നിലമ്പൂർ അങ്കത്തിന് BJPയും; 3 പേരുടെ പട്ടിക തയ്യാറാക്കി രാജീവ് ചന്ദ്രശേഖർ, ഞായറാഴ്ച മണ്ഡലത്തിലേക്ക്

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ബി.ജെ.പി. സ്ഥാനാർഥിയാകുന്നതിന് പരിഗണനയിലുള്ള മൂന്ന് പേരുടെ പട്ടിക സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തയ്യാറാക്കി. അദ്ദേഹം ഞായറാഴ്ച നിലമ്പൂരിലേക്ക് തിരിക്കുമെന്നും റിപ്പോർട്ട്.
ദേശീയനേതൃത്വവുമായുള്ള കൂടിയാലോചനകൾക്ക് ശേഷം ഞായറാഴ്ച അന്തിമ തീരുമാനം പുറത്തുവിടുമെന്നാണ് കരുതുന്നത്. എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ്സിന്റെ അഭിപ്രായവും കേൾക്കും. പ്രാദേശിക നേതാക്കളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ബിജെപിക്ക് താത്പര്യക്കുറവുണ്ടെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബിഡിജെഎസ് മത്സരിച്ചേക്കുമെന്നും സൂചനകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച തീരുമാനം എൻഡിഎയിലെ ചർച്ചകൾക്കുശേഷം എടുക്കുമെന്നായിരുന്നു നേരത്തെ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയത്.
അതേസമയം, ഏതുതിരഞ്ഞെടുപ്പും രാഷ്ട്രീയപ്പോരാട്ടമായതിനാൽ മത്സരിക്കാതിരിക്കുന്നത് ആക്ഷേപങ്ങൾക്കിടയാക്കുമെന്ന അഭിപ്രായവും പാർട്ടിയിൽ ഉയർന്നിരുന്നു.
Content Highlights: BJP to Contest Nilambur By-election: Three Candidates Under Consideration