ധീരജ് കൊലക്കേസ് പ്രതിക്ക് പുതുപ്പള്ളിയിൽ പ്രചാരണ ചുമതല, ചാണ്ടി ഉമ്മന്‍ മറുപടി പറയണം- ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിക്കുകയും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തത് ഖേദകരമാണെന്ന് ഡി.വൈ.എഫ്.ഐ. നിഖില്‍ പൈലി പ്രചാരണം നടത്തുന്നതിനെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ന്യായീകരിച്ചതിനെയും ഡി.വൈ.എഫ്.ഐ. വിമര്‍ശിച്ചു.
നിഖില്‍ പൈലിയെ മണ്ഡലത്തിലുടനീളം പ്രചാരണത്തിനുവേണ്ടി കൊണ്ടുനടക്കുന്ന യു.ഡി.എഫിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയണം. ഒരു കൊലയാളിയെ വെള്ളപൂശി താരപ്രചാരകനാക്കി പുതുപ്പള്ളിയില്‍ പ്രചാരണം നടത്തുന്നതിലൂടെ എന്ത് ധാര്‍മികതയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. കെ. സുധാകരന്‍ തന്നെ നിഖില്‍ പൈലിയെ ന്യായീകരിച്ച് മുന്നോട്ടുവന്നത് നാം കണ്ടതാണ്. കൊലപാതകികള്‍ക്ക് സംരക്ഷണവും ഒത്താശയും ചെയ്തുകൊടുക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ സമീപനം മലപ്പുറം തുവ്വൂര്‍ കൊലപാതകത്തിലും പ്രകടമാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
കൊലയാളിയെ വിശുദ്ധനാക്കുന്ന കോണ്‍ഗ്രസിന്റെ ഇത്തരത്തിലുള്ള അധമ രാഷ്ട്രീയത്തിനുകൂടി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലൂടെ പൊതുജനം ഉത്തരം നല്‍കും. പുതുപ്പള്ളിയില്‍ യു.ഡി.എഫ്. പ്രചാരണം നിഖില്‍ പൈലി നിയന്ത്രിക്കുന്ന വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ മറുപടി പറയണമെന്നും ഡി.വൈ.എഫ്.ഐ. വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, സംസ്ഥാന ട്രഷറര്‍ എസ്.ആര്‍. അരുണ്‍ ബാബു, സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി.സുരേഷ് കുമാര്‍ തുടങ്ങിയവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ധീരജിന്റെ പിതാവ്, സ്വന്തം മകനെ കൊലപ്പെടുത്തിയ നിഖില്‍ പൈലിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്നതിനെതിരേ രംഗത്തുവന്നിരുന്നു.
Content Highlights: dyfi statement on nikhil paily's presence in puthuppally bypoll