കോംഗോ വനാന്തരങ്ങളിൽനിന്ന് ഓറഞ്ച്-ക്രീം അടയാളങ്ങളുമായി പുതിയ കുഞ്ഞൻ കുരങ്ങ് - 'ലിക്വേലി'

ആഫ്രിക്കയിലെ കോംഗോ നദീതടത്തിലെ മഴക്കാടുകൾ ഇന്നും ഭൂമിയിലെ ഏറ്റവും വലിയ ജൈവനിഗൂഢതകളുടെ കേന്ദ്രമാണ്. മനുഷ്യന്റെ കണ്ണുകൾക്കോ ശാസ്ത്രത്തിന്റെ ക്യാമറകൾക്കോ പൂർണമായി എത്തിപ്പിടിക്കാനാവാത്ത വിധം നിബിഡമായ ഈ വനത്തിൽ ലക്ഷക്കണക്കിന് വർഷങ്ങളായി സ്വതന്ത്രമായി പരിണമിച്ച് അതിജീവിക്കുന്ന അനേകം ജീവികളുണ്ട്, സസ്യങ്ങളുണ്ട്. എങ്കിലും പ്രൈമേറ്റുകളേപ്പോലെ വലിപ്പമുള്ള സസ്തനിയിനങ്ങളെയെല്ലാം ഇതിനകം ശാസ്ത്രലോകം തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, പുതിയ ആഫ്രിക്കൻ കുരങ്ങ് വർഗ്ഗത്തെ (Monkey species) ഔദ്യോഗികമായി ലോകത്തിന് മുന്നിൽ ഇപ്പോൾ പരിചയപ്പെടുത്തിയതോടെ ആ ധാരണകൾ തെറ്റി.
അന്താരാഷ്ട്ര ശാസ്ത്ര ജേണലായ പ്ലോസ് വൺ PLOS ONE-ൽ 2026 ജൂലൈ 15-ന് പ്രസിദ്ധീകരിച്ച സമഗ്ര ഗവേഷണ പ്രബന്ധത്തിലൂടെയും നാച്വർ അടക്കമുള്ള ശാസ്ത്രജേണലുകളിലെ റിപ്പോർട്ടുകളിലൂടെയുമാണ് ഈ കണ്ടെത്തൽ പുറത്തുവന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പ്രശസ്തമായ ലൊമാമി നാഷണൽ പാർക്കിന്റെയും അതിന്റെ ബഫർ സോണിന്റെയും ഉയർന്ന വനമേഖലയിൽനിന്നാണ് ഈ പുതിയ കൊളോബസ് കുരങ്ങിനെ തിരിച്ചറിഞ്ഞിട്ടുള്ളത്. ലിക്വേലി (Likweli) എന്നാണ് പേരിട്ടിരിക്കുന്നത്. ശാസ്ത്രീയ നാമമായി നൽകിയിരിക്കുന്നത് കോളോബസ് കോങോയെൻസിസ് എന്നും (Colobus congoensis). 2008-ൽ കോംഗോയിലെ ഷ്വാപ്പ-ലൊമാമി-ലുവാലബ നദീതട മേഖലയിൽ ലുക്കുരു വൈൽഡ്ലൈഫ് റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ഫീൽഡ് പര്യവേക്ഷണത്തിനിടയിലാണ് ഈ കുരങ്ങിന്റെ ആദ്യചിത്രം ക്യാമറയിൽ പതിയുന്നത്.
Content Highlights: Discovery of a new colobus monkey species named Likweli (Colobus congoensis) in the Congo rainforest., Published in PLOS ONE on July 15, 2026., Features distinct orange-cream facial markings and weighs around seven kilograms., Found exclusively in a restricted 1,700 square kilometer area in the Lomami National Park., Recommended as Endangered (EN) on the IUCN Red List due to hunting and habitat threats.