വിസർജ്യം ശുദ്ധമാക്കിയ തെളിനീരരുവി, നരഭോജി സിംഹങ്ങൾ കൊന്നു തിന്ന മനുഷ്യർ | അത്ഭുതങ്ങളുടെ Tsavo

വിസർജ്യം ഒരു ജലസംഭരണിയുടെ ജീവന്‍ നിലനിര്‍ത്തുമെന്ന് കേള്‍ക്കുമ്പോൾ നെറ്റിചുളിക്കുന്നവര്‍ക്ക് സാവോയിലെ എംസിമ അരുവി ഒരു നേര്‍ക്കാഴ്ച്ചയാണ്. സ്ഥലത്തെ പ്രധാന താമസക്കാരായ ഹിപ്പോകളാണ് ഇവിടെ കഥാപാത്രങ്ങള്‍. പകല്‍ മുഴുവന്‍ എംസിമയില്‍ ഉറക്കവും ആഘോഷവും നീന്തലും നടത്തുന്ന ഇവര്‍ വെള്ളത്തില്‍ നിക്ഷേപിക്കുന്ന വിസര്‍ജ്യമാണ് ഈ അരുവിയുടെ ജീവന്‍. ഇവരുടെ വിസര്‍ജ്യം എംസിമയെ കണ്ണാടിപോലെ കാത്തുസൂക്ഷിക്കുന്നു. ഹിപ്പോകളുടെ വിസര്‍ജ്യത്തിലടങ്ങിയിട്ടുള്ള പോഷകങ്ങള്‍ എംസിമയ്ക്കപ്പുറം ഇതിലെ ജലജീവികള്‍ക്കും സമീപത്തെ വിശാലമായ പഴക്കാടുകള്‍ക്കും പുല്‍മേടുകള്‍ക്കും ഉര്‍ജവും ആരോഗ്യവും നല്‍കുന്നതിനൊപ്പം എംസിമയുടെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാവുന്നുവെന്നതാണ് അത്ഭുതം.
ആറ് മാസത്തോളം നീണ്ടുനില്‍ക്കുന്ന കൊടുംവരള്‍ച്ച. ഒരു തുള്ളി വെള്ളത്തിനായി നാലുപാടും ഓടുന്ന മൃഗങ്ങള്‍. വറ്റി വരണ്ട പുഴയില്‍ സ്വയം കുഴിയെടുത്ത് ശുദ്ധജലം ശേഖരിക്കുന്ന കൊമ്പനാനകള്‍. കുടിവെള്ളത്തിനായി മൈലുകള്‍ താണ്ടുന്ന പക്ഷികള്‍. ഇതിനിടയിലും വിജയകരമായി അതിജീവിക്കുന്നവര്‍. അവര്‍ സാവോയിലുണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങള്‍. കെനിയയിലെ ഏറ്റവും പഴയ ദേശീയോദ്യാനമായ സാവോ ദേശീയോദ്യാനത്തിലെ ജീവികളുടെ അനിതര സാധാരണ ജീവിതമാണ് ഇത്തവണ Beauty and the Beastsൽ.
Content Highlights: Hippo's the natural fertiliser in Tsavo National Park