നിലമ്പൂരിലും 'പെട്ടി'വിവാദം; പാലക്കാട്ടെ 'നീലപ്പെട്ടി'യില്‍ എങ്ങുമെത്താതെ അന്വേഷണം

# സ്വന്തം ലേഖകന്‍
പാലക്കാട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പെട്ടിവിവാദം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ നീലപ്പെട്ടിവിവാദം വിസ്മൃതിയില്‍. തിരഞ്ഞെടുപ്പോടെതന്നെ തുടരന്വേഷണങ്ങളില്ലാതെ വിവാദം കെട്ടടങ്ങുകയായിരുന്നു.
കള്ളപ്പണമെത്തിയെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം പോലീസിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിരുന്നു. ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രി ഇടിച്ചുകയറി പോലീസ് പരിശോധന നടത്തിയെന്നു കാട്ടി കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും പോലീസിന് പരാതി നല്‍കിയിരുന്നു.പോലീസ് മൊഴിയെടുത്തതല്ലാതെ ഒരു തുടര്‍നടപടിയും ഉണ്ടായില്ലെന്ന് ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും 'മാതൃഭൂമി'യോട് പറഞ്ഞു.
പോലീസിന്റെ അന്വേഷണം എന്തായെന്ന് അറിയില്ലെന്ന് അന്നത്തെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി. സരിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റായിരുന്ന സിപിഎം നേതാവ് ടി.കെ. നൗഷാദ് പറഞ്ഞു. താന്‍ ചുമതലയേറ്റശേഷം ഈ കേസിനെക്കുറിച്ച് അന്വേഷണം നടന്നതായി അറിയില്ലെന്ന് എസ്പി അജിത്കുമാര്‍ പറഞ്ഞു.
വിവാദം ഇങ്ങനെ
പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചെന്നായിരുന്നു ആരോപണം. നവംബര്‍ അഞ്ചിന് അര്‍ധരാത്രി ഹോട്ടലില്‍ പോലീസ് പരിശോധനയ്ക്കെത്തിയതോടെ പുറത്ത് സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി.
പരിശോധന എല്ലാവര്‍ക്കും ബാധകം -കമ്മിഷന്‍
തിരുവനന്തപുരം: പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ നടത്തുന്ന വാഹനപരിശോധന എല്ലാവര്‍ക്കും ബാധകമാണെന്നും ഇതില്‍ രാഷ്ട്രീയവിവേചനമില്ലെന്നും തിരഞ്ഞടുപ്പ് കമ്മിഷന്‍. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ജനപ്രതിനിധികള്‍, ജില്ലാപ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ വാഹനം പരിശോധിക്കുന്നത് സാധാരണ നടപടിമാത്രമാണ്. നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിലെ പ്രതിഷേധത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍.സ്വാഭാവികമായും ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചിട്ടുള്ള ചെക്‌പോസ്റ്റുകളില്‍ എല്ലാ വാഹനങ്ങളും പരിശോധിക്കും. അതാണ് നിലമ്പൂരിലും ഉണ്ടായത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നോ നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിച്ചതിനെപ്പറ്റിയോ ആരും പരാതി നല്‍കിയിട്ടില്ല. പരാതി കിട്ടിയാല്‍ നടപടിയെടുക്കും -കേല്‍ക്കര്‍ പറഞ്ഞു.
നിലമ്പൂരിലും പെട്ടിവിവാദം
നിലമ്പൂര്‍: നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരും പോലീസും പരിശോധിച്ചത് വിവാദമായി. തിരഞ്ഞെടുപ്പ് കണക്കിലെടുത്തുള്ള പരിശോധനയ്ക്കിടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തിലും പരിശോധന നടന്നത്. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം.
ഷാഫിക്കും രാഹുലിനുംപുറമേ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും വാഹനത്തില്‍ ഉണ്ടായിരുന്നു. ഷാഫി പറമ്പില്‍ ആയിരുന്നു വാഹനം ഓടിച്ചത്. നേതാക്കളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്ന് പരിശോധിച്ചു. ഇതിനിടെ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയര്‍ത്തു. സിപിഎമ്മിന്റെ പണി ചെയ്യുകയാണെങ്കില്‍ അത് ചെയ്താല്‍ മതിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. പൊട്ടിമുളച്ചിട്ട് എംഎല്‍എയും എംപിയുമായതല്ലെന്നും യുഡിഎഫിന്റെ വാഹനങ്ങള്‍ തിരഞ്ഞുപിടിച്ച് പരിശോധിക്കുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. തങ്ങളെ സുഖിപ്പിക്കാന്‍ വരേണ്ടെന്നും അങ്ങനെ സുഖിക്കുന്ന ആളുകള്‍ അല്ല തങ്ങളെന്നും പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുന്നത് പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ രാഹുലിനെ തടയാന്‍ ഷാഫി ശ്രമിക്കുന്നുണ്ട്. ഇതിനുപിന്നാലെ 'നിന്റെ സര്‍വീസിനുള്ള പാരിതോഷികം തരാം' എന്നും ഓര്‍ത്തുവെച്ചോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്.
സംഭവം വിവാദമായതോടെ തിരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന സാധാരണ വാഹനപരിശോധനയുടെ ഭാഗമായാണ് എംപിയും എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനം തടഞ്ഞുനിര്‍ത്തി ഡിക്കി തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പി.കെ. ഫിറോസ് പറഞ്ഞു. ഇടതുപക്ഷ നേതാക്കളുടെ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിച്ചോ എന്ന് ചോദിച്ചപ്പോള്‍ അതിന് ഉദ്യോഗസ്ഥര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ലെന്നും ഫിറോസ് പറഞ്ഞു. വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത് മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എയും പറഞ്ഞു. ഏകപക്ഷീയമായ പരിശോധനയാണ് നടന്നത്. ഷാഫിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും പരാതിനല്‍കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വണ്ടി പരിശോധിക്കരുത് എന്ന് നിയമമുണ്ടാക്കുകയേ വഴിയുള്ളൂ എന്നായിരുന്നു എം. സ്വരാജ് പ്രതികരിച്ചത്.
Content Highlights: nilambur byelection trolley controversy