ഉപയോഗിക്കാന്‍ കഴിയാത്ത വെള്ളവും പ്രയോജനപ്പെടുത്താം; സ്വപ്‌നപദ്ധതിയുമായി ആദര്‍ശ് | Green warriors

നദികളാലും ജലസ്രോതസുകളാലും സമ്പന്നമായ സംസ്ഥാനമാണ് കേരളം. പക്ഷേ, ജനസാന്ദ്രതയടക്കമുള്ള നിരവധി വിഷയങ്ങള്‍ മൂലം ശുദ്ധജല സ്രോതസ്സുകള്‍ മലിനമായി കൊണ്ടിരിക്കുകയാണ്. വേനലിന്റെ കാഠിന്യം കൂടിയ സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ കഴിയാത്ത ജലം വിനിയോഗിക്കുകയെന്നത് അതിപ്രധാനമാണ്. ഭക്ഷണവുമായി താരതമ്യം ചെയ്യുമ്പോൾ ഗുണനിലവാരമില്ലാത്ത ജലം വേര്‍തിരിച്ചറിയാന്‍ സാധിക്കും. മായം ചേര്‍ത്ത ഭക്ഷണങ്ങള്‍ ഒരുപരിധി വരെ കഴിക്കുമ്പോള്‍ തിരിച്ചറിയാന്‍ പാടാണെങ്കിലും കുടിവെള്ളത്തിലെ രുചിവ്യത്യാസമൊക്കെ കൊണ്ട് അതിലെ മലിനസാധ്യത വേഗത്തില്‍ കണ്ടെത്താന്‍ കഴിയും. പിന്നീടത് കുടിവെള്ളമല്ല, മലിനജലമാണ്. ഉപയോഗിക്കാന്‍ കഴിയാത്ത ഈ ജലത്തെയും വിനിയോഗിക്കാന്‍ കഴിഞ്ഞാലോ ! എങ്ങനെയെന്നല്ലേ? കുറച്ചുകൂടി മെച്ചപ്പെട്ട സാങ്കേതികവിദ്യയുമായി എത്തുകയാണ് 26-കാരനും തിരുവല്ല സ്വദേശിയുമായ ആദര്‍ശ് പി കുമാര്‍. മലിനജലത്തിലെ ഭൂരിഭാഗം വരുന്ന ബാക്ടീരിയകള്‍ നീക്കം ചെയ്യുന്ന ആദര്‍ശ് വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ കുടിവെള്ളക്ഷാമത്തിന് ഒരുപരിധി വരെ പരിഹാരമാകുമെന്നാണ് കരുതുന്നത്.
ബി.ടെക് സിവില്‍ എന്‍ജിനയറിങ് പൂര്‍ത്തിയാക്കിയ ആദര്‍ശ് ഇപ്പോള്‍ പത്തനംതിട്ട ശുചിത്വ മിഷനിലാണ് ജോലി ചെയ്യുന്നത്. എന്‍വയോണ്‍മെന്റ് എന്‍ജിനയറിങ്ങാണ് ആദര്‍ശിന് താത്പര്യമുള്ള മേഖല. നദികളിലൂടെ ഒഴുകി വരുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന സാങ്കേതികവിദ്യ ആദര്‍ശ് വികസിപ്പിച്ചിരുന്നെങ്കിലും നടപ്പാക്കുന്നതിനുള്ള പരിമിതികള്‍ മൂലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പല ആശയങ്ങൾ വന്നെങ്കിലും കേരളത്തിന് ഏറെ പ്രയോജനകരമാകുന്ന തരത്തിലൊന്ന് രൂപപ്പെടാന്‍ സമയമെടുത്തു. കേരളത്തിന്റെ പശ്ചാത്തലത്തില്‍ പ്രാവര്‍ത്തികമാക്കാവുന്ന എന്നാല്‍ പാരിസ്ഥിതികമായി പ്രാധാന്യമര്‍ഹിക്കുന്ന ഒരു പദ്ധതിയുടെ അന്വേഷണം അവസാനിക്കുന്നത് 2023-ലാണ്.
Content Highlights: green warriors column on adarsh and hydronest