മത്സരിച്ചത് 248 തിരഞ്ഞെടുപ്പുകളിൽ, എല്ലാം തോറ്റു; പത്രിക തള്ളി, നിലമ്പൂരിൽ മത്സരിക്കാൻ പത്മരാജനില്ല

പെരിന്തല്‍മണ്ണ: 248 തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും എല്ലാ തോല്‍വിയും സന്തോഷത്തോടെ സ്വീകരിച്ച് വീണ്ടും മത്സരരംഗത്തു തിരിച്ചെത്തുകയും ചെയ്യുന്ന പത്മരാജന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. നിയമസഭാമണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ആ സംസ്ഥാനത്തെ ഏതെങ്കിലും ഒരു മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പേരുവേണമെന്നാണു നിയമം. തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയ പത്മരാജന്റെ പേര് തമിഴ്‌നാട്ടിലെ വോട്ടര്‍പട്ടികയിലാണുള്ളത്. ഇതോടെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പത്മരാജന്‍ നല്‍കിയ പത്രിക തള്ളുകയായിരുന്നു.
വയനാട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരേയും ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിക്കെതിരേയും മത്സരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ പേരുണ്ടായാല്‍മതി.
തമിഴ്‌നാട്ടിലെ സ്വന്തം മണ്ഡലമായ മേട്ടൂരില്‍ 1988-ല്‍ മത്സരിച്ചുകൊണ്ടാണ് പത്മരാജന്റെ തുടക്കം. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് 2011-ലെ തിരഞ്ഞെടുപ്പില്‍ മേട്ടൂരില്‍നിന്ന് നിയമസഭയിലേക്കു മത്സരിച്ചപ്പോഴായിരുന്നു-6273 വോട്ട്. പലപ്പോഴായി 11 സംസ്ഥാനങ്ങളില്‍നിന്നു മത്സരിച്ചിട്ടുണ്ട്.
കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിയാണ് പത്മരാജന്‍. പിന്നീട് മുത്തച്ഛന്‍ താമസിച്ചിരുന്ന മേട്ടൂരിലേക്കു മാറുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരിക്കാമെന്ന ബോധവത്കരണത്തിനായി മാത്രമാണ് മത്സരിക്കുന്നതെന്ന് സേലത്ത് ടയര്‍ കമ്പനി നടത്തുന്ന അദ്ദേഹം പറയുന്നു.
Content Highlights: Padmarajan, known for contesting 248 elections, was rejected in Nilambur byelection