക്ക് (BlackRock) ഉടമസ്ഥതയിലുള്ള ആറ്റ്‌ലസ് റിന്യൂവബിൾ എനർജി (Atlas Renewable Energy) എന്ന കമ്പനിയാണ് 35 ബില്യൺ റിയാൽ ചെലവിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ബ്രസീലിലൊട്ടാകെയുള്ള നിലവിലെ എല്ലാ ഡാറ്റാ സെന്ററുകളുടെയും ആകെ ശേഷിയേക്കാൾ വലുതാണ് ഈ ഒറ്റ പദ്ധതി. ഇതിലൂടെ വൻതോതിലുള്ള വൈദ്യുതിയും അതിലേറെ ശുദ്ധജലവും ഉപയോഗിക്കപ്പെടും.

സെറാഡോ കാടുകൾക്കുള്ളിലെ ജലാശയം

പ്രദേശവാസികളോ നഗരസഭാ പ്രസിഡന്റോ പ്രാദേശിക ഭരണാധികാരികളോ ഈ വൻകിട പദ്ധതിയെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്നില്ല. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് തങ്ങളുടെ മണ്ണിൽ ഇത്രയും വലിയ നിർമാണം വരാൻ പോകുന്ന വിവരം ജനപ്രതിനിധികൾ പോലുമറിയുന്നത്. പരിസ്ഥിതി നിയമങ്ങളിലെ വിടവുകൾ മുതലെടുത്ത് ഇത്തരം വലിയ പദ്ധതികൾക്ക് അനുമതി നൽകുന്നത് ബ്രസീലിൽ വ്യാപകമാകുകയാണ്.

പാരക്കാട്ടുവിൽ നിലവിൽ തന്നെ കടുത്ത കുടിവെള്ള ക്ഷാമവും ജലതർക്കങ്ങളും നിലനിൽക്കുന്നുണ്ട്. ഏകദേശം 80% പ്രദേശങ്ങളും നിലവിൽ കുടിവെള്ള തർക്ക മേഖലകളായി പ്രഖ്യാപിക്കപ്പെട്ടവയാണ്. ഭൂഗർഭജലവും ഉപരിതല ജലസ്രോതസ്സുകളും ഇവിടുത്തെ ആവശ്യങ്ങൾക്ക് തികയാത്ത അവസ്ഥയിലാണ്. കാനഡ ആസ്ഥാനമായ കിന്റോസ് (Kinross) കമ്പനിയുടെ 'മോറോ ഡോ ഔറോ' പ്രകൃതിദത്ത സ്വർണ്ണഖനിയും വലിയതോതിലുള്ള കൃഷിക്കായുള്ള നനയ്ക്കൽ രീതികളും (Irrigation Pivots) ഇതിനകം തന്നെ പ്രദേശത്തെ നദികളെയും അരുവികളെയും വറ്റിച്ചുകളഞ്ഞു. അധിവാസ മേഖലകളിലെ അരുവികൾ അപ്രത്യക്ഷമായെന്നും, കിണറുകളിൽ ജലനിരപ്പ് കുത്തനെ താഴ്ന്നുവെന്നും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. കർഷകരും പരമ്പരാഗത അഫ്രോ-ബ്രസീലിയൻ സമൂഹങ്ങളായ 'ക്വിലോംബോ' മനുഷ്യരും തങ്ങളുടെ ജീവനദികൾ പൊടിപടലങ്ങളായി മാറുന്നത് ഭീതിയോടെയാണ് നോക്കിക്കാണുന്നത്.

അടുത്തുള്ള സോളാർ പ്ലാന്റുകളിൽ നിന്നുള്ള ഊർജം ഉപയോഗിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നതെങ്കിലും, തണ്ണീർത്തടങ്ങളും വനങ്ങളും ഇല്ലാതാക്കി നടത്തുന്ന ഈ വികസനം പ്രദേശത്തെ പ്രതികൂലമായി ബാധിക്കും.

Content Highlights: A 1-GW AI data center by Atlas Renewable Energy (BlackRock) is planned for Paracatu, Brazil., The facility will consume 1.2 million liters of water daily for cooling, equivalent to a month's supply for the local population., Paracatu already faces severe water scarcity due to gold mining and large-scale agriculture., Local authorities and residents were unaware of the project until media inquiries revealed it.