'രാഹുൽ പോയത് തെറ്റ്, ജൂനിയർ എംഎൽഎയെ ഇതിനായി ചുമതലപ്പെടുത്തുമോ'; വ്യക്തിപരമായി ശാസിക്കും-സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ, വി.ഡി. സതീശൻ
രാഹുൽ മാങ്കൂട്ടത്തിൽ, വി.ഡി. സതീശൻ

നിലമ്പൂര്‍: പി.വി. അന്‍വറിന്റെ വീട്ടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അനുനയത്തിന് പോയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുൽ അന്‍വറിനെ പോയി കണ്ടതെന്ന് സതീശന്‍ പറഞ്ഞു. അന്‍വറുമായി ഇനിയൊരു ചര്‍ച്ചയില്ല. ആ വാതില്‍ അടച്ചു. മാങ്കൂട്ടത്തില്‍ സ്വയം തീരുമാനത്തില്‍ പോയതാണെന്നും സതീശന്‍ വിശദീകരിച്ചു. ശനിയാഴ്ച അർധരാത്രിയോടെ ആയിരുന്നു രാഹുൽ അൻവറിനെ സന്ദർശിച്ചത്. 

യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി. അന്‍വറിനെ ഒതായിയിലെ വീട്ടില്‍പ്പോയി കണ്ടതെന്ന് സതീശൻ പറഞ്ഞു. അന്‍വറുമായി ഇനിയൊരു ചര്‍ച്ചയുമില്ലെന്നാണ് യുഡിഎഫിന്റെ തീരുമാനം. മുന്നണിയോഗം ചേര്‍ന്ന് ആ തീരുമാനം ഔദ്യോഗികമായി അന്‍വറിനെ അറിയിച്ചതുമാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണച്ചാല്‍ ആലോചിക്കാമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. പക്ഷേ, പിറ്റേദിവസംതന്നെ അന്‍വര്‍ പഴയ നിലപാട് ആവര്‍ത്തിച്ചതോടെ ചര്‍ച്ചയുടെ വാതിലടച്ചു. ഇനി ചര്‍ച്ചയില്ലെന്നും സതീശന്‍ വ്യക്തമാക്കി. 

അന്‍വറിനെക്കാണാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ജൂനിയര്‍ ആയിട്ടുള്ള എംഎല്‍എയെയാണോ ഇതിനായി ചുമതലപ്പെടുത്തുക? മാങ്കൂട്ടത്തില്‍ സ്വയം തീരുമാനത്തില്‍ പോയതാണ്. അദ്ദേഹം പോയത് തെറ്റാണെന്നാണ് വ്യക്തിപരമായ അഭിപ്രായം. അക്കാര്യത്തില്‍ വിശദീകരണം ചോദിക്കേണ്ടത് താനല്ല. വിശദീകരണമൊന്നും ചോദിക്കില്ല. മാങ്കൂട്ടത്തില്‍ തനിക്ക് സ്വന്തം അനിയനെപ്പോലെയാണ്. രാഹുലിനെ  നേരിട്ട് വ്യക്തിപരമായ രീതിയില്‍ ശാസിക്കുമെന്നും സതീശന്‍ പറഞ്ഞു. അന്‍വര്‍ മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, നിലമ്പൂരില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് സതീശന്‍ പ്രതികരിച്ചു. 

മുന്‍പ് നടന്ന ഒരു ഉപതിരഞ്ഞെടുപ്പിലുമില്ലാത്ത തരത്തില്‍, സംഘടനാപരമായി യുഡിഎഫ് നിലമ്പൂരിൽ അതിശക്തമാണെന്നും സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ എല്ലാ വിധത്തിലും തങ്ങള്‍ സജ്ജമായിരുന്നു. മണ്ഡലത്തില്‍ യുഡിഎഫിന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബാന്ധവം ശക്തമാണ്. ദേശീയപാത ഉള്‍പ്പെടെ ചര്‍ച്ചചെയ്യപ്പെടണം. ദേശീയപാതാ അഴിമതിയില്‍ കേരളത്തിന് പരാതിയില്ല. ഇത് ഈ ബാന്ധവം വ്യക്തമാക്കുന്നതാണ്. ഹൈവേ നിര്‍മാണത്തിന്റെ ക്രെഡിറ്റെടുക്കാന്‍ നടന്ന സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും സതീശന്‍ പറഞ്ഞു.

Content Highlights: vd satheesan clarifies rahul Mamkootathils visit to pv anvar