നിലമ്പൂര്‍ ഇന്ന് മനസ്സുതുറക്കും; വോട്ടെണ്ണല്‍ എട്ടുമണി മുതല്‍, വഴിക്കടവ് തരും ആദ്യ ട്രെന്‍ഡ്

മലപ്പുറം: കണ്ണുനട്ടുള്ള കാത്തിരിപ്പിന് വിരാമം. ഇനിയുള്ള പത്തുമാസം നിലമ്പൂരിനെ നിയമസഭയില്‍ പ്രതിനിധാനംചെയ്യുന്നത് ആരെന്ന് ഇന്ന് അറിയാം. രാവിലെ എട്ടുമണിയോടെ ആ രഹസ്യം ഘട്ടംഘട്ടമായി വെളിപ്പെടും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങും. ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്.
19 റൗണ്ടായാണ് വോട്ടെണ്ണുക. ഓരോ റൗണ്ടിലും 14 വീതം പോളിങ്ബൂത്തുകള്‍ ഉണ്ടാകും. മൊത്തം 263 പോളിങ് സ്റ്റേഷനുകള്‍. ആദ്യഘട്ട ലീഡ് അരമണിക്കൂറിനുള്ളില്‍ത്തന്നെ അറിയാം. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ 11 മണിക്കുള്ളില്‍ ഫലപ്രഖ്യാപനം നടക്കും.
1,76,070 പേരാണ് വോട്ടുചെയ്തത്. ഇതില്‍ 1403 പോസ്റ്റല്‍വോട്ടുകളാണ്. ഇതാദ്യം എണ്ണും. പിന്നെ സര്‍വീസ് വോട്ടുകള്‍. അതിനുശേഷം ഇവിഎം യന്ത്രത്തിലെ വോട്ടെണ്ണും. വഴിക്കടവ്, മൂത്തേടം, കരുളായി, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അവസാനം അമരമ്പലം പഞ്ചായത്തുമാണ് എണ്ണുക.
പി.വി. അന്‍വറിന്റെ വിജയത്തിനിടയിലും യുഡിഎഫിന് ഭൂരിപക്ഷം നല്‍കുകയും അവര്‍ ഭരിക്കുകയും ചെയ്യുന്ന പഞ്ചായത്താണ് വഴിക്കടവ്. ആദ്യമെണ്ണുന്നത് ഇവിടത്തെ തണ്ണിക്കടവ് ബൂത്തിലെ വോട്ടാണ്. ഉയര്‍ന്ന വോട്ടിങ് ശതമാനമാണ് മുന്നണികളെ ആശയിലും ഒപ്പം ആശങ്കയിലുമാക്കുന്നത്.
അപ്രതീക്ഷിതമായ അടിയൊഴുക്കുകളൊന്നുമില്ലെങ്കില്‍ പതിനായിരം വോട്ടിനെങ്കിലും ജയിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എം. സ്വരാജിന് ലഭിച്ച ജനകീയപിന്തുണയാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പതിനായിരം വോട്ടെങ്കിലും പിടിച്ചാല്‍ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി.വി. അന്‍വര്‍ കരുതുന്നത്. കഴിഞ്ഞതവണത്തെ 8500 എന്ന അക്കത്തെ പതിനായിരം കടത്താനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ ശ്രമം.
വഴിക്കടവ് തരും ആദ്യ ട്രെന്‍ഡ്
മലപ്പുറം: എട്ടരയോടെ വഴിക്കടവില്‍നിന്നാകും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ട്രെന്‍ഡ് ലഭ്യമാകുക. വോട്ടെണ്ണല്‍ തുടങ്ങുന്നത് അവിടെനിന്നായതു മാത്രമല്ല. 2016-ല്‍ പി.വി. അന്‍വറിന് 2000 വോട്ടിലേറെ ലീഡുണ്ടായിരുന്ന പഞ്ചായത്തില്‍ 2021 ആയപ്പോള്‍ ആ ലീഡ് 35 ആയി ചുരുങ്ങി. ഇത്തവണ പി.വി. അന്‍വര്‍ സ്വതന്ത്രനായി മത്സരിക്കുകകൂടി ചെയ്യുമ്പോള്‍ ഇവിടത്തെ വോട്ടിങ് നില ഒരു ലിറ്റ്മസ് പരീക്ഷണമായേക്കും. അന്‍വര്‍ ഇവിടെനിന്ന് ഇത്തവണയും കൂടുതല്‍ വോട്ടുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. 46 ബൂത്തുകളാണ് വഴിക്കടവിലുള്ളത്.
മൂത്തേടം പഞ്ചായത്ത് മുസ്ലിംലീഗിന്റെ ശക്തികേന്ദ്രംകൂടിയാണ്. അതുകൊണ്ടുതന്നെ വഴിക്കടവും മൂത്തേടവും എണ്ണിക്കഴിയുമ്പോഴേക്ക് ശക്തമായ നിലയിലെത്താമെന്ന ആത്മവിശ്വാസം യുഡിഎഫിനുണ്ട്. ഇവിടെ 12 സീറ്റ് യുഡിഎഫിനും മൂന്നു സീറ്റ് എല്‍ഡിഎഫിനുമാണുള്ളത്.
എടക്കര പഞ്ചായത്ത് മുന്‍ ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിന്റെ പഞ്ചായത്തുകൂടിയാണ്. എന്നാല്‍ ഇവിടെ കഴിഞ്ഞതവണ വെറും 97 വോട്ടിന്റെ ലീഡാണ് യുഡിഎഫിനുണ്ടായിരുന്നത്. യുഡിഎഫിന് ഒന്‍പതും എല്‍ഡിഎഫിന് ഏഴും സീറ്റാണിവിടെയുള്ളത്. ഇത്തവണത്തെ പ്രകാശിന്റെ വീടുസന്ദര്‍ശന വിവാദം ഇവിടെ എങ്ങനെ പ്രതിഫലിക്കുമെന്നു കണ്ടറിയണം.
ഇതിനു നേരേ വിപരീതമാണ് പോത്തുകല്ല് പഞ്ചായത്ത്. അത് സ്വരാജിന്റെ പഞ്ചായത്താണ്. കഴിഞ്ഞതവണയും എല്‍ഡിഎഫിന് 506 വോട്ടിന്റെ ലീഡ് നല്‍കിയ പഞ്ചായത്തില്‍ ഇത്തവണ സ്വരാജ് മത്സരിക്കുമ്പോള്‍ ഉയര്‍ന്ന ലീഡുണ്ടാക്കാനാകുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. എല്‍ഡിഎഫിന് ഒന്‍പതും യുഡിഎഫിന് എട്ടും സീറ്റാണിവിടെയുള്ളത്. ചുങ്കത്തറയും യുഡിഎഫിന് കഴിഞ്ഞതവണ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞ പഞ്ചായത്താണ്. എന്നാല്‍ 300 വോട്ടിന്റെ ലീഡേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. പി.വി. അന്‍വറിന്റെ സഹായത്തോടെ എല്‍ഡിഎഫില്‍നിന്ന് പിടിച്ചെടുത്ത പഞ്ചായത്താണിത്. ഇത്തവണ അന്‍വര്‍ അപ്പുറത്ത് മത്സരിക്കുന്നതുകൊണ്ട് യുഡിഎഫിന് ഈ പഞ്ചായത്തില്‍ ഒരു ബലപരീക്ഷണം തന്നെ വേണ്ടിവരും.
നിലമ്പൂര്‍ നഗരസഭ 1503 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. ആ ലീഡ് ഉയര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. 23 വാര്‍ഡ് എല്‍ഡിഎഫും ഒന്‍പത് വാര്‍ഡ് യുഡിഎഫും ഒരു വാര്‍ഡ് ബിജെപിയുമാണ് ഇവിടെ ജയിച്ചത്. ബിജെപി ഇത്തവണ ഇവിടെ വോട്ടുയര്‍ത്താന്‍ കഠിനമായി ശ്രമിച്ചിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ മറ്റൊരു ശക്തികേന്ദ്രമാണ് അമരമ്പലം പഞ്ചായത്ത്. കഴിഞ്ഞ തവണ 1492-ന്റെ ലീഡ് അവര്‍ക്കു നല്‍കിയ അമരമ്പലത്ത് ഇത്തവണയും എല്‍ഡിഎഫിന് വലിയ പ്രതീക്ഷയുണ്ട്. 12 സീറ്റ് എല്‍ഡിഎഫിനും ഏഴു സീറ്റ് യുഡിഎഫിനുമാണിവിടെ.
കരുളായിയും എല്‍ഡിഎഫിന്റെ കോട്ടതന്നെ. 1446 ആണ് കഴിഞ്ഞതവണത്തെ ലീഡ്. ഈ രണ്ടു പഞ്ചായത്തിലും ലീഡ് നല്ലതോതില്‍ ഉയര്‍ത്താനായാല്‍ എല്‍ഡിഎഫിന് അത് വലിയ നേട്ടമാവും. എട്ട് വാര്‍ഡില്‍ യുഡിഎഫും ഏഴു വാര്‍ഡില്‍ എല്‍ഡിഎഫും വിജയിച്ചു.
Content Highlights: Follow the live updates of Nilambur Assembly by-election vote counting.