ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി പി.വി. അന്‍വര്‍

നിലമ്പൂര്‍: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി നിലമ്പൂരിലെ സ്വതന്ത്രസ്ഥാനാര്‍ഥി പി.വി. അന്‍വര്‍. ജിഫ്രി മുത്തുക്കോയ തങ്ങളുടെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ജമാഅത്തെ വിഷയത്തിലടക്കം സമസ്ത നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് അന്‍വറിന്റെ സന്ദര്‍ശനം. നിലമ്പൂരിൽ ചൊവ്വാഴ്ചയാണ് കൊട്ടിക്കലാശം. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.
കൊട്ടിക്കലാശത്തിന് ഇല്ലെന്ന് അന്‍വര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം, സാമുദായിക നേതാക്കളെയടക്കം കണ്ടുകൊണ്ട് പ്രചാരണത്തില്‍ സജീവമാകുകയാണ് അദ്ദേഹം. നേരത്തെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്ന അൻവർ, യുഡിഎഫുമായുള്ള സമവായചർച്ച പൊളിഞ്ഞതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ജൂൺ ഒന്നിന് പത്രികയും നൽകി.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുൻപേ നടക്കുന്ന സെമിഫൈനൽ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ മുന്നണികൾ കാണുന്നത്. 21-നാൾ നീണ്ട പ്രചാരണം മുന്നണികളുടെ ബലപരീക്ഷണത്തിനു വേദിയായി. മുഴുവൻ സംവിധാനങ്ങളെയും നിലമ്പൂരിലേക്ക് കേന്ദ്രീകരിച്ചുകൊണ്ടാണ് യുഡിഎഫും എൽഡിഎഫും പ്രചാരണം നടത്തിയത്.
യുഡിഎഫ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കേരളാ കോൺഗ്രസ്സ് വിട്ടുവന്ന അഡ്വ. മോഹൻ ജോർജ് കൂടി വന്നതോടെ ബിജെപിയും അരയുംതലയും മുറുക്കിയിറങ്ങി.
Content Highlights: pv anvar meets jifri muthukoya thangal nilambur bye-election