ധനാഢ്യൻ അൻവർ തന്നെ, പക്ഷേ, കൈയിലുള്ള പണം 25000 മാത്രം; സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾ ഇങ്ങനെ

എം. സ്വരാജ്, ആര്യാടൻ ഷൗക്കത്ത്, പി.വി. അന്‍വര്‍, മോഹന്‍ ജോര്‍ജ്
എം. സ്വരാജ്, ആര്യാടൻ ഷൗക്കത്ത്, പി.വി. അന്‍വര്‍, മോഹന്‍ ജോര്‍ജ്

മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ധനാഢ്യന്‍ മുന്‍ എംഎല്‍എ പി.വി. അന്‍വര്‍തന്നെ. സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ചാണിത്.

പി.വി. അന്‍വര്‍

മുന്‍ എംഎല്‍എ പി.വി. അന്‍വറിനുള്ളത് 34,07,14,320 രൂപയുടെ സ്ഥാവരവസ്തുക്കള്‍. രണ്ടു ഭാര്യമാര്‍ക്കുമായി 10,13,68,680 രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്. അന്‍വറിന്റെ കൈയില്‍ പണമായി 25,000 രൂപയും ഭാര്യയുടെ കൈയില്‍ 20,000 രൂപയുമാണുള്ളത്. 2,13,60,000 രൂപ വിലമതിക്കുന്ന 2400 ഗ്രാം സ്വര്‍ണം ഭാര്യമാര്‍ക്കും 71,20,000 രൂപയുടെ 800 ഗ്രാം സ്വര്‍ണം ആശ്രിതരുടെ കൈയിലുമുണ്ട്. പണം, ബാങ്ക്്, ആഭരണം, കിട്ടാനുള്ള തുക, ബാങ്ക് പലിശ എന്നിവയടങ്ങിയ 18,14,24,179 രൂപയുടെ ആസ്തിയുണ്ട്. ഇതില്‍ 3,59,74,660 രൂപ കിട്ടാനുള്ളതാണ്. 20,60,10,471 രൂപയുടെ ബാധ്യതയാണ് അന്‍വറിനുള്ളത്.

എം. സ്വരാജ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിന് സ്ഥാവര ആസ്തിയായി 62,50,000 രൂപയും ഭാര്യ സരിതാ മേനോന് 20 ലക്ഷവുമുണ്ട്. വാഹനങ്ങളുള്‍പ്പെടെ 1,39,988 രൂപയുടെ ജംഗമവസ്തുക്കളുണ്ട്. ഭാര്യക്ക് ഇതേയിനത്തില്‍ 74,91,206 രൂപയുടെ വസ്തുക്കളുണ്ട്. സ്വരാജിന് ഒന്‍പതുലക്ഷം രൂപയുടെയും ഭാര്യക്ക് 25,46,750 രൂപയുടെയും ബാധ്യതയുണ്ട്. സ്വരാജിനും ഭാര്യക്കുമായി ഫോര്‍ഡ് ഫിഗോ കാറും ജീപ് മെറിഡിയന്‍ ലോഗിറ്റിയൂഡ് പ്ലസ് വാഹനവുമുണ്ട്.

ആര്യാടന്‍ ഷൗക്കത്ത്

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പേരില്‍ 2,06,977 രൂപയുടെ ബാങ്ക് നിക്ഷേപവും ഭാര്യക്ക് 39,302 രൂപയുടെ നിക്ഷേപവുമുണ്ട്. ഭാര്യയുടെ പേരില്‍ ആറുലക്ഷത്തിന്റെ കാറും 71,48,000 രൂപ മൂല്യമുള്ള 800 ഗ്രാം സ്വര്‍ണവുമുണ്ട്. ഷൗക്കത്തിന് ആകെ 2,18,977 രൂപയുടെയും ഭാര്യയുടെ പേരില്‍ 83,75,302 രൂപയുടെയും വസ്തുക്കള്‍ കൈയിലുണ്ട്. ഭാര്യക്ക് 21.28 ഏക്കര്‍ ഭൂമിയുണ്ട്. 6,65,00,000 രൂപയുടെ മറ്റു ഭൂമിയും ഇവര്‍ക്കുണ്ട്. താമസിക്കുന്ന കെട്ടിടത്തിന് ഒരുകോടിയുടെ മൂല്യമുണ്ട്. ഷൗക്കത്തിന് 71,82,444 രൂപയുടെ ബാധ്യതയുണ്ട്. ഭാര്യക്ക് 1,49,13,891 രൂപയുടെ ബാധ്യതയുണ്ട്.

മോഹന്‍ ജോര്‍ജ്

എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന് പണം, ബാങ്ക്, കിട്ടാനുള്ളത്, ബാങ്ക് പലിശ എന്നിങ്ങനെയുള്ള ഇനത്തില്‍ 46,90,769 രൂപയുടെയും ഭാര്യ ടി. ബീനയുടെ പേരില്‍ 1,12,71,583 രൂപയുടെയും മൂല്യമുണ്ട്. ബാങ്കുകളില്‍ 3,25,769 രൂപ മോഹന്‍ ജോര്‍ജിന്റെയും 68,45,500 രൂപ ഭാര്യയുടെയും പേരില്‍ നിക്ഷേപമുണ്ട്.

Content Highlights: Detailed analysis of assets and liabilities declared by candidates contesting the Nilambur bypoll