നിലമ്പൂരില്‍ തിരക്കഥ മാറി; ഇനി രാഷ്ട്രീയപ്പോരാട്ടം

#ബിജു പരവത്ത്
എം. സ്വരാജ്, ആര്യാടൻ ഷൗക്കത്ത്, പി.വി. അന്‍വര്‍, മോഹന്‍ ജോര്‍ജ്
എം. സ്വരാജ്, ആര്യാടൻ ഷൗക്കത്ത്, പി.വി. അന്‍വര്‍, മോഹന്‍ ജോര്‍ജ്

തിരുവനന്തപുരം: പി.വി. അന്‍വര്‍ മത്സരത്തിനിറങ്ങിയതോടെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്നതില്‍ നിര്‍ണായകമായി മാറും. സമീപകാലചരിത്രത്തിലൊന്നും രണ്ടുമുന്നണിക്കും ഇത്രയും നിര്‍ണായകമായ ഒരു ഉപതിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. ഒപ്പം, മുന്നണിരാഷ്ട്രീയശക്തികളോട് യുദ്ധംപ്രഖ്യാപിച്ച് ഒറ്റയ്ക്കുമത്സരിച്ച് രാഷ്ട്രീയത്തില്‍ ഇടംനേടാന്‍ ശ്രമിക്കുന്ന പി.വി. അന്‍വറിനും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകം.

വോട്ടുഭിന്നിപ്പിക്കാന്‍ കഴിയുന്നവിധത്തിലുള്ള സ്ഥാനാര്‍ഥിനിര്‍ണയമാണ് ബിജെപി നടത്തിയത് എന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന്യംകൂട്ടുന്നു. നിലമ്പൂരില്‍ ഇതുവരെയുള്ള കഥ ആകെ മാറി. ഇനി അക്ഷരാര്‍ഥത്തില്‍ രാഷ്ട്രീയപ്പോരാട്ടമാണ്. സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ പരസ്യയുദ്ധം പ്രഖ്യാപിച്ചാണ് പി.വി. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. ഉപതിരഞ്ഞെടുപ്പുണ്ടാക്കി അതില്‍ ആദ്യത്തെ തിരിച്ചടി അന്‍വറായിട്ട് നല്‍കണമെന്നതായിരുന്നു ഈ രാജിയുടെ രാഷ്ട്രീയലക്ഷ്യം.

മത്സരം മൂന്നുകളത്തിലേക്ക് മാറിയതോടെ, മണ്ഡലം പിടിക്കാമെന്ന ആത്മവിശ്വാസം എല്‍ഡിഎഫിനുണ്ട്. അതിനാണ് മുഖ്യമന്ത്രി ഓരോ പഞ്ചായത്തുതലത്തിലും പര്യടനത്തിനിറങ്ങുന്നതും മുതിര്‍ന്ന സിപിഎം നേതാവിനെ മത്സരത്തിനിറക്കിയതും. നിലമ്പൂരില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അന്‍വറിന്റെ ആരോപണങ്ങളെ അടപടലം ഇല്ലാതാക്കി സര്‍ക്കാര്‍ വെന്നിക്കൊടി പാറിക്കും. തുടര്‍ഭരണമെന്ന മുദ്രാവാക്യം കൂടുതല്‍ ഉച്ചത്തില്‍ ഉയരും. യുഡിഎഫിന്റെ ആത്മവിശ്വാസം തകര്‍ത്ത് മുന്നേറാന്‍ എല്‍ഡിഎഫിന് കഴിയും. തദ്ദേശതിരഞ്ഞെടുപ്പിലും ഊര്‍ജമാകും.

എല്‍ഡിഎഫ് തോല്‍ക്കുകയും അന്‍വറിന്റെ പിന്തുണയില്ലാതെ യുഡിഎഫ് ജയിക്കുകയും ചെയ്താല്‍ അത് ഭരണവിരുദ്ധവികാരത്തിന്റെ അടയാളമായി വിലയിരുത്തപ്പെടും. സിറ്റിങ് സീറ്റില്‍ മുഖ്യമന്ത്രി നേരിട്ടിറങ്ങി നടത്തിയ പോരില്‍ ആത്യന്തികമായ പരാജയം മുഖ്യമന്ത്രിയുടേതും സര്‍ക്കാരിന്റേതുമാകും.

അന്‍വറില്ലാതെ യുഡിഎഫ് ജയിച്ചാല്‍ അത് വരും യുദ്ധത്തിലിറങ്ങാനുള്ള ആവേശമായി മാറും. തുടര്‍ഭരണമെന്ന പൊതുധാരണസൃഷ്ടിക്കാനുള്ള എല്‍ഡിഎഫിനെ പ്രതിരോധിക്കാനുമാകും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ യുഡിഎഫിന്റെ പടക്കുതിരയായി മാറും. വിധി മറിച്ചായാല്‍ വി.ഡി. സതീശന്‍ ചോദ്യംചെയ്യപ്പെടും.

അന്‍വര്‍ ജയിച്ചാല്‍ അത് ചരിത്രമാകും. തോറ്റാല്‍ ആര് ജയിക്കുന്നുവെന്നതും പ്രധാനമാണ്. ജയിക്കുന്നത് എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും അത് അന്‍വറിന്റെ രാഷ്ട്രീയജീവിതത്തിന്റെകൂടി പതനമാകും. വോട്ടുകളില്‍ വിള്ളലുണ്ടാക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേരളകോണ്‍ഗ്രസ്(ജെ) നേതാവിനെ സ്ഥാനാര്‍ഥിയാക്കിയതോടെ ക്രിസ്ത്യന്‍ ന്യൂനപക്ഷവോട്ടുകള്‍ ബിജെപിയിലേക്ക് അടുപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

Content Highlights: tight fight in nilambur byelection with the entry of pv anvar