1979-ൽ വംശനാശം, തുടർന്ന് ആഴമേറിയ പഠനങ്ങൾ; 2009-ൽ തിരിച്ചുവന്ന ലാർജ് ബ്ലൂ ബട്ടർഫ്ളെെകൾ | Eco Story

ചിത്രശലഭങ്ങളുടെ ഒരു കുടുംബമാണ് ബ്ലൂസ് അല്ലെങ്കിൽ നീലിശലഭങ്ങൾ എന്നറിയപ്പെടുന്ന ലൈക്കനിഡേ. തീരെ കുഞ്ഞന്മാരാണ് ഇതിലെ അംഗങ്ങൾ, ചിറകുകൾ തുറക്കുമ്പോൾ പൊതുവേ തിളങ്ങുന്ന നീലനിറം ഉള്ള ഈ കുടുംബത്തിലാണ് ലോകത്താകെയുള്ള ശലഭങ്ങളുടെ മൂന്നിലൊന്നോളം ഇനങ്ങൾ ഉള്ളത്. ഈ കുടുംബത്തിൽ യൂറോപ്പിൽ കണ്ടുവരുന്ന ഒരു ശലഭമാണ് ലാർജ് ബ്ലൂ എന്നറിയപ്പെടുന്ന ഫെൻഗാരിസ് ഏരിയോൺ. ലൈക്കനിഡേ കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയ ശലഭങ്ങളിൽ ഒന്നാണിത്. തുമ്പപ്പൂവിന്റെ കുടുംബത്തിൽപ്പെട്ട തൈമസ് ഡ്രുസൈ അഥവാ തൈംസ് വിളിക്കുന്ന ഒരു ചെടിയിലാണ് ഇവ മുട്ടയിടുന്നത്. ഇതിനൊപ്പം മൈർമിക്ക സബുലേറ്റി എന്നൊരു ഉറുമ്പിന്റെ സഹായവും ഇവയുടെ നിലനിൽപ്പിന് ആവശ്യമാണ്.
ഇവയുടെ ജീവിതചക്രം അമ്പരപ്പിക്കുന്നത്ര വിചിത്രമാണ്. ജൂലൈ മാസത്തിൽ മുട്ട വിരിഞ്ഞു പുറത്തുവരുന്ന ശലഭപ്പുഴുക്കൾ മൂന്നാഴ്ചയോളം തൈംസ് ചെടി തിന്നു വളരുന്നു. അതിനുശേഷം അവിടുന്നു പിടിവിട്ട് താഴെ വീഴുന്ന പുഴുവിന്റെ പുറത്ത് തേൻതുള്ളിപോലൊരു ദ്രാവകം ഊറിവരുന്നു, ഇതിൽ ആകൃഷ്ടയായി ഉറുമ്പ് അടുത്തെത്തുമ്പോൾ വായു ഉള്ളിലേക്ക് വലിച്ച് വലിപ്പം വയ്ക്കുന്ന പുഴു തുടർന്ന് വായു പുറത്തേക്ക് വിടുമ്പോൾ ഉണ്ടാവുന്ന ശബ്ദം ഉറുമ്പിന്റെ റാണി അപകടത്തിൽപ്പെടുമ്പോൾ ഉണ്ടാക്കുന്ന ശബ്ദത്തോട് സാദൃശ്യം ഉള്ളതാണ്. തേൻതുള്ളി കുടിച്ച് മത്താവുന്ന ഉറുമ്പാവട്ടെ പുഴു തന്റെ റാണിയാണെന്നും കരുതി അതിനെ രക്ഷിക്കാൻ നേരെ തന്റെ കൂട്ടിലേക്ക് കൊണ്ടുചെല്ലും. കൂട്ടിലെ മറ്റുള്ളവരും അത് തങ്ങളുടെ റാണിതന്നെയാണെന്ന് കരുതി അതിന് പൂർണ്ണസ്വാതന്ത്ര്യം അനുവദിക്കും. അടുത്ത ആറുമാസക്കാലം ഈ പുഴു ഉറുമ്പുകളുടെ ലാർവകളും മുട്ടകൾ തിന്ന് വളർന്നുകൊണ്ടിരിക്കും. കൂട്ടിൽ എത്തിച്ചേർന്നപ്പോൾ ഉള്ളതേക്കാൾ നൂറുമടങ്ങ് വലിപ്പം വയ്ക്കുന്ന ശലഭപ്പുഴു ഇക്കാലം കൊണ്ട് ആ ഉറുമ്പുകോളനി മുഴുവൻ തന്നെ തീർത്തിട്ടുണ്ടാവും. തുടർന്ന് സമാധിയാവുന്ന പുഴു പിന്നീട് ഒരു വർഷക്കാലത്തോളം പ്യൂപ്പയായി തുടരുകയും പ്യൂപ്പ വിരിഞ്ഞ് ലാർജ് ബ്ലൂ ശലഭം പുറത്തുവരികയും ചെയ്യും. 1979-ൽ ഈ പൂമ്പാറ്റയാണ് ബ്രിട്ടനിൽ ഇല്ലാതെയായത്.
Content Highlights: extinction story of large blue butterflies and their comeback, eco story