അന്‍വര്‍ ജനപിന്തുണയുള്ള നേതാവ്, മുന്നണിപ്രവേശനം ചര്‍ച്ചചെയ്ത് തീരുമാനിക്കും- കെ. സുധാകരൻ

മലപ്പുറം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം നേരത്തേ പ്രതീക്ഷിച്ചിരുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായ കെ. സുധാകരന്‍. പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന റിസല്‍ട്ടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ട് ഇടതുപക്ഷത്തിന് കിട്ടാന്‍ പോകുന്ന ഏറ്റവുംവലിയ തിരിച്ചടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. യുഡിഎഫിന്റെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ആരോഗ്യകരമായ കാരണങ്ങളാല്‍ വിശ്രമം ആവശ്യമായി വന്നതിനാല്‍ തനിക്ക് നിലമ്പൂരിലേക്ക് പോവാന്‍ കഴിഞ്ഞിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
കൂട്ടായ പ്രവര്‍ത്തനമാണ് വിജയത്തിലേക്ക് എത്തിച്ചത്. ഇടതുപക്ഷ സര്‍ക്കാരിന്റെ വിലയിരുത്തലാണ് ഈ ഉപതിരഞ്ഞെടുപ്പ്. വരാന്‍പോകുന്ന തിരഞ്ഞെടുപ്പിലും ഇതേ തിരിച്ചടി ഇടതുപക്ഷത്തിന് ലഭിക്കും. ഈ സര്‍ക്കാരിനെതിരെ വിമര്‍ശനവും വിദ്വേഷവും വെച്ചുപുലര്‍ത്തുന്ന സിപിഎം പ്രവര്‍ത്തകരെപ്പോലും തനിക്കറിയാം. കൊള്ളയടിച്ച പണം മക്കളുടെയും മരുമക്കളുടെയും അക്കൗണ്ടുകളിലേക്ക് പോവുകയാണ്. നാണവും മാനവും ഉളുപ്പും ഇല്ലാത്തയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. പണ്ട് കണ്ട പിണറായി വിജയനെയല്ല ഇപ്പോള്‍ കാണാനാവുന്നത്. അന്നുകണ്ട പിണറായി വിജയന് കുറച്ച് മാനാഭിമാനമൊക്കെ ഉണ്ടായിരുന്നു. ഇക്കാലത്ത് മാനാഭിമാനംപോലും നഷ്ടപ്പെട്ട ഒരു നേതാവായാണ് താൻ പിണറായി വിജയനെ കാണുന്നതെന്നും സുധാകരന്‍ പറഞ്ഞു.
അന്‍വര്‍ ഈ തിരഞ്ഞെടുപ്പില്‍ ഒരു ഫാക്ടര്‍ ആയി മാറി. ഒരു വ്യക്തി അത്രയും വോട്ടുപിടിച്ചു എന്നുപറഞ്ഞാല്‍ അതൊരു വലിയ കാര്യമാണ്. കുറച്ചുകൂടെ സാവകാശം കിട്ടിയിരുന്നെങ്കില്‍ കുറച്ചുകൂടെ വോട്ട് കിട്ടുമായിരുന്നെന്നാണ് കഴിഞ്ഞദിവസം വൈകീട്ട് അന്‍വര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞത്. അന്‍വറിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ചകളിലൂടെ തീരുമാനിക്കും. കോണ്‍ഗ്രസിലേക്ക് അന്‍വറിന് എന്നും വരാം. നമുക്ക് വേണ്ടത് ജനപിന്തുണയുള്ള നേതാക്കളെയാണ്. അന്‍വര്‍ ജനപിന്തുണയുള്ള നേതാവാണ് എന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും യുദ്ധപ്രഖ്യാപനം നടത്തി പുറത്തുവന്ന് വലിയ വോട്ട് നേടിയെടുത്തിരിക്കുന്നു. കഴിഞ്ഞത് ഉപതിരഞ്ഞെടുപ്പാണ്. ഇനി ഒരു പൊതുതിരഞ്ഞെടുപ്പില്‍ ഇതിലേറെ എത്രയോ വോട്ട് പിടിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും സുധാകരന്‍ പറഞ്ഞു.
തോല്‍ക്കുമെന്ന് അറിഞ്ഞുകൊണ്ട് സ്വരാജിനെ കൊണ്ടുപോയി വീണ്ടും മത്സരിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. അദ്ദേഹം ചെറുപ്പക്കാരനും ഭാവിയുള്ള രാഷ്ട്രീയക്കാരനുമാണ്. ആ ഭാവി നശിപ്പിക്കുന്നതിന് മാത്രമേ അത് ഉപകരിക്കുകയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. ബിജെപിക്ക് കേരളത്തില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടു. അവരെ സംബന്ധിച്ച്, യാതൊരു ജനപിന്തുണയുമില്ല എന്നതിന്റെ തെളിവായി ഈ തിരഞ്ഞെടുപ്പ് മാറിയെന്നും സുധാകരന്‍ പറഞ്ഞു.
Content Highlights: k sudhakaran on nilambur byelection udf victory