ഇനി ഉമ്മൻചാണ്ടിയുടെ പിൻഗാമി, ഭൂരിപക്ഷം അതുക്കുംമേലെ; പുതുപ്പള്ളിയിൽ ഭൂരിപക്ഷത്തിന്‍റെ ചരിത്രം ഇങ്ങനെ

അട്ടിമറിയില്ല, 53 വര്‍ഷക്കാലം ഉമ്മന്‍ ചാണ്ടിയെ നെഞ്ചേറ്റിയ പുതുപ്പള്ളി അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ചാണ്ടി ഉമ്മനെത്തന്നെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേതന്നെ ചാണ്ടി ഉമ്മന്റെ വിജയം യു.ഡി.എഫ് ക്യാമ്പ് ഏറെക്കുറേ ഉറപ്പിച്ചിരുന്നു. ഭൂരിപക്ഷം എത്രയായാകുമെന്ന കാര്യത്തിലേ ചോദ്യമുണ്ടായിരുന്നുള്ളു. ഭൂരിപക്ഷത്തില്‍ മാത്രമേ ഞങ്ങള്‍ക്ക് സംശയമുള്ളുവെന്ന് പ്രചാരണം ആരംഭിച്ചതുമുതല്‍ യു.ഡി.എഫ് നേതാക്കളും പറഞ്ഞുകൊണ്ടിരുന്നു. അന്തിമഫല പ്രഖ്യാപനം വന്നതോടെ അക്കാര്യത്തിലും തീരുമാനമായി. 37000-ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വമ്പന്‍ വിജയം. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി നേടിയതിനെക്കാള്‍ 28000-ഓളം വോട്ട് കൂടുതല്‍ നേടിയാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ താന്‍ തന്നെയാണ് പിതാവിന്റെ പിന്‍ഗാമിയെന്ന് ഉറക്കെ പ്രഖ്യാപിച്ചത്.
1970 മുതല്‍ 12 തവണ തുടര്‍ച്ചയായി ഉമ്മന്‍ ചാണ്ടിയെ നിയമസഭയിലേക്കെത്തിച്ച പുതുപ്പള്ളിക്കാര്‍ അദ്ദേഹത്തിന്റെ മരണശേഷം മകനെ കൈവിട്ടില്ലെന്ന് മാത്രമല്ല പിതാവിന് നല്‍കിയതിനെക്കാള്‍ വലിയ ഭൂരിപക്ഷവും നല്‍കി. 2011-ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇതിന് മുമ്പ് മണ്ഡലത്തിലെ റെക്കോര്‍ഡ്. പിതാവിന്റെ വിയോഗത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് ഈ ഭൂരിപക്ഷവും മറികടന്ന് മുന്നേറാനായത് പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ ആദരവുകൂടിയായി. മരണശേഷവും പുതുപ്പള്ളിയുടെ രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി ഫാക്ടറിനും അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കുപോലും പ്രധാന്യമുണ്ടെന്ന് തെളിയിക്കുന്നതായി ഉപതിരഞ്ഞെടുപ്പ് ഫലം. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ എന്ന വിലാസം ഒന്നുകൊണ്ടുമാത്രമാണ് ചാണ്ടിക്ക് ഇത്ര വലിയ മൈലേജ് മണ്ഡലത്തില്‍ ലഭിച്ചതെന്ന കാര്യത്തില്‍ സംശയമില്ല.
തുടക്കം മുതല്‍ ചാണ്ടി ഉമ്മന്‍ മാത്രം
കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ രാവിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ മണ്ഡലത്തിലെ മത്സരചിത്രം ഏറെക്കുറെ വ്യക്തമായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തുറക്കുന്നതിന് മുമ്പേ ചാണ്ടിയുടെ ലീഡ് 1500 കടന്നു. അയര്‍ക്കുന്നത്ത് ആദ്യ റൗണ്ട് വോട്ട് എണ്ണി പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് ക്യാമ്പ് ഏറെക്കുറേ വിജയം ഉറപ്പിച്ചു. രണ്ടാം റൗണ്ടിലും ചാണ്ടി ഉമ്മന്‍ ബഹുദൂരം മുന്നിലെത്തി. മൂന്നാം റൗണ്ട് പിന്നിടുമ്പോള്‍ 2021ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 9044 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി പിന്നിട്ടു. പിന്നീടുള്ള എല്ലാ റൗണ്ടിലും യുഡിഎഫ് ഭൂരിപക്ഷം കുതിച്ചുയര്‍ന്നു. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് രണ്ടിരട്ടിയോളം കുറച്ച് യുഡിഎഫിനെ ഞെട്ടിച്ച ജെയ്ക്ക് ഇത്തവണ ഒരിക്കല്‍ പോലും മത്സര ചിത്രത്തില്‍ വന്നില്ല. സ്വന്തം വീടിരിക്കുന്ന മണര്‍കാട് പോലും ജെയ്ക്ക് പിന്നില്‍പോയി.
സഹതാപ തരംഗം ഇല്ലാതാക്കാന്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പരമാവധി ഉമ്മന്‍ ചാണ്ടിയില്‍നിന്ന് മാറ്റി വികസനവും രാഷ്ട്രീയ വിവാദവുമെല്ലാം പ്രചാരണ ആയുധമാക്കിയ എല്‍ഡിഎഫ് തന്ത്രങ്ങള്‍ പാടേ പാളിയെന്നതാണ് വോട്ടുനില പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. എട്ട് പഞ്ചായത്തിലും യുഡിഎഫ് തരംഗം ആഞ്ഞടിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫ് ലീഡ് പിടിച്ച മണര്‍കാട് പോലും ഇത്തവണ ജെയ്ക്ക് ഏറെ പിന്നോട്ടുപോയി. കൂരോപ്പട, പാമ്പാടി പഞ്ചായത്തുകള്‍ പോയവട്ടം ഉമ്മന്‍ചാണ്ടിയെ കാര്യമായി പിന്തുണച്ചിരുന്നില്ല. കൂരോപ്പടയില്‍ 1081, പാമ്പാടി 342 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ലീഡ്. മീനടത്ത് ഉമ്മന്‍ചാണ്ടിക്ക് 838 വോട്ടുകളുടെ മേല്‍കൈ മാത്രമാണ് കിട്ടിയത്. പുതുപ്പള്ളി (2399), വാകത്താനം(1669) എന്നിങ്ങനെയും കഴിഞ്ഞ തവണ ലീഡ് പിടിച്ചു. എന്നാല്‍ ഇത്തവണ അയര്‍ക്കുന്നം, അകലക്കുന്നം, മണര്‍കാട്, കൂരോപ്പട, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം എന്നീ പഞ്ചായത്തുകളിലും കഴിഞ്ഞ തവണത്തേതിനെക്കാള്‍ ഇരട്ടിയോളം ലീഡ് യുഡിഎഫിന് കിട്ടി. എട്ടിടത്തും ഒരു റൗണ്ടില്‍ പോലും മുന്നോട്ടുവരാന്‍ ജെയ്ക്കിനായില്ല എന്നത് ഇടതുപക്ഷത്തിനേറ്റ വലിയ തിരിച്ചടിയായി.
മണ്ഡലത്തിലെ ഭൂരിപക്ഷ ചരിത്രം
ഉമ്മന്‍ ചാണ്ടി ആദ്യമായി മണ്ഡലത്തെ പ്രതിനിധീകരിച്ച 1970-ലെ തിരഞ്ഞെടുപ്പില്‍ 7288 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കന്നി വിജയം. തൊട്ടടുത്ത തവണ 1977ല്‍ ഇത് ഇരട്ടിയിലേറെ വര്‍ധിച്ച് 15910 ആയി ഭൂരിപക്ഷം ഉയര്‍ന്നു. അന്ന് കരുണാകരന്‍ മന്ത്രിസഭയില്‍ ഉമ്മന്‍ ചാണ്ടി തൊഴില്‍മന്ത്രിയായി. 1980ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തില്‍ 2000-ലേറെ വോട്ടിന്റെ ഇടിവുണ്ടായെങ്കിലും ഹാട്രിക് ജയത്തോടെ ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു. 1982-ല്‍ അതുവരെയുള്ള പുതുപ്പള്ളിയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വീണ്ടും നിയമസഭയിലേക്ക്. 1987-ല്‍ ഭൂരിപക്ഷം 9164 ആയി കുറഞ്ഞു. എന്നാല്‍, പിന്നീടുള്ള മൂന്ന് തവണയും ഭൂരിപക്ഷം 10000-ന് താഴേക്ക് വന്നില്ല. 1991ല്‍ 13811 വോട്ടിന്റെയും 1996ല്‍ 10155 വോട്ടിന്റെയും 2001ല്‍ 12575 വോട്ടിന്റെയും ഭൂരിപക്ഷത്തോടെ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് നിയമസഭയിലേക്കെത്തി.
മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് മത്സരിച്ച 2006-ല്‍ ഭൂരിപക്ഷം ഇരുപതിനായിരത്തോട് അടുത്തു. പിന്നീടുള്ള അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവര്‍ത്തനം സംസ്ഥാനത്തുടനീളം ഉമ്മന്‍ ചാണ്ടിയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ 2011ല്‍ 33255 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നേരെ മുഖ്യമന്ത്രി കസേരയിലേക്ക്. ആ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും സംസ്ഥാനംകണ്ട ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി മാറിക്കഴിഞ്ഞിരുന്നു. 2016-ല്‍ എല്‍ഡിഎഫ് ഭരണം തിരിച്ചുപിടിച്ചെങ്കിലും പുതുപ്പള്ളിയുടെ നായകപട്ടം ഉമ്മന്‍ ചാണ്ടി കൈവിട്ടില്ല. അന്ന് 27092 ആയിരുന്നു ഭൂരിപക്ഷം. എന്നാല്‍ 2021ല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഭൂരിപക്ഷം 9044 ലേക്ക് ഇടിഞ്ഞു. 51 വര്‍ഷത്തോളം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഭൂരിപക്ഷമായിരുന്നു അത്. ഇന്ന് ചാണ്ടി ഉമ്മനോട് പരാജയപ്പെട്ട ജെയ്ക്ക് തന്നെയായിരുന്നു അന്നും ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. പിതാവിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ വലിയ ഇടിവുണ്ടാക്കാന്‍ സാധിച്ചെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മകനോട് അന്നത്തെ പോരാട്ടവീര്യം കാഴ്ചവെക്കാന്‍ ജെയ്ക്കിന് സാധിച്ചില്ല.
ഉമ്മന്‍ ചാണ്ടിക്ക് മുമ്പുള്ള ഭൂരിപക്ഷം
ഇതിന് മുമ്പ് പുതുപ്പള്ളിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഉമ്മന്‍ ചാണ്ടി മത്സര ചിത്രത്തില്‍ ഇല്ലാതെ നാല് തിരഞ്ഞെടുപ്പുകള്‍ മാത്രമാണ് നടന്നത്. ആദ്യത്തേത് 1957ല്‍. അന്ന് കോണ്‍ഗ്രസ് നേതാവ് പിസി ചെറിയാന്‍ വിജയിച്ചു. ഭൂരിപക്ഷം 1396 വോട്ട്. തൊട്ടടുത്ത തവണ 1960ല്‍ നടന്ന തിരഞ്ഞെടുപ്പിലും പിസി ചെറിയാനിലൂടെ കോണ്‍ഗ്രസ് തന്നെ പുതുപ്പള്ളിയില്‍ വിജക്കൊടി പാറിച്ചു. ഭൂരിപക്ഷം 7911 ആയും ഉയര്‍ന്നു. എന്നാല്‍ 1965ല്‍ ആദ്യമായി മണ്ഡലം ഇടതുപക്ഷം പിടിച്ചു. 1835 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിന്റെ ഇ.എം ജോര്‍ജ് കോണ്‍ഗ്രസിനെ അട്ടിമറിച്ചു. എന്നാല്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചില്ല, രാഷ്ട്രപതി ഭരണംവന്നു. പിന്നീട് 1967-ല്‍ നടന്ന തിരഞ്ഞെടുപ്പിലും ഇഎം ജോര്‍ജിലൂടെ മണ്ഡലം ചുവന്നു. ഭൂരിപക്ഷം 5552 വോട്ട്. പുതുപ്പള്ളിയില്‍ ചെങ്കൊടി പാറിപ്പറന്ന അവസാന തിരഞ്ഞെടുപ്പും അതായിരുന്നു. 1970-ല്‍ സിറ്റിങ് എംഎല്‍എയായ ഇഎം ജോര്‍ജിനെ തോല്‍പ്പിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി പടയോട്ടം തുടങ്ങി. പിന്നീടിങ്ങോട്ട് പുതുപ്പള്ളി കോണ്‍ഗ്രസ് കോട്ടയായി. ഇപ്പോള്‍ മകനിലൂടെ കോണ്‍ഗ്രസ് വീണ്ടും മണ്ഡലം നിലനിര്‍ത്തിയിരിക്കുന്നു.
പ്രതിഫലിച്ചത് ഉമ്മന്‍ ചാണ്ടി ഫാക്ടര്‍
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ നിര്‍ണയിച്ച പ്രധാനഘടകം ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു. വിടപറഞ്ഞിട്ടും അദ്ദേഹം രാഷ്ട്രീയസാന്നിധ്യമായി മണ്ഡലത്തില്‍ നിറഞ്ഞു. അദ്ദേഹം മരണപ്പെട്ട് 22-ാം ദിവസം പ്രഖ്യാപിക്കപ്പെട്ട തിരഞ്ഞെടുപ്പ് ആയതിനാല്‍ തന്നെ സഹതാപ തരംഗം ആഞ്ഞടിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് ക്യാമ്പ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറുകള്‍ക്കകം തന്നെ യുഡിഎഫ് ഉമ്മന്‍ചാണ്ടിയുടെ മകന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. ഒരു തിരഞ്ഞെടുപ്പില്‍ ഇത്രയേറെ വേഗത്തില്‍ കോണ്‍ഗ്രസ് സ്ഥനാര്‍ഥിയെ പ്രഖ്യാപിച്ചതും ഇതാദ്യമായിരുന്നു. ഇതിലൂടെ ഒരുമുഴംമുമ്പേ എറിഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആധിപത്യം സ്ഥാപിക്കാനും യുഡിഎഫിനായി.
പുതുപ്പള്ളി പഞ്ചായത്തില്‍ ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടിയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ ഉയര്‍ത്തി അദ്ദേഹത്തിന്റെ ഓര്‍മകള്‍ പരമാവധി വോട്ടാക്കാനും യുഡിഎഫ് ലക്ഷ്യമിട്ടു. ഇതിനിടെ ഉമ്മന്‍ ചാണ്ടിയെ പുണ്യാളനാക്കുന്നതുമായി ബന്ധപ്പെട്ട എല്‍ഡിഎഫ് വിമര്‍ശനവും അദ്ദേഹത്തിന്റെ ചികിത്സ സംബന്ധിച്ച് ഉയര്‍ത്തിയ വിവാദവുമെല്ലാം പ്രചാരണത്തില്‍ യുഡിഎഫിന് തുണയായി. ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ വൈകാരികത വോട്ടാക്കാനുള്ള യുഡിഎഫ് നീക്കത്തിന് വളമിട്ടുകൊടുക്കുന്നതായിരിന്നു ഇതെല്ലാം. ഇതോടെ ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള പ്രചാരണം അവസാനിപ്പിച്ച എല്‍ഡിഎഫ് പിന്നീട് വികസന മുരടിപ്പ് ഉയര്‍ത്തി പ്രചാരണം കൊഴുപ്പിച്ചു. എന്നാല്‍ ഒറ്റത്തടി പാലം, മോശം റോഡ് തുടങ്ങി എല്‍ഡിഎഫ് ഉയര്‍ത്തിയ വികസന ചര്‍ച്ചകള്‍ ഉമ്മന്‍ ചാണ്ടിയുടെ മായാത്ത ഓര്‍മകളെ മറികടക്കാന്‍ പര്യാപ്ത മായിരുന്നില്ല. അക്കാര്യം എല്‍ഡിഎഫിന് ബോധ്യപ്പെടാന്‍ തിരഞ്ഞെടുപ്പ് ഫലംവരെ കാത്തിരിക്കേണ്ടിവന്നു
സെപ്റ്റംബര്‍ അഞ്ചിന് വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ പ്രവചനത്തില്‍ 18000-ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്നായിരുന്നു പ്രവചനം. ഭൂരിപക്ഷം ഇതിന്റെ ഇരട്ടിയോളം വര്‍ധിപ്പിക്കാനായി എന്നതും യുഡിഎഫിനും ചാണ്ടി ഉമ്മനും രാഷ്ട്രീയമായി വലിയ നേട്ടമാണ്.
Content Highlights: vote majority histroy in puthuppally assembly constituency, chandy oommen wins