അന്റാർട്ടിക്കയിൽ മഞ്ഞുരുകുമ്പോൾ നമ്മുടെ മൺസൂണും മാറുന്നു- മൺസൂൺ ടെലികണക്ഷൻ വിശദീകരിച്ച് മലയാളി ശാസ്ത്രജ്ഞ

#കെ. ഉണ്ണികൃഷ്ണൻ
ഡോ. ഷീബ നെട്ടുകണ്ടി ചേനോളി
ഡോ. ഷീബ നെട്ടുകണ്ടി ചേനോളി

കൊച്ചി: ‘‘അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നത് കേരളത്തിലെ കാലവർഷത്തിലും മാറ്റങ്ങളുണ്ടാക്കുന്നു. മൺസൂൺ ടെലി കണക്ഷൻ എന്ന ഇൗ പ്രതിഭാസം കണ്ടെത്തിയത് 10 വർഷം മുൻപാണ്. ഭൂമിയുടെ ഒരു കോണിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ മറ്റൊരു പ്രദേശത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്നതാണ് മൺസൂൺ ടെലികണക്ഷൻ എന്ന പ്രതിഭാസം-’’ പ്രമുഖ ധ്രുവ പര്യവേക്ഷകയായ ‌ഡോ. ഷീബ നെട്ടുകണ്ടി ചേനോളി പറയുന്നു. കണ്ണൂർ സ്വദേശിയായ ഷീബ മലേഷ്യയിലെ മലായ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറാണ്. മൂന്നു തവണ അന്റാർട്ടിക് പര്യവേക്ഷണങ്ങൾ നടത്തി. ദീർഘകാലമായി മലേഷ്യയിലെ നാഷണൽ അന്റാർട്ടിക് റിസർച്ച് സെന്ററുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലെ ലോകത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ വ്യതിയാന പഠന സംഘമായ ഐ.പി.സി.സി. യുടെ സെവൻത് അസെസ്‌മെന്റ് റിപ്പോർട്ടിലേക്ക് 'ലീഡ് ഓഥർ' ആയി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി സർവകലാശാലയിലായിരുന്നു പഠനം. വിവാഹം കഴിഞ്ഞ്് മലേഷ്യയിലെത്തിക്കഴിഞ്ഞപ്പോഴാണ് അവർ ഗവേഷണത്തിലേക്ക് തിരിഞ്ഞത്. ഏഴുതവണ അന്റാർട്ടിക്കയിൽ പര്യവേക്ഷണം നടത്തിയ ഡോ. അസീസ് അബു സമയായിരുന്നു ഗൈഡ്. അന്റാർട്ടിക്കയിലെ കാറ്റിന്റെ പ്രത്യേകതകളും മൺസൂൺ ടെലി കണക്ഷനുമൊക്കെയാണ് പഠന വിഷയങ്ങൾ.

ആമസോൺ മഴക്കാടുകളിൽ മരുവത്കരണത്തിന് സമാനമായ അവസ്ഥ

: ഭൂമധ്യ രേഖയ്ക്കടുത്തുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് നന്നായി മഴയും വെയിലും കിട്ടുന്നത്. കാലാവസ്ഥാ മാറ്റങ്ങൾ പ്രകടമാകുന്നതും മഴക്കാടുകളുള്ള രാജ്യങ്ങളിലാണ്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ഇടപെടലുകളും കാരണം ആമസോൺ മഴക്കാടുകളിൽ മരുവത്കരണത്തിന് സമാനമായ അവസ്ഥ പോലുമുണ്ട്. ഉഷ്ണമേഖലാ മഴക്കാടുകൾ പതുക്കെ വരണ്ട പുൽമേടുകളും മറ്റുമായി മാറുന്നുവെന്നും അവർ പറയുന്നു.

കാറ്റിന്റെ സഞ്ചാരം, മസ്കരെയ്ൻ ഹൈ...

ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്ത് മഡഗാസ്‌കറിന് സമീപം രൂപപ്പെടുന്ന ഉയർന്ന മർദമേഖലയാണ് 'മസ്കരെയ്ൻ ഹൈ'. ഇവിടെയാണ് കേരളത്തിലേക്ക് മഴ കൊണ്ടുവരുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ രൂപപ്പെടുന്നത്. അന്റാർട്ടിക്കയിൽ മഞ്ഞിന്റെ അളവു കുറയുമ്പോൾ, അന്തരീക്ഷ തരംഗങ്ങൾ വഴി ഈ മസ്കരെയ്ൻ ഉന്നതമർദ മേഖലയുടെ ശക്തിയിൽ മാറ്റമുണ്ടാകുന്നു. ഇത് കേരളത്തിലേക്ക് വീശുന്ന കാലവർഷ കാറ്റുകളുടെ ശക്തി കുറയ്ക്കാനോ കൂട്ടാനോ കാരണമാകുന്നു.

പതിവായി കിട്ടേണ്ട മഴയ്ക്ക് പകരം ഇടയ്ക്ക് നീണ്ട വരൾച്ചയും അതിതീവ്ര മഴയും കൂടുന്നുവെന്നും ഷീബ പറയുന്നു.

കണ്ണൂരിലെ ആദ്യകാല വ്യവസായ സംരംഭകരായിരുന്ന ചേനോളി കുടുംബത്തിലെ അംഗമാണ് ഷീബ. ഭർത്താവ് തലശ്ശേരി സ്വദേശിയായ രജീഷ് ബാലസുബ്രഹ്മണ്യം മലേഷ്യയിലാണ്.

Content Highlights: Antarctic ice melting causes monsoon teleconnection, affecting Kerala's rainfall patterns., Dr. Sheeba Nettukandi is selected as a Lead Author for the IPCC Seventh Assessment Report.