സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായിട്ടാണ്; തിരഞ്ഞെടുപ്പായാലും യുദ്ധമായാലും ഒറ്റ നിലപാടേ ഉള്ളൂ-സ്വരാജ്

നിലമ്പൂർ: അനിവാര്യഘട്ടത്തിൽ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരണവുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. പരാമാർശത്തെക്കുറിച്ച് അഭിമുഖം കണ്ടതിന് ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാർട്ടിയുമായിട്ടാണ്. ആർഎസ്എസ് പിടിമുറുക്കിയ ജനതാ പാർട്ടിയുമായി സഹകരിച്ചത് കോൺഗ്രസ് ആണ്. അവ്യക്തതയുണ്ടെങ്കിൽ അത് എം.വി ഗോവിന്ദനോട് ചോദിച്ചാൽ വിശദീകരിച്ചുതരുമെന്നും സ്വരാജ് പറഞ്ഞു.
'ചരിത്രത്തിന് ഒരു മുഖമേയുള്ളൂ. അത് സത്യത്തിന്റെ മുഖമാണ്. അതിൽ ഒരു അവ്യക്തതയുമില്ല. മാഷ് ചോദ്യത്തോട് എങ്ങനെ പ്രതികരിച്ചെന്ന് പറയാനാകില്ല. മാഷ് ആലങ്കാരികമായി എന്തെങ്കിലും പറഞ്ഞോ, ചോദ്യത്തിന്റെ ദുഷ്ടലാക്ക് മനസ്സിലാക്കി തിരിച്ച് പറഞ്ഞോ.. അത് അഭിമുഖം കണ്ടതിന് ശേഷം മാത്രമേ പറയാൻ പറ്റൂ. അവ്യക്തതയുണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിച്ചാൽ അദ്ദേഹം വിശദീകരിക്കും', എം. സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
'എതെങ്കിലും ഒരു വർഗീയവാദിയുടെ വോട്ടിന് വേണ്ടി അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നവർ അല്ല ഞങ്ങൾ. തിരഞ്ഞെടുപ്പ് ആയാലും യുദ്ധമായാലും ഞങ്ങൾക്ക് ഒരു നിലപാട് ഉണ്ട്. അത് മതനിരപേക്ഷ നിലപാടാണ്. അത് വർഗീയശക്തികളുമായി നീക്കുപോക്കുണ്ടാകുന്ന നിലപാട് അല്ല. അതിൽ ഞങ്ങൾക്ക് വോട്ടോ ജയപരാജയങ്ങളോ പ്രശ്നമവുമല്ല. തെളിമയാർന്ന മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാണ് എല്ലാ കാലത്തും ഇടതുപക്ഷം മുമ്പോട്ടുപോകുക. അങ്ങനെ അല്ലാതായാൽ പിന്നെ ഇടതുപക്ഷമല്ലാതായി മാറും. ഞങ്ങളുടെ മതനിരപേക്ഷമൂല്യത്തെയോ വർഗീയവിരുദ്ധനിലപാടിനെയൊന്നും ചരിത്രത്തിൽ ആർക്കും ചോദ്യം ചെയ്യാനാവില്ല', സ്വരാജ് കൂട്ടിച്ചേർത്തു.
അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞത്. നിലമ്പൂര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോവിന്ദന്റെ പ്രതികരണം. 'അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു' ഗോവിന്ദന്‍ വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമി മുമ്പ് എല്‍ഡിഎഫിന് പിന്തുണച്ചത് ഓര്‍മിപ്പിച്ചപ്പോഴായിരുന്നു ഗോവിന്ദന്റെ പ്രതികരണം. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും അത് പറഞ്ഞാല്‍ വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്ലാമി ഓരോ മണ്ഡലത്തിലും ഓരോരുത്തരെയാണ് പിന്തുണച്ചത്. അതില്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.
'ജമാഅത്തെ ഇസ്ലാമിയെ ലോകത്ത് ആദ്യമായിട്ടാണ് ഒരു മുന്നണിയുടെ ഭാഗമാക്കുന്നത്. അത് ഇവിടെയാണ്. ജമാഅത്തെ ഇസ്ലാമി തങ്ങളുടെ അസോസിയേറ്റ് ഘടകക്ഷിയാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഒരിക്കല്‍പോലും ഒരു വര്‍ഗീയ പ്രസ്ഥാനവുമായിട്ടും രാഷ്ട്രീയ മുന്നണി ഉണ്ടാക്കിയിട്ടില്ല. ഇനിയും നില്‍ക്കില്ല. പക്ഷേ യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി പൂര്‍ണ്ണമായും രാഷ്ട്രീയ ഐക്യമുന്നണിയാണ്. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്ന സ്ഥിതി അടുത്ത ഘട്ടത്തിലുണ്ടാകും' സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Content Highlights: Nilambur Candidate M. Swaraj on CPM Secretary's RSS Remarks